മകളുടെ കല്ല്യാണത്തിന് പകിട്ടേകാൻ കോടികൾ വിലയുളള ആഡംബര ബസ്, ചർച്ചയായി സുരേഷ് ഗോപിയുടെ പുത്തൻ കാരവാൻ
അടുത്തിടെ ഏറെ ചർച്ചയായിരുന്ന വിഷയമായിരുന്നു മലയാള സിനിമയിലെ സൂപ്പർസ്റ്റാറും അത് പോലെ മുൻ രാജ്യസഭാംഗവും ബിജെപി നേതാവുമായ സുരേഷ്ഗോപിയുടെ മകളുടെ കല്ല്യാണം. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പങ്കെടുത്ത കല്ല്യാണം വളരെ ആർഭാടപൂർവ്വമായിട്ടാണ് നടന്നത്. ഇന്നും ചൂടൻ ചർച്ചയായി നിൽക്കുന്ന സ്വർണതളികയും സ്വർണകിരീടത്തിൻ്റേയും വിഷയത്തോടൊപ്പം വീണ്ടും സുരേഷ് ഗോപി വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. മകളുടെ കല്ല്യാണത്തിന് വേണ്ടി താരം വാങ്ങിയ പുതിയ കാരവാൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഗുരുവായൂരിൽ വിവാഹത്തിനെത്തിയ താരകുടുംബത്തിന് വിശ്രമിക്കുന്നതിന് വേണ്ടിയാണ് ഈ പുതിയ കാരവാനും എത്തിച്ചത്. കേരളത്തിലെ ഏറ്റവും മികച്ച കാരവാൻ നിർമാതാക്കളായ ഓജസ് ഓട്ടോമൊബൈല്‍സാണ് താരത്തിന് വേണ്ടിയുളള കാരവാൻ നിർമിച്ചിരിക്കുന്നത്. ഇതിന് മുൻപും താരത്തിൻ്റെ കാരവാൻ ഇവർ തന്നെയാണ് നിർമിച്ചിരുന്നത്. സുരേഷ് ഗോപിയുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് നിരവധി കസ്റ്റമൈസേഷനുകളും കാരവാനിൽ വരുത്തിയിട്ടുണ്ട്.

കാരവാൻ്റെ വിശേഷങ്ങളിലേക്ക് കൂടുതൽ നോക്കിയാൽ പേള്‍ വൈറ്റ് നിറമാണ് സുരേഷ് ഗോപിയുടെ കാരവാന് നൽകിയിരിക്കുന്നത്. ഹെഡ്‌ലൈറ്റ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിൽ എല്ലാം ബ്ലാക്ക് ഇൻസേർട്ടുകളാണ് നൽകിയിരിക്കുന്നത്. ഓജസ് ഓട്ടോമൊബൈൽസിൻ്റെ സ്റ്റേറ്റ്‌സ് മാന്‍ ഡിസൈനിലാണ് ഈ കാരവാൻ്റെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. കാരവാൻ്റെ മുന്നിൽ എസ്.ജി. എന്ന ഇല്ലുമിനേറ്റ് ചെയ്യുന്ന ലോഗോയും വശങ്ങളിൽ എസ്‌ജി എന്ന് എഴുതിയിട്ടും ഉണ്ട്. പിന്നിലൂടേയും വശങ്ങളിൽ നിന്നും വാഹനത്തിൻ്റെ അകത്തേക്ക് പ്രവേശിക്കാനുളള സംവിധാനം ഒരുക്കിയിട്ടുണ്ട്.
വശങ്ങളിൽ സ്ലൈഡ് ഔട്ട് സ്റ്റെപ്പാണ് നൽകിയിരിക്കുന്നത്. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ് കൂടി ചേരുന്നതോടെ വാഹനത്തിൻ്റെ പുറത്ത് നിന്നുളള ലുക്ക് കൂടുതൽ ഭംഗിയുളളതാക്കുന്നു. അകത്തേക്ക് നോക്കിയാൽ ആഡംബരത്തിൻ്റെ അവസാന വാക്ക് എന്ന് പറയുന്ന് റോൾ റോയ്സിലുളള സ്റ്റാര്‍ ലൈറ്റ് മൂഡ് ലൈറ്റിങ്ങുകളാണ് കാരവാനിൽ ഒരുക്കിയിരിക്കുന്നത്. സാധാരണ കാരവാനിലെ പോലെ ടിവി അല്ല പകരം പ്രൊജക്ടർ സ്ക്രീനാണ് നൽകിയിരിക്കുന്നത്. മീറ്റിങ്ങ് റൂം, ബെഡ്‌റൂം, മേക്ക്അപ്പ് റൂം, ടോയിലറ്റ് തുടങ്ങിയ സൗകര്യങ്ങളാണ് അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഭാരത് ബെന്‍സിന്റെ 1017 BS6 ഷാസിയിലാണ് താരത്തിൻ്റെ കാരവാന്‍ നിര്‍മിച്ചിരിക്കുന്നത്. 3907 സി.സി. ഫോർ സിലിണ്ടര്‍ ഫോര്‍ ഡി 34ഐ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്ത് നൽകുന്നത്. 170 BHP പരമാവധി പവറും 520 NM ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. താരത്തിന് വേണ്ടി കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈല്‍സ് ഇതിന് മുൻപ് രണ്ട് കാരവാനുകൾ നിർമിച്ചു നൽകിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദമ്പതികൾക്ക് മാലകൾ സമ്മാനിക്കുകയും, നവദമ്പതികളെ ആശീർവദിക്കുകയും ചെയ്തു. മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങി മലയാള സിനിമയിലെ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ഗുരുവായൂരിൽ രാവിലെ മുതൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. കല്ല്യാണത്തിന് മുൻപ് താരകുടുംബം തൃശൂർ ലൂർദ്ദ് മാതാ പളളിയിൽ സ്വർണകിരീടം നേർച്ചയായി നൽകിയിരുന്നു. അതിനെ ചൊല്ലിയുളള വാർത്തകളും പ്രതികരണങ്ങളും നടന്ന് കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ പെരുന്നാളിന് ലൂർദ് പള്ളിയിൽ എത്തിയപ്പോഴാണ് സുരേഷ് ഗോപി മാതാവിന് സ്വർണ്ണകിരീടം സമർപ്പിക്കാമെന്ന് നേർച്ച നൽകുകയായിരുന്നു. തുടർന്നാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് അദ്ദേഹം സ്വർണ്ണകിരീടം സമർപ്പിച്ചത്. കിരീടം സമർപ്പിക്കാൻ ലൂർദ് പള്ളിയിൽ സുരേഷ് ഗോപിയോടൊപ്പം ഭാര്യയും മകളും തൃശൂരിലെ മറ്റു ബിജെപി നേതാക്കളും എത്തിയിരുന്നു.
സ്വർണ്ണക്കിരീടം സമർപ്പിക്കാനെത്തിയ സുരേഷ് ഗോപിയെയും സംഘത്തെയും പള്ളി വികാരി നേരിട്ടെത്തി സ്വീകരിച്ച് പള്ളിക്കുള്ളിലേക്ക് ആനയിക്കുകയായിരുന്നു. തുടർന്ന് സുരേഷ് ഗോപി മാതാവിൻ്റെ തിരുരൂപത്തിന് മുന്നിൽ സ്വർണ്ണ കിരീടം സമർപ്പിച്ച് പ്രാർത്ഥിച്ചു. പ്രാർത്ഥനാ ചടങ്ങിനു ശേഷം സുരേഷ് ഗോപി താൻ കൊണ്ടുവന്ന സ്വർണ്ണ കിരീടം വികാരിക്ക് കൈമാറുകയും അദ്ദേഹം മാതാവിൻ്റെ രൂപത്തിൽ വച്ചപോഴാണ് അത് താഴേക്ക് പോയത്. ക്യാമറ തട്ടിയാണ് കിരീടം താഴെ വീണതെന്ന് ഒക്കെയുളള പ്രതികരണവും വീഡിയോകളും വരുന്നുണ്ട്. നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ പങ്കുവയ്ക്കാൻ മറക്കരുതേ.


Click it and Unblock the Notifications








