65 വര്‍ഷം പഴക്കമുള്ള ഫിയറ്റ് 1100 കുട്ടപ്പനാക്കി കൊണ്ടുനടന്ന ധര്‍മേന്ദ്ര! ആദ്യ കാറാണെന്നതല്ല കേട്ടോ കാരണം...
ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മുംബൈയിലെ വസതിയിലായിരുന്നു ഡിസംബര്‍ 8-ന് 90-ാം പിറന്നാള്‍ ആഘോഷിക്കാനിരുന്ന താരത്തിന്റെ അന്ത്യം. 1960-കളില്‍ അരങ്ങേറ്റം കുറിച്ച ധര്‍മേന്ദ്ര ആറ് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ കരിയറില്‍ 300-ലേറെ സിനിമകളില്‍ വേഷമിട്ടു. ബോളിവുഡിന്റെ ഹീ-മാന്‍ എന്നറിയപ്പെടുന്ന ഇതിഹാസ താരത്തിന്റെ വിയോഗത്തില്‍ രാജ്യം മുഴുവന്‍ ആദരാജ്ഞലി അര്‍പ്പിക്കുകയാണ്. ധര്‍മേന്ദ്രയുടെ സിനിമകള്‍, കുടുംബങ്ങള്‍, രാഷ്ട്രീയം, വിവാദങ്ങള്‍ എന്നിവയോടൊപ്പം അദ്ദേഹത്തിന്റെ ഒരു കാറും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. മറ്റ് പല താരങ്ങളെയും പോലെ ധര്‍മ്മേന്ദ്രയുടെ ശേഖരത്തിലും ആഡംബര കാറുകളുണ്ടെങ്കിലും അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ ഒരു കാര്‍ ഉണ്ട്.
തന്റെ ആദ്യ കാള്‍ എന്നതിലുപരി ആ ഫിയറ്റ് 1100 കാര്‍ ധര്‍മേന്ദ്ര ഇത്ര കണ്ട് സ്‌നേഹിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ധര്‍മ്മേന്ദ്ര 1960-ല്‍ വാങ്ങിയ ആ ഫിയറ്റ് കാറിന് 65 വര്‍ഷം പഴക്കമുണ്ട്. എങ്കിലും ഇപ്പോഴും അത് മികച്ച കണ്ടീഷനില്‍ അദ്ദേഹം നിലനിര്‍ത്തി പോരുകയായിരുന്നു. പല ബോളിവുഡ് താരങ്ങളെയും പോലെ കരിയറിന്റെ കാര്യത്തില്‍ ധര്‍മേന്ദ്രക്കും വലിയ ഉറപ്പില്ലായിരുന്നു.

മെച്ചപ്പെട്ട വരുമാനം ലഭിച്ചുതുടങ്ങിയപ്പോള്‍ 18,000 രൂപ മുടക്കിയാണ് അദ്ദേഹം അന്ന് ഫിയറ്റ് 1100 വാങ്ങിയത്. തനിക്ക് എത്രനാള്‍ സിനിമയില്‍ തുടരാന്‍ കഴിയുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് അത്ര ഉറപ്പില്ലായിരുന്നു. അതുകൊണ്ട് തന്നെ ഷൂട്ടിങ്ങിന് പോകാനുള്ള വാഹനം എന്നതിലുപരി മറ്റൊരു പ്ലാന്‍ കൂടി ധര്‍മേന്ദ്രയുടെ മനസ്സിലുണ്ടായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ കുറയുകയാണെങ്കില്‍ മുംബൈയില്‍ ടാക്‌സി ഓടിയെങ്കിലും ഉപജീവനം നടത്താമെന്നായിരുന്നു താരത്തിന്റെ മനസ്സില്‍.
ഭാഗ്യം കൊണ്ട് താന്‍ പ്രതീക്ഷിച്ച പോലെ അവസരങ്ങള്‍ കുറയുന്ന സാഹചര്യം നേരിടേണ്ടി വന്നിട്ടില്ലെന്ന് മാത്രമല്ല വെച്ചടി വെച്ചടി കയറ്റമായിരുന്നു. അതുകൊണ്ടുതന്നെ തന്റെ പ്രിയപ്പെട്ട ഫിയറ്റ് 1100 അദ്ദേഹം കൈവിട്ടുകളഞ്ഞില്ല. മുംബൈയിലെ തന്റെ വീടിന് പുറത്ത് ഫിയറ്റ് 1100-നൊപ്പമുള്ള ഒരു വീഡിയോ മുമ്പ് ധര്‍മ്മേന്ദ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കാറിനോടുള്ള അടുപ്പം കാരണം അത് മികച്ച രീതിയില്‍ പരിപാലിക്കുന്നുണ്ടെന്നും താന്‍ അതിനെ സുഹൃത്തിനെ പോലെയാണ് കാണുന്നതെന്നും ധര്‍മേന്ദ്ര പറഞ്ഞു.

തന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ല, ഈ കാറാണ് മറ്റാരെക്കാളും തന്റെ കരിയറിലെ ഉയര്‍ച്ച താഴ്ചകള്‍ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ ഒരുപാടായിട്ടും ഫിയറ്റ് റീസ്‌റ്റോര്‍ ചെയ്ത് കുട്ടപ്പനാക്കിയാണ് ധര്‍മേന്ദ്ര സൂക്ഷിച്ചത്. സാധാരണയായി കാണുന്ന ബ്ലാക്ക് അല്ലെങ്കില്‍ ഓഫ്-വൈറ്റ് നിറങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒലിവ് ഗ്രീന്‍, ബ്രോണ്‍സ് നിറങ്ങളിലാണ് കാര്‍ റീപെയിന്റ് ചെയ്തത്.
മുന്‍വശത്തെ ഗ്രില്ല്, ബമ്പര്‍, ബോഡിയുടെ മറ്റ് ഭാഗങ്ങളിലെ ക്രോം ആക്സന്റുകള്‍ എന്നിവ ബ്രോണ്‍സ് അല്ലെങ്കില്‍ കോപ്പര്‍ ആക്സന്റുകളില്‍ പെയിന്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ബോഡി പാനലുകള്‍ക്ക് ഒലിവ് ഗ്രീന്‍ നിറമാണ് നല്‍കിയിരിക്കുന്നത്. കാറിന്റെ ഇന്റീരിയറും റീസ്‌റ്റോര്‍ ചെയ്ത് പുത്തന്‍ ലുക്കിലാക്കിയിട്ടുണ്ട്. 36 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ള 1,089 സിസി, 4 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഫിയറ്റ് 1100-ന് കരുത്ത് പകരുന്നത്.
ഫിയറ്റ് 1100 കൂടാതെ, പഴയ തലമുറയിലെ റേഞ്ച് റോവര്‍, മെര്‍സിഡീസ് ബെന്‍സ് എസ്-ക്ലാസ് സെഡാന്‍ എന്നിവയുള്‍പ്പെടെ നിരവധി ആഡംബര കാറുകള്‍ അദ്ദേഹത്തിനുണ്ട്. ധര്‍മേന്ദ്രയുടെ മക്കളും നടന്‍മാരുമായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍ എന്നിവരും വാഹനപ്രേമികളാണ്. നിരവധി ഹൈ-എന്‍ഡ് കാറുകള്‍ ഇരുവരുടെയും ഗരാജിലുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








