ഇഷ്‌ട നമ്പരിന് വാരിയെറിഞ്ഞത് 5.30 ലക്ഷം രൂപ, KL-05-BB-7777 നമ്പർ സ്വന്തമാക്കി കോട്ടയത്തിന്റെ 'ഗോൾഡൻ അച്ചായൻ'
കോട്ടയംകാർക്ക് അച്ചായൻസ് ഗോൾഡിലെ ടോണിച്ചായൻ എന്ന് പറഞ്ഞാൽ അവരുടെ സുഹൃത്തും സഹോദരനുമാണ്. സ്വർണവ്യാപാരത്തിൽ തൻ്റേതായ ഒരു ഇടം സൃഷ്ടിച്ച ടോണി ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുന്നിൽ തന്നെയുണ്ട്. ഏതൊരാളും തൻ്റെ മുന്നിൽ ഒരു ആവശ്യവുമായി എത്തിയാൽ ഒരിക്കലും അദ്ദേഹം നിരാശപ്പെടുത്താറില്ല. തനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് സമൂഹത്തിൽ ബുദ്ധിമുട്ടുന്നവർക്ക് നൽകുന്നതിനേക്കാൾ പുണ്യം മറ്റൊന്ന് ഉണ്ടെന്ന് വിശ്വസിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഇപ്പോൾ ടോണിച്ചായൻ വാർത്തയിൽ ഇടം പിടിച്ചിരിക്കുന്നത് തൻ്റെ വാഹനത്തിന് ഇഷ്ടനമ്പർ റെക്കോർഡ് തുകയ്ക്ക് ലേലം പിടിച്ചതിനാണ്. 7777 നമ്പർ സീരിസുളള കിയ കാർണിവർ കോട്ടയംകാർക്ക് കാണാപാഠമാണ്.
താൻ പുതിയതായി സ്വന്തമാക്കിയ ബിഎംഡബ്ല്യു X7 -ന് വേണ്ടിയാണ് റെക്കോർഡ് വിലയ്ക്ക് KL-05-BB-7777 എന്ന സീരിസ് സ്വന്തമാക്കിയിരിക്കുന്നത്. കിയ കാർണിവലിന് വേണ്ടി എട്ട് ലക്ഷം രൂപ മുടക്കിയായിരുന്നു നമ്പർ സ്വന്തമാക്കിയതെങ്കിൽ പുതിയ വാഹനത്തിന് വേണ്ടി 5.30 ലക്ഷം രൂപയാണ് ചിലവാക്കിയത്. കോട്ടയെത്തെ ആർടിഒ ഓഫീസിൽ വച്ച് നടന്ന ലേലം വിളിയിൽ കോട്ടയത്തെ മീനാക്ഷി ലോട്ടറി സെൻ്റർ ഉടമ മുരുകേശനെ മലത്തിയടിച്ചു കൊണ്ടാണ് ഇഷ്ടനമ്പർ സ്വന്തമാക്കിയത്.

ടോണിയുടെ വാഹനത്തിൻ്റെ വിശേഷങ്ങളിലേക്ക് വന്നാൽ കുറച്ച് നാളുകളായി കോട്ടയത്തെ റോഡുകളിലൂടെ ഒരു മഞ്ഞ ബിഎംഡബ്ല്യു X7 പോകുന്നത് കാണാത്തവരായി ആരും തന്നെ കാണില്ല. രണ്ട് വേരിയന്റുകളിലായി എത്തുന്ന ലക്ഷ്വറി കാറിന് 1.22 കോടി മുതൽ 1.24 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. നിരത്തിലെത്തുമ്പോൾ ഏതാണ്ട് 1.57 കോടി രൂപയോളം വാഹനത്തിന് ചെലവ് വരുമെന്നാണ് റിപ്പോർട്ട്.
മിനറൽ വൈറ്റ്, ബ്ലാക്ക് സഫയർ, കാർബൺ ബ്ലാക്ക് എന്നിങ്ങനെ മൊത്തം അഞ്ച് കളർ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്. ഇതുകൂടാതെ ദ്രാവിറ്റ് ഗ്രേ, ടാൻസാനൈറ്റ് ബ്ലൂ എന്നിങ്ങനെ രണ്ട് എക്സ്ക്ലൂസീവ് നിറങ്ങളിലും ബിഎംഡബ്ല്യു X7 ഫെയ്‌സ്‌ലിഫ്റ്റ് തെരഞ്ഞെടുക്കാനാവും. കറുപ്പ് നിറത്തിൽ ചായം പൂശിയ മുൻവശത്തെ വലിയ കിഡ്‌നി ഗ്രില്ലാണ് ഡിസൈനിലെ പ്രധാന ഹൈലൈറ്റ്. ഇന്റീരിയറിൽ എക്‌സ്‌ക്വിസൈറ്റ് ലെതർ മെറിനോ അപ്‌ഹോൾസ്റ്ററി ടാർട്ടുഫോ, ഐവറി വൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ വ്യത്യസ്‌ത നിറങ്ങളിലും സ്വന്തമാക്കാം.

ഇതോടൊപ്പം പുനർരൂപകൽപ്പന ചെയ്ത സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ. ക്രോമിൽ അലങ്കരിച്ച എയർ വെന്റുകൾ, 3D ടെയിൽലൈറ്റുകൾ എന്നിവയും വാഹനത്തിന്റെ ലക്ഷ്വറി ഫീൽ ഉയർത്തുന്നുണ്ട്. ക്യാബിനിനുള്ളിൽ ബിഎംഡബ്ല്യു കർവ്ഡ് ഡിസ്പ്ലേ, ആംബിയന്റ് ലൈറ്റ് ബാർ, സ്കൈ ലോഞ്ച് പനോരമിക് ഗ്ലാസ് സൺറൂഫ് തുടങ്ങിയവയാണ് പുതിയ ബിഎംഡബ്ല്യു X7 എസ്‌യുവിയിലെ പ്രധാന സവിശേഷതകൾ.
3.0 ലിറ്റർ, ഇൻലൈൻ-സിക്‌സ് സിലിണ്ടർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ബിഎംഡബ്ല്യു X7 എസ്‌യുവിക്ക് തുടിപ്പേകുന്നത്. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയാണ് ഇവ വരുന്നത് എന്നതും ഹൈലൈറ്റാണ്. മോഡലിന്റെ പെട്രോൾ യൂണിറ്റ് 381 bhp കരുത്തിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ലക്ഷ്വറി എസ്‌യുവിക്ക് 0-100 കിലോമീറ്റർ വേഗത വെറും 5.8 സെക്കൻഡിൽ കൈവരിക്കാനാവും.

അതേസമയം മറുവശത്ത് ഡീസൽ എഞ്ചിന് 340 bhp പവറിൽ 700 Nm torque വരെ നൽകാനാവും. എസ്‌യുവിയുടെ ഡീസൽ പതിപ്പിന് 5.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്. രണ്ട് എഞ്ചിനുകളും xDrive ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തിനൊപ്പം 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.
ടോണിയുടെ മറ്റൊരു വാഹനമെന്ന് പറയുന്നത് കിയ കാർണിവലാണ്. ആദ്യം സൂചിപ്പിച്ചിരുന്നത് പോലെ കിയ കാർണിവലിന് വേണ്ടി സംസ്ഥാനത്തെ തന്നെ റെക്കോർഡ് തുകയ്ക്കായിരുന്നു സ്വന്തമാക്കിയത്. കാറില്‍ ചാരി നിന്നതിന് യുവാവ് ഇതര സംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനെ ചവിട്ടിയ സംഭവം ആരും മറക്കാൻ സാധ്യതയില്ല, അന്ന് പരിക്കേറ്റ കുഞ്ഞിനെ തൻ്റെ കിയ കാർണിവലിൽ കയറ്റി ഒരു യാത്ര നടത്തിയിരുന്നു. ടോണി വര്‍ക്കിച്ചന്റെ ആഡംബര എംപിവിയില്‍ ഗണേഷും കുടുംബവും കോഴിക്കോട് നഗരത്തിലൂടെ മണിക്കൂറുകളോളം ചുറ്റിയടിച്ചു. സണ്‍റൂഫിന് വെളിയില്‍ വന്ന് ഗണേഷും സഹോദരനും നഗരക്കാഴ്ചകള്‍ ആസ്വദിക്കുന്ന വീഡിയോ വൈറലായിരുന്നു.


Click it and Unblock the Notifications








