ഒരു മര്യാദ വേണ്ടേ! 'വണ്ടിയൊക്കെ ആവുമ്പോ തട്ടും'; മദ്യലഹരിയിൽ കാറോടിച്ച് അപകടം, നടൻ ബൈജു അറസ്റ്റിൽ
റോഡിൽ വാഹന അപകടങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഏതെങ്കിലും ഒരു ഡ്രൈവറുടെ പിഴയോ, രണ്ട് പേരുടേയും അശ്രദ്ധയോ, അല്ലെങ്കിൽ മറ്റ് എന്തെങ്കിലും മെക്കാനിക്കൽ/ സാങ്കേതിക തകരാറുകൾ മൂലമോ അപകടങ്ങൾ സംഭവിക്കാം. എന്നാൽ മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടായാൽ അതിനെ നമുക്ക് അത്ര നിസാരമായി കാണാനോ ന്യായികരിക്കാനോ കഴിയില്ല.
നിയമവും ഇക്കാര്യത്തിൽ വളരെ കർശനമാണ്, ഇത്തരം ഒരു സാഹചര്യത്തിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് നടൻ ബൈജുവിനെതിരേ പൊലീസ് കേസെടുത്തു. ബ്രെത്തലൈസർ പരിശോധനയിൽ മദ്യത്തിന്റെ സാനിധ്യം തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്ഥിരീകരിച്ചിരുന്നു, എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ നടൻ അതിന് തയ്യാറായില്ലെന്നാണ് പുറത്തു വരുന്ന വിവരം.

പരിശോധനയുടെ ആവശ്യമില്ലാതെ തന്നെ ബൈജുവിന് മദ്യത്തിന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നു എന്ന് ഡോക്ടർമാർ പൊലീസിന് റിപ്പോർട്ട് നൽകി. നടൻ ബൈജുവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിലും വിട്ടയച്ചു. എന്നാൽ അപകടമുണ്ടായത് അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ മാധ്യമ പ്രവർത്തകരോട് താരം അല്പം രോക്ഷാകുലനാവുന്നത് ദൃശ്യങ്ങളിൽ കാണാം. വണ്ടിയാകുമ്പോൾ തട്ടും എന്നും ബൈജു പറയുന്നതുമുണ്ട്.
ഒരു നോർമൽ വാഹന അപകടത്തിന്റെ കാര്യത്തിൽ അദ്ദേഹം പറഞ്ഞത് ശരിയാണ്, വണ്ടിയാകുമ്പോൾ തട്ടും...എന്നാൽ മദ്യ ലഹരിയിലാണേൽ അതിന് ഉത്തരവാദി ആരാണ്? ഇക്കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം പറയാം. വിവരമറിഞ്ഞ് എത്തി സംഭവ സ്ഥലത്തെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് ഇടയിലാണ് ബൈജു ചാനൽ ജീവനക്കാർക്കെതിരേ തട്ടിക്കയറിയത്.

'സംഭവം എന്താണ്? വണ്ടി ഒക്കെ ആകുമ്പം തട്ടും. അതിന് കുഴപ്പം എന്താ? നിങ്ങക്ക് അതൊക്കെ വല്യ വാർത്തയാണോ? ഇതൊന്നും കണ്ട് ഞാൻ പേടിക്കില്ല. വേറെ ആളെ നോക്കണം' ഇതായിരുന്നു മാധ്യമപ്രവർത്തകർക്ക് നേരെ കയർത്തുകൊണ്ട് നടൻ ബൈജു പറഞ്ഞ ഡയലോഗ്. സംഭവം മാസ് തന്നെ, ഈ ഡയലോഗിലാണ് ഈ സംഭവം ഇത്രയും ജനശ്രദ്ധ ആകർഷിച്ചതും.
സംഭവത്തിന്റെ രത്നചുരുക്കം ഇങ്ങനെയാണ്, ഞായറാഴ്ച രാത്രി 11.45 -ഓടെ വെള്ളയമ്പലത്ത് വെച്ചാണ് നടൻ ബൈജുവിന്റെ കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് അപകടമുണ്ടാകുന്നത്. ശാസ്തമംഗലം ഭാഗത്ത് നിന്നാണ് ബൈജു കാറിൽ വന്നത്. സ്കൂട്ടർ യാത്രികൻ വരുന്നത് കവടിയാർ ഭാഗത്ത് നിന്നുമാണ്. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന നടൻ ബൈജു തന്റെ വാഹനം അവിടേക്ക് തിരിക്കാൻ തുടങ്ങിയപ്പോഴാണ് റോഡ് നിർമാണത്തിനുവേണ്ടി ബ്ലോക്ക് ചെയ്തിരിക്കുന്നതും വഴിതിരിച്ചുവിടണം എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നതും കണ്ടെത്തിയയത്.
പെട്ടെന്നു തന്നെ അദ്ദേഹം വെപ്രാളത്തിൽ കാർ തിരിച്ചപ്പോൾ വാഹനം നിയന്ത്രണംവിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അതിനുശേഷം സിഗ്നൽ പോസ്റ്റിലും വീണ്ടും മറ്റൊരു പോസ്റ്റിലിടിച്ചതിനും ശേഷമാണ് ബൈജുവിന്റെ ഔഡി കാർ നിന്നത്. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 -ാം വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ 185 -ാം വകുപ്പ് പ്രകാരവുമാണ് നടൻ ബൈജുവിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. നടൻ ചോദിച്ചതു പോലെ ഇതൊക്കെ വല്യ വാർത്തയാണോ എന്ന് നിങ്ങളിൽ പലരും ചിന്തിച്ചേക്കാം.
വല്യ പ്രൈംടൈം വാർത്തയല്ല, എന്നിരുന്നാലും ദൈനംദിനം നമ്മുടെ ജീവിതത്തിൽ നാം പാലിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചും റോഡ് നിയമങ്ങളെ കുറിച്ചും ഒരു അവബോധം ഇതിലൂടെ നൽകാനുണ്ട്. ഒന്നാമതായി മദ്യപിച്ചതിനു ശേഷം വാഹനം ഓടിക്കാതിരിക്കുക, നാം എത്ര വല്യ എക്സ്പേർട്ട് ഡ്രൈവറാണ് എങ്കിലും അല്പം മദ്യം എങ്കിലും കഴിച്ചിട്ടുണ്ടേൽ നമുക്ക് വാഹനം എടുക്കാതിരിക്കാം. റോഡിൽ നമ്മൾ മാത്രമല്ല മറ്റുള്ളവരുമുണ്ട് എന്നും കൂടെ ചിന്തിക്കണം. ഭാഗ്യത്തിന് ഈ അപകടത്തിൽ കാര്യമായ നഷ്ടങ്ങൾ ഒന്നും ഉണ്ടായില്ല.


Click it and Unblock the Notifications








