2015 മുതല്‍ സിനിമയില്ല, ഫെറാറി വിറ്റ് പോളോ വാങ്ങാനുള്ള കാരണം എണ്ണിപ്പറഞ്ഞ് ബോളിവുഡ് നടന്‍
നടന്‍ ആമിര്‍ ഖാന്റെ അനന്തരവനാണ് ഇമ്രാന്‍ ഖാന്‍ (Imran Khan). മന്‍സൂര്‍ ഖാന്റെ 1988-ലെ റൊമാന്റിക് ചിത്രമായ ഖയാമത്ത് സേ ഖയാമത് തക്കിലും 1992-ലെ ജോ ജീതാ വോഹി സിക്കന്ദറിലും ആമിറിന്റെ ബാല്യകാലം അവതരിപ്പിച്ചായിരുന്നു വെള്ളിത്തിരയില്‍ അരങ്ങേറിയത്. 2008-ല്‍ ജെനീലിയ ഡിസൂസയ്ക്കൊപ്പം 'ജാനേ തു യാ ജാനേ നാ' എന്ന ചിത്രത്തിലൂടെയാണ് ഇമ്രാന്‍ നായകനായി അരങ്ങേറ്റം കുറിച്ചത്. ശേഷം ഐ ഹേറ്റ് ലവ് സ്‌റ്റോറീസ്, ഡല്‍ഹി ബെല്ലി, മേരേ ബ്രദര്‍ കി ദുല്‍ഹന്‍, ഏക് മേം ഓര്‍ ഇക് തുടങ്ങിയ ശ്രദ്ധേ ചിത്രങ്ങളുടെ ഭാഗമായി.
2015-ല്‍ പുറത്തിറങ്ങിയ കങ്കണ റണാവത്ത് അഭിനയിച്ച കട്ടി ബട്ടിയിലാണ് ഇമ്രാന്‍ അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ച് വരാന്‍ ഒരുങ്ങുന്ന ഇമ്രാന്റെ അഭിമുഖങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമയില്‍ നിന്ന് വിട്ടുനിന്ന കാലത്ത് തന്റെ മാനസികാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്നും വാസ്തുവിദ്യയിലും മറ്റും താല്‍പര്യമുണ്ടെന്നും ഇമ്രാന്‍ തുറന്ന് പറഞ്ഞിരുന്നു. ഇക്കാലത്ത് തന്റെ പല വില കൂടിയ വാഹനങ്ങളും ഉപേക്ഷിച്ച ശേഷം ഒരു കാര്‍ സ്വന്തമായി നവീകരിച്ച് പുതുക്കിപ്പണിത കാര്യവും അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിരുന്നു.

താന്‍ ഒരു വണ്ടിപ്രാന്തനാണെന്നും കാറുകളില്‍ ജോലി ചെയ്യുന്നതും ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് അവ സ്വയം പരിഷ്‌ക്കരിക്കുന്നതും താന്‍ ഇഷ്ടപ്പെടുന്നതായും ഇമ്രാന്‍ പറയുന്നു. ഇമ്രാന്റെ വണ്ടിക്കമ്പത്തിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ഫോക്‌സ്‌വാഗണ്‍ പോളോ ജിടി. ജര്‍മന്‍ ബ്രാന്‍ഡ് 2022-ല്‍ ഹോട്ട് ഹാച്ച് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചെങ്കിലും ഈ കാറിന്റെ ഫാന്‍ ഫോളോയിംഗ് കൂടുക മാത്രമാണ് ചെയ്തിരിക്കുന്നത്.
ബോളിവുഡ് നടന്‍മാരില്‍ പലരും സൂപ്പര്‍ കാറുകളില്‍ കറങ്ങുമ്പോള്‍ തന്റെ ഫെറാറി വിറ്റ് ഡ്രൈവിംഗ് പ്രേമികളുടെ ഇഷ്ട വാഹനമായ പോളോയിലേക്ക് മാറിയ ആളാണ് ഇമ്രാന്‍. താന്‍ എന്തുകൊണ്ടാണ് ഫെറാറി മാറ്റി പോളോയിലേക്ക് മാറിയതെന്ന് മാഷബില്‍ ഇന്ത്യ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ ഇമ്രാന്‍ പറയുന്നുണ്ട്. രേണുക കിര്‍പലാനിയുമായുള്ള സംഭാഷണത്തിനിടയില്‍ ഇമ്രാന്റെ വാഹനങ്ങളോടുള്ള അടങ്ങാത്ത സ്‌നേഹവും അഭിനിവേശവും പ്രകടമാണ്.

മുംബൈയിലെ തിരക്കേറിയ വീഥികളിലൂടെ ഫെറാറി കൊണ്ടുനടക്കുന്നത് തനിക്ക് ഏറെ ബുദ്ധിമുട്ടായിരുന്നുവെന്നും അതിനാലാണ് അത് വിറ്റ് പകരം പോളോ ജിടി വാങ്ങിയതെന്നാണ് ഇമ്രാന്‍ പറയുന്നത്. വാസ്തവത്തില്‍ ഇന്ത്യയിലെ DSG ട്രാന്‍സ്മിഷനുള്ള 1.2 ലിറ്റര്‍ മോഡലുകളില്‍ അവസാനത്തേതാണ് ഇത്. ലിമിറ്റഡ് എഡിഷന്‍ പോളോ ജിടിഐ വാങ്ങാനുള്ള അവസരം നഷ്ടപ്പെടുത്തിതില്‍ ഖേദമുണ്ടെങ്കിലും തന്റെ പോളോ ജിടിയെ ഒരു ഹോട്ട് ഹാച്ചാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഇമ്രാന്‍ പറയുന്നത്.
പോളോ ജിടിയില്‍ താന്‍ നടത്തിയ പരിഷ്‌കാരങ്ങള്‍ ഓരോന്നായി ഇമ്രാന്‍ എണ്ണിപ്പറയുന്നുണ്ട്. ഈ പോളോയ്ക്ക് സ്റ്റേറ്റ് 2 എഞ്ചിനും ഇസിയു ട്യൂണിംഗും ഉണ്ട്. ഹാന്‍ഡ്ലിംഗ് മെച്ചപ്പെടുത്തുന്നതിനായി സസ്‌പെന്‍ഷന്‍ സിസ്റ്റം മൊത്തത്തില്‍ മാറ്റുകയാണ് ആദ്യം ചെയ്തത്. എക്സ്ഹോസ്റ്റ് പൈപ്പിനൊപ്പം മുഴുവന്‍ എയര്‍ ഇന്‍ടേക്ക് സിസ്റ്റവും മാറ്റി. തല്‍ഫലമായി കാറിന്റെ എക്സ്ഹോസ്റ്റ് നോട്ട് കൂടുതല്‍ സ്‌പോര്‍ട്ടിയറായി മാറി.
സൗന്ദര്യ വര്‍ധക മാറ്റങ്ങളിലല്ല മറിച്ച കാറിന്റെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താനുളള മാറ്റങ്ങളാണ് ഇമ്രാന്‍ കാറില്‍ വരുത്തിയത്. ഹാച്ച്ബാക്കിന്റെ മൊത്തത്തിലുള്ള പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കാന്‍ യൂറോ-സ്‌പെക്ക് ഘടകങ്ങളാണ് ഇന്‍സ്റ്റാള്‍ ചെയ്തത്. വലിയ വീലുകള്‍ക്കൊപ്പം പാഡില്‍ ഷിഫ്റ്ററുകളും ചേര്‍ത്തു. അകത്തളത്തില്‍ സെന്‍ട്രല്‍ ക്യാബിന്‍ ലൈറ്റും ഹെഡ്‌ലൈറ്റ് സ്വിച്ചും മാറ്റിയതാണ് ഒരു മാറ്റം. ഹുഡിന് കീഴിലാണ് പ്രധാനമായും മാറ്റങ്ങളുള്ളത്. മലയാളത്തില്‍ എണ്ണംപറഞ്ഞ വാഹന പ്രേമികള്‍ ഉള്ള കാര്യം നമുക്കറിയാം.
എന്നാല്‍ ഒരു പെര്‍ഫോമന്‍സ് കാര്‍ വാങ്ങി ആളാകാന്‍ ആഗ്രഹിക്കുന്ന ആളല്ല മറിച്ച് തന്റെ കാറുകള്‍ സ്വന്തമായി നിര്‍മിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണെന്ന കാര്യമാണ് ഇമ്രാനെ വ്യത്യസ്തനാക്കുന്നത്. സെലിബ്രിറ്റികള്‍ക്കിടയില്‍ വാഹനങ്ങളോട് ഇത്രയേറെ താല്‍പര്യമുള്ളവരെ കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. സ്വന്തം കാറില്‍ ഇമ്രാന്‍ വരുത്തിയ മോഡിഫിക്കേഷനുകള്‍ ഒരു യഥാര്‍ത്ഥ വണ്ടിപ്രാന്തന്റെ അടയാളങ്ങളാണ്. കാരണം ലുക്കിനേക്കാള്‍ പെര്‍ഫോമന്‍സിനാണ് അദ്ദേഹം പ്രാധാന്യം കൊടുത്തിരിക്കുന്നത്.


Click it and Unblock the Notifications








