സ്വന്തമായി റേസിംഗ് ടീമുണ്ട്, എന്നിട്ടും തമിഴകത്തിന്റെ 'തല' വന്ന കാര്‍ കണ്ടോ? ഇത്ര സിംപിളാണോയെന്ന് ഫാന്‍സ്
കോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള നടന്‍ ആരെന്ന് ചോദിച്ചാല്‍ 2K കിഡ്‌സ് പറയുന്ന ഉത്തരം വിജയ്‌യോ രജനീകാന്തോ ആയിരിക്കും. എന്നാല്‍ ഒരിക്കല്‍ എങ്കിലും തമിഴ്‌നാട്ടിലെ ഏതെങ്കിലും സ്ഥലത്ത് ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്തവര്‍ക്ക് അവിടെ അജിത് കുമാറിന്റെ (Ajith Kumar) ഫാന്‍ പവര്‍ അറിയുമായിരിക്കും. ആരാധകര്‍ സ്‌നേഹത്തോടെ തല എന്ന് വിളിക്കുന്ന അജിത്ത് ഫാന്‍സ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കുന്ന ആളേ അല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സ്വന്തം ഫാന്‍സ് അസോസിയേഷനുകള്‍ പിരിച്ചുവിട്ട സൂപ്പര്‍ താരമാണ് അദ്ദേഹം. മുമ്പ് തലൈവി ജയലളിതയുടെ പിന്‍ഗാമിയായി വരെ വാഴ്ത്തപ്പെട്ട അജിത്തിന് പക്ഷേ സിനിമയുടെ ഗ്ലാമറിനോട് ഒട്ടും താല്‍പര്യമില്ല.
സിനിമ തൊഴിലായി മാത്രം കാണുന്ന അജിത്തിന്റെ പാഷന്‍ റേസിംഗ് ആണ്. പൊതുമധ്യത്തില്‍ വളരെ വിരളമായി മാത്രം പ്രത്യക്ഷപ്പെടുന്ന അജിത്ത് സിനിമ പ്രമോഷനുകള്‍ക്കോ അഭിമുഖങ്ങള്‍ക്കോ പോകാറില്ല. എന്നാല്‍ തല ഒരു പരിപാടിയില്‍ പങ്കെടുത്താല്‍ അന്ന് രസികര്‍കള്‍ക്ക് പൊങ്കല്‍ ആണ്. അത്തരത്തില്‍ ഒരു ദിവസമായിരുന്നു ഇക്കഴിഞ്ഞ വെള്ളിയാഴ്ച. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിട്ടപ്പോള്‍ കാണിയായി അജിത്തും ഗ്യാലറിയില്‍ ഉണ്ടായിരുന്നു.

അജിത്തിനൊപ്പം ഭാര്യ ശാലിനിയും നടന്‍ ശിവകാര്‍ത്തികേയനും കുടുംബവുമെല്ലാം മത്സരം കാണാന്‍ ചെന്നൈയില്‍ എത്തിയിരുന്നു. മകനും മകളുമടക്കം കുടുംബമായി എത്തിയ അജിത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി. അജിത്തിന്റെ ഏറ്റവും പുതിയ സിനിമയായ ഗുഡ് ബാഡ് അഗ്ലിയിലെ മാസ് ബിജിഎമ്മിന്റെ അകമ്പടിയില്‍ നിരവധി വീഡിയോസ് ആരാധകര്‍ പടച്ചുവിട്ടു. അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിയ ഗുഡ് ബാഡ് അഗ്ലിയോടൊപ്പം 'തല ദര്‍ശനം' കൂടി കിട്ടിയ സന്തോഷത്തിലായിരുന്ന ആരാധകര്‍.
ഇതിനിടെ ചെപ്പോക്കിലെത്തിയ അജിത്തിന്റെ ഒരു വീഡിയോ വൈറലാകാന്‍ കാരണം ഒരു കാര്‍ ആയിരുന്നു. സ്വന്തമായി റേസിംഗ് ടീം അടക്കമുള്ള അജിത് പക്ഷേ ഒരു സാധാരണ ടൊയോട്ട കാറിലാണ് മത്സരം കാണാന്‍ എത്തിയത്. കുടുംബത്തോടൊപ്പം ക്രിക്കറ്റ് മത്സരം കാണാന്‍ നടന്‍ അജിത്ത് പഴയ തലമുറ ടൊയോട്ട ഇന്നോവ കാറിലാണ് എത്തിയത്.

രാജ്യത്തെ സെലിബ്രിറ്റികള്‍, രാഷ്ട്രീയക്കാര്‍, വന്‍കിട ബിസിനസുകാര്‍ എന്നിവര്‍ ഈ കാര്‍ വ്യാപകമായി ഉപയോഗിക്കുന്നു. യാത്രാസുഖവും ആഡംബര സവിശേഷതകളും നിറഞ്ഞ കാര്‍ പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മോഡല്‍ ആണ്. ഹൈ-എന്‍ഡ് കാറുകള്‍ ഉള്ളവര്‍ പോലും തങ്ങളുടെ ദൈനംദിന യാത്രകള്‍ക്കായി ഇന്നോവയാണ് ഉപയോഗിക്കുന്നത്. സമാനമായ രീതിയിലാണ് അജിത്തും ഗരാജിലെ ലക്ഷ്വറി കാറുകള്‍ മാറ്റിവെച്ച് കളി കാണാന്‍ ഇന്നോവയില്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്.
പുതുതലമുറ ടൊയോട്ട ഇന്നോവ ക്രിസ്റ്റ 23.85 ലക്ഷം മുതല്‍ 31.86 ലക്ഷം രൂപ വരെയാണ് വില. ഈ കാര്‍ ആകെ 7 വ്യത്യസ്ത വേരിയന്റുകളിലാണ് വില്‍ക്കുന്നത്. 7 സീറ്റര്‍, 8 സീറ്റര്‍ ഓപ്ഷനുകളിലാണ് ഈ കാര്‍ വില്‍ക്കുന്നത്. സൂപ്പര്‍ വൈറ്റ്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, പ്ലാറ്റിനം വൈറ്റ് പേള്‍, അവന്റ് ഗാര്‍ഡ് ഫ്രാന്‍സ് മെറ്റാലിക്, സില്‍വര്‍ മെറ്റാലിക് എന്നിവയുള്‍പ്പെടെ ആറ് പെയിന്റ് ഓപ്ഷനുകളിലാണ് ഈ കാര്‍ വില്‍ക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എംപിവികളില്‍ ഒന്നാണ് ഇന്നോവ ക്രിസ്റ്റ. ഇതിന്, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള സവിശേഷതകളും ലഭിക്കുന്നു. ഈ കാറിന് ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ മാത്രമേയുള്ളൂ. 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പ്രീമിയം എംപിവിക്ക് തുടിപ്പേകുന്നത്. 148 bhp പവറും 343 Nm ടോര്‍ക്കും നല്‍കാന്‍ കഴിയുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.
മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് നിലവില്‍ ക്രിസ്റ്റ ലഭ്യമാകുന്നത്. ലിറ്ററിന് 13 കിലോമീറ്ററിന് മുകളില്‍ ഈ കാറിന് മൈലേജ് ലഭിക്കുമെന്ന് പറയപ്പെടുന്നു. ഈ കാറില്‍ ഇബിഡിയുള്ള എബിഎസ്, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവയടക്കമുള്ള സേഫ്റ്റി ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഈ കാറില്‍ ഒരു ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് സവിശേഷതയുണ്ട്. ഏഷ്യന്‍ NCAP ക്രാഷ് ടെസ്റ്റില്‍ ഈ കാറിന് 5 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.
കാറുകളോട് അടങ്ങാത്ത അഭിനിവേശം കാത്തുസൂക്ഷിക്കുന്ന അജിത്തിന്റെ പക്കല്‍ വില കൂടിയ നിരവധി കാറുകള്‍ ഉണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ദുബായ്‌യില്‍ വെച്ച് ഒരു ഫെറാറി സ്വന്തമാക്കിയിരുന്നു. ലംബോര്‍ഗിനി, മെര്‍സിഡീസ് ബെന്‍സ്, ലാന്‍ഡ് റോവര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ കാറുകളും ധാരാളം ബൈക്കുകളും സ്വന്തമായുണ്ട്. എങ്കിലും ഐപിഎല്‍ മാച്ച് പോലെ ആളുകള്‍ കൂടുന്ന സ്ഥലത്ത് സാധാരണ കാറില്‍ പ്രത്യക്ഷപ്പെട്ടത് അജിത്തിന്റെ ലാളിത്യത്തിന്റെ മറ്റൊരു തെളിവായാണ് ആരാധകര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.


Click it and Unblock the Notifications








