13 ഭാഷകളില്‍ അഭിനയിച്ച 'അതിശയന്‍'; കസ്റ്റം ഹൈലക്‌സ് വാങ്ങിയ മലയാളികളുടെ പ്രിയ നടനെ ഓര്‍മയുണ്ടോ?
ലോകത്തിലെ തന്നെ ഏറ്റവും പോപ്പുലറായ പിക്കപ്പ് ട്രക്കുകളില്‍ ഒന്നാണ് ടൊയോട്ട ഹൈലക്‌സ് (Toyota Hilux). 2022 മാര്‍ച്ചിലാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഈ മോഡല്‍ ഇന്ത്യയില്‍ എത്തിച്ചത്. ഇന്ത്യയില്‍ ഇത് 4×4 ഡബിള്‍-ക്യാബ് പിക്കപ്പ് ട്രക്കായി മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഓഫ്‌റോഡിംഗ് ഗൗരവത്തില്‍ എടുക്കുന്ന ലൈഫ്‌സ്‌റ്റൈല്‍/യൂട്ടിലിറ്റി വാഹനം തേടുന്നവരെയാണ് ഹൈലക്‌സ് ലക്ഷ്യം വെക്കുന്നത്. ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവിയുടെ അതേ എഞ്ചിന്‍ തന്നെയാണ് ഹൈലക്‌സിലും ഉപയോഗിച്ചിരിക്കുന്നത്. ഈ 2.8 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ 201 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. മാനുവല്‍ ഗിയര്‍ബോക്‌സ് വേരിയന്റ് 420 Nm ടോര്‍ക്കാണ് നല്‍കുന്നത്. ഇലക്ട്രോണിക് റിയര്‍ ലോക്കിംഗ് ഡിഫറന്‍ഷ്യലോടുകൂടിയ 4X4 സിസ്റ്റം, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് തുടങ്ങിയവ ഹൈലക്‌സിന്റെ ഓഫ്-റോഡിംഗ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. 7 എസ്ആര്‍എസ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ (വിഎസ്‌സി) എന്നിവയും കാറില്‍ സുരക്ഷയൊരുക്കുന്നു.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമായി ~700mm വാര്‍ട്ടര്‍വേഡിംഗ് കപാസിറ്റിയും ഇതിനുണ്ട്. ആപ്പിള്‍ കാര്‍പ്ലേ / ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ വരുന്നത്. ഉയര്‍ന്ന വേരിയന്റുകളില്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററി ലഭിക്കും. അതുപോലെ ചില ട്രിമ്മുകളില്‍ ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റും ലഭിക്കുന്നു.
നിലവില്‍ 28.02 ലക്ഷം രൂപ മുതലാണ് ഹൈലക്‌സിന്റെ വില ആരംഭിക്കുന്നത്. ബ്ലാക്ക് എഡിഷന്‍ മോഡലിന് 35.85 ലക്ഷം രൂപ വരെയാണ് വില വരുന്നത്. ഇന്ത്യയിലെ മറ്റ് ലൈഫ്‌സ്‌റ്റൈല്‍ പിക്കപ്പുകളെ അപേക്ഷിച്ച് വില വളരെ കൂടുതലായതിനാല്‍ ഹൈലക്‌സ് വളരെ അപൂര്‍വമായി മാത്രമേ നിരത്തില്‍ കാണാന്‍ കഴിയൂ. ഇന്ത്യയില്‍ ഹൈലക്‌സ് സ്വന്തമാക്കിയ ആദ്യത്തെ സെലിബ്രിറ്റി നടന്‍ അര്‍ഷാദ് വാര്‍സിയാണെന്നാണ് പറയപ്പെടുന്നത്.

ഇപ്പോള്‍ ബോളിവുഡിലേക്ക് മറ്റൊരു ഹൈലക്‌സ് കൂടി എത്തുകയാണ്. ആരാധകര്‍ സ്‌നേഹത്തോടെ 'ജഗ്ഗു ദാദ' എന്ന് വിളിക്കുന്ന ജാക്കി ഷ്രോഫ് ആണ് കസ്റ്റം ഹൈലക്‌സ് പിക്കപ്പ് തന്റെ വാഹന ശേഖരത്തില്‍ ചേര്‍ത്തത്. 1983-ല്‍ നായകനായ ആദ്യ സിനിമ 'ഹീറോ' ബ്ലോക്ക്ബസ്റ്ററാക്കി ബോളിവുഡില്‍ എത്തിയ ജാക്കി 1980 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ ഹിന്ദി സിനിമാ ലോകത്തെ വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളായിരുന്നു.
2000-ത്തിന് ശേഷം സഹനടന്‍, വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയ ജാക്കി ഇന്ത്യയില്‍ 13-ലധികം ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. വിനയന്റെ 'അതിശയന്‍' എന്ന ചിത്രത്തലൂടെ മോളിവുഡിലും എത്തിയിരുന്നു. മിക്ക ബോളിവുഡ് താരങ്ങള്‍ ആഡംബര വാഹനങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ വാഹനത്തിന്റെ കാര്യത്തിലും സ്വന്തം ചോയ്‌സ് ആയിരുന്നു ജാക്കി ഷ്രോഫിന്.

കസ്റ്റമൈസ് ചെയ്ത ഹൈലക്‌സ് നടന് ഡെലിവറി ചെയ്യുന്ന വീഡിയോ 'പൂന മോട്ടോഴ്സ് ഒഫീഷ്യല്‍' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. നടന്റെ കാര്‍ കസ്റ്റമൈസ് ചെയ്ത കടയുടെ പേജ് ആണ് ഇത്. ജാക്കി ഷ്രോഫിന്റെ കസ്റ്റമൈസ്ഡ് ഹൈലക്‌സ് കൈമാറാന്‍ പോകുകയാണെന്ന് വീഡിയോയുടെ തുടക്കത്തില്‍ തന്നെ കടയുടമ പറയുന്നുണ്ട്. നടന്റെ വസതിയില്‍ വെച്ചാണ് വാഹനം കൈമാറിയത്.ശേഷം ജാക്കി ഷ്രോഫ് മുന്‍ സീറ്റിലിരുന്ന് വാഹനത്തിന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.
മെറ്റാലിക് ഗ്രേ നിറത്തിലുള്ള ഈ ഹൈലക്‌സിന് ജാക്കി ഷ്രോഫ് തനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. പിക്കപ്പ് ട്രക്കിന് പുതിയ ആഫ്റ്റര്‍മാര്‍ക്കറ്റ് അലോയ് വീലുകളും ഫ്രണ്ടില്‍ ആഫ്റ്റര്‍മാര്‍ക്കറ്റ് എല്‍ഇഡി ലൈറ്റുകളും ഘടിപ്പിച്ചിതിനൊപ്പം പിന്‍ഭാഗത്തും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് സൂചന.ഹൈലക്‌സ് കൂടാതെ ഫിയറ്റ് 1100 സെഡാന്‍, ജാഗ്വാര്‍ XKR സ്‌പോര്‍ട് കൂപ്പെ, ബെന്റ്‌ലി കോണ്ടിനെന്റല്‍ GT എന്നിവയും ജാക്കിയുടെ ഗരാജിലുണ്ട്.


Click it and Unblock the Notifications








