ജയേട്ടാ ഈ ട്വിസ്റ്റ് പൊളിച്ചു; മോളിവുഡിലെ ആദ്യ ഗോൾഫ് GTI സ്വന്തമാക്കി ജയസൂര്യ
മലയാളസിനിമയിലെ വാഹനപ്രേമികളുടെ ഇടയിൽ ഇനി ഉയർന്ന് കേൾക്കാൻ പോകുന്ന പേര് ജയസൂര്യ എന്നായിരിക്കും, കാരണം മറ്റൊന്നുമല്ല ഏറ്റവും വലിയ വാഹനപ്രേമിയായ മമ്മൂട്ടിക്ക് പോലും കിട്ടുന്നതിന് മുൻപ് ഫോക്സ്‌വാഗണിൻ്റെ പെർഫോമൻസ് രാജാവായ ഗോൾഫ് GTI താരം സ്വന്തമാക്കിയിരിക്കുകയാണ്. ഫിനിക്സ് ഫോക്സ്‌വാഗണിൻ്റെ തൃശൂരിലുളള ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം ഡെലിവറി എടുത്തിരിക്കുന്നത്. നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലാകുകയായിരുന്നു. എന്നാലും ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു ഇത്. മമ്മൂട്ടിയും ജോജുവും വാഹനം ബുക്ക് ചെയ്തിട്ടുണ്ട് എന്ന് വിവരങ്ങൾ ലഭിച്ചിരുന്നു.
വൈറ്റ് കളറാണ് ജയസൂര്യ തെരഞ്ഞെടുത്തിരിക്കുന്നത്. വാഹനത്തിൻ്റെ പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 265 bhp പവറിൽ പരമാവധി 370 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിനാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐക്ക് തുടിപ്പേകുന്നത്. ബ്രാൻഡിൻ്റെ ഈ പായും പുലിക്ക് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.9 സെക്കൻഡുകൾ മതി.

അതേസമയം പരമാവധി വേഗം 250 കിലോമീറ്ററായി ഫോക്‌സ്‌വാഗൺ പരിമിതപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസമാണ് ഫോക്സ്‌വാഗൺ വാഹനത്തിൻ്റെ വില പ്രഖ്യാപിച്ചത്. 53 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ എന്ന ഹാച്ച്ബാക്ക് മോഡലിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ് (CBU) റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് കാറിന് ഇത്രയും ഉയർന്ന തുക മുടക്കേണ്ടതായി വരുന്നത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണല്ലോ. ഗോൾഫ് ജിടിഐ Mk 8.5 എന്നാണ് മോഡലിന്റെ ഔദ്യോഗിക നാമം.തുടക്കത്തിൽ 150 യൂണിറ്റുകളാണ് എത്തിക്കുന്നത്, എന്നാൽ ഡിമാൻ്റ് ഉയർന്നത് കൊണ്ട് തന്നെ അടുത്ത 100 യൂണിറ്റ് കൂടി എത്തിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

പെർഫോമൻസ് കൂടുന്തോറും വാഹത്തിൻ്റെ സേഫ്റ്റിയും കൂടുമെന്ന കാര്യത്തിൽ സംശയിക്കേണ്ട. ബിൽഡ് ക്വാളിറ്റിയിൽ മികച്ചതായി നിൽക്കുന്ന ഗോൾഫിൽ 7 എയർബാഗുകൾ, റിയർ-വ്യൂ ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ആങ്കറുകൾ, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-ചേഞ്ച് അസിസ്റ്റ്, റിയർ ട്രാഫിക് അലേർട്ട് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS എന്നിവയെല്ലാം ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്.
ഫിക്സഡ് ഫ്രണ്ട് ഹെഡ്‌റെസ്റ്റുകളിൽ ചുവപ്പ് നിറത്തിൽ 'ജിടിഐ' സ്റ്റിച്ചിംഗുള്ള സ്‌പോർട്‌സ് സീറ്റുകൾ, മധ്യഭാഗത്തായി സിഗ്നേച്ചർ ടാർട്ടൻ ഇൻസേർട്ടുകൾ, ലെതർ സ്റ്റിയറിംഗ് വീൽ, 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൺറൂഫ്, വയർലെസ് ചാർജർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, പാഡിൽ ഷിഫ്റ്ററുകൾ, 30-കളർ ആംബിയന്റ് ലൈറ്റിംഗ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളെല്ലാം മോഡലിലുണ്ട്.

225/40/R18 ലോ-പ്രൊഫൈല്‍ ടയറുകളില്‍ പൊതിഞ്ഞ 18 ഇഞ്ച് അലോയ് വീലുകളിലാണ് ഹോട്ട് ഹാച്ച് ഓടുന്നത്. ഫോക്സ്വാഗണ്‍ ഗോള്‍ഫ് GTI-ക്ക് 4,289mm നീളവും 1,789mm വീതിയും 1,456mm ഉയരവുമുണ്ട്. വീല്‍ബേസ് അളവ് 2,627mm ആണ്. ടേണിംഗ് സര്‍ക്കിള്‍ 12 മീറ്ററും 134mm ഗ്രൗണ്ട് ക്ലിയറന്‍സും വാഗ്ദാനം ചെയ്യുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








