ഒരു സിനിമയ്ക്ക് വാങ്ങുന്നത് 50 മുതല്‍ 100 കോടി വരെ! പുത്തന്‍ ബെന്‍സ് സ്വന്തമാക്കി 'RRR' താരം
തെലുഗു സിനിമ ലോകത്ത് 'യംഗ് ടൈഗര്‍' എന്ന് വിളിപ്പേരുള്ള താരമാണ് ജൂനിയര്‍ എന്‍ടിആര്‍. എസ്എസ് രാജമൗലിയുടെ പണംവാരപ്പടമായ ആര്‍ആര്‍ആറില്‍ രാംചരണിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിലെത്തിയ ജൂനിയര്‍ എന്‍ടിആര്‍ പാന്‍ ഇന്ത്യ ലെവലില്‍ പ്രശസ്തി നേടിയിരുന്നു. ഇരുവരും ചേര്‍ന്ന് തകര്‍ത്താടിയ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് കീരവാണിക്ക് ഓസ്‌കാറും ലഭിച്ചു.
മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ ചെന്ന് ഹിറ്റടിച്ച 'ജനതാ ഗാരേജ്' എന്ന ചിത്രത്തിലെ നായകനും മറ്റാരുമല്ല ജൂനിയര്‍ എന്‍ടിആര്‍ ആയിരുന്നു. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗു സിനിമ ലോകത്തെ പകരംവെക്കാനില്ലാത്ത നാമവുമായ എന്‍ടി രാമറാവുവിന്റെ കൊച്ചുമകനായ ജൂനിയര്‍ എന്‍ടിആര്‍ ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും വില പിടിപ്പുള്ള താരങ്ങളില്‍ ഒരാളാണ്. ഒരു ചിത്രത്തിന് 50 കോടി മുതല്‍ 100 കോടി വരെയാണ് പ്രതിഫലമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊരട്ട്‌ല ശിവ സംവിധാനം ചെയ്യുന്ന 'ദേവര' എന്ന ചിത്രമാണ് ജൂനിയര്‍ എന്‍ടിആറിന്‍േറതായി ഇനി പുറത്തിറങ്ങാനുള്ളത്. സിനിമകളുടെ കാര്യങ്ങള്‍ മാറ്റിവെച്ചാല്‍ ഇപ്പോള്‍ മറ്റൊരു സംഭവത്തിലൂടെയാണ് ജൂനിയര്‍ എന്‍ടിആര്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നത്. ജൂനിയര്‍ എന്‍ടിആര്‍ ഇപ്പോള്‍ ഒരു പുത്തന്‍ മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്ക് S-ക്ലാസ് S 580 ആഡംബര കാര്‍ സ്വന്തമാക്കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരം ഖൈര്‍താബാദ് റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസ് സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ്.
ജൂനിയര്‍ എന്‍ടിആര്‍ കാഷ്വല്‍ വസ്ത്രം ധരിച്ച് സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് പുറത്തേക്ക് വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഓഫീസിന് വെളിയില്‍ തടിച്ചുകൂടിയ പാപ്പരാസികള്‍ക്ക് മുഖംകൊടുക്കാതെ താരം പെട്ടെന്ന് അപ്രത്യക്ഷനായി. തന്റെ പുതിയ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായാണ് നടന്‍ ആര്‍ടി ഓഫീസ് സന്ദര്‍ശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍്. ഹൈദരാബാദില്‍ പശസ്തമായ എന്‍ടിആര്‍ ഗാര്‍ഡന്‍സിന്റെ സമീപത്താണ് ഖൈര്‍താബാദ് സ്ഥിതി ചെയ്യുന്നത് എന്നത് കൊണ്ടാണ് ഈ ലക്ഷ്വറി കാര്‍ താരം വാങ്ങിയതാണെന്ന് പറയാന്‍ കാരണം.

മറ്റ് സൂപ്പര്‍ താരങ്ങളെ പോലെ താരകിനും കാറുകളോട് വലിയ പ്രിയമാണ്. നിരവധി ആഡംബര കാറുകള്‍ അദ്ദേഹത്തിന്റെ ഗരാജിലുണ്ട്. രാജ്യത്തെ ഏറ്റവും വിലകൂടിയ കാറുകളും ഇക്കൂട്ടത്തില്‍ പെടുന്നു. മെര്‍സിഡീസ് ബെന്‍സ് GLS, ലംബോര്‍ഗിനി ഉറൂസ്, റേഞ്ച് റോവര്‍ വോഗ്, ബിഎംഡബ്ല്യു 7-സീരീസ്, പോര്‍ഷ 718 കായെന്‍ എന്നിവയയാണ് അതില്‍ ചിലത്. ഇപ്പോള്‍ മെര്‍സിഡീസിന്റെ ലക്ഷ്വറി സെഡാന്‍ കൂടി ചേര്‍ത്ത് തന്റെ ഗരാജ് വീണ്ടും വലുതാക്കിയിരിക്കുകയാണ് ജൂനിയര്‍ എന്‍ടിആര്‍.
മെര്‍സിഡീസ്-മെയ്ബാക്ക് കാറുകള്‍ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ ജനപ്രിയമാണ്. ദീപാവലി വേളയില്‍ ബോളിവുഡ് താരം അനില്‍ കപൂര്‍ ഒരു മെയ്ബാക്ക് S 580 സ്വന്തമാക്കിയിരുന്നു. മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയുടെ മുന്‍നിര സെഡാന്‍ മോഡലായ മെയ്ബാക്ക് S580-ക്ക് 2.70 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. നോട്ടിക് ബ്ലൂ നിറത്തില്‍ ഫിനിഷ് ചെയ്തിരിക്കുന്ന കാറാണ് താരക് സ്വന്തമാക്കിയതെന്നാണ് സൂചന.

48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റമുള്ള 4.0-ലിറ്റര്‍ V8 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് ഈ മെര്‍സിഡീസ് സെഡാന്റെ ഹൃദയം. 496 bhp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 4MATIC ഓള്‍-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡായി 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു.
പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഈ ലക്ഷ്വറി സലൂണ്‍ വെറും 4.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിച്ചെത്തും. ടോപ് സ്പീഡ് മണിക്കൂറില്‍ 250 കിലോമീറ്ററായി ഇലക്‌ട്രോണിക്കലി പരിമിപ്പെടുത്തിയിട്ടുണ്ട്. ഈ കാറിന്റെ അകത്തളത്തില്‍ നിരവധി സാങ്കേതിക, സുഖ സൗകര്യങ്ങള്‍ കുത്തിനിറച്ചതായി കാണാം. എല്ലാ സീറ്റുകള്‍ക്കും മള്‍ട്ടി-കോണ്ടൂര്‍ മസാജ്, ഹീറ്റഡ് ആംറെസ്റ്റുകള്‍, ഡോര്‍ പാനലുകള്‍, സീറ്റ് വെന്റിലേഷന്‍, റിയര്‍സീറ്റ് ഫുട്റെസ്റ്റിനുള്ള കാള്‍ഫ് മസാജര്‍ അടക്കമുള്ള ഫീച്ചറുകള്‍ ഒരുക്കിയിട്ടുണ്ട്.
മുന്നിലും മധ്യത്തിലും 12.8 ഇഞ്ച് സ്‌ക്രീനും 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഉള്ള ഏറ്റവും പുതിയ MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് മോഡല്‍ പ്രവര്‍ത്തിപ്പിക്കുന്നത്. രണ്ട് 11.6 ഇഞ്ച് റിയര്‍സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകളും 1,750 വാട്ട് ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റവും കാറിലുണ്ട്. സേഫ്റ്റി ഫീച്ചറുകള്‍ കൊണ്ടും സമ്പന്നമാണ് മെര്‍സിഡീസ് മെയ്ബാക്ക് S580.
എവേസിവ് സ്റ്റിയറിംഗ് അസിസ്റ്റ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ക്രോസ്-ട്രാഫിക് ഫംഗ്ഷന്‍ എന്നിവയടക്കം ലെവല്‍ 2 ഓട്ടോണോമസ് ഡ്രൈവിംഗുമായാണ് ഇത് എത്തുന്നത്. രണ്ട് ബെല്‍റ്റ്-ബാഗുകളും റിയര്‍ എയര്‍ബാഗുകളും ഉള്‍പ്പെടെ 13 എയര്‍ബാഗുകളാണ് ഇതില്‍ ഓഫര്‍ ചെയ്യുന്നത്. യാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍ റിയര്‍-ആക്സില്‍ സ്റ്റിയറിംഗും എയര്‍മാറ്റിക് എയര്‍ സസ്‌പെന്‍ഷനും ഓപ്ഷണലായി ലഭിക്കുന്നു. ഷാഹിദ് കപൂര്‍, കങ്കണ റണാവത്ത്, കിയാര അദ്വാനി തുടങ്ങിയവരാണ് ഇന്ത്യയില്‍ മെര്‍സിഡീസ് മെയ്ബാക്ക് S-ക്ലാസ് സ്വന്തമായുള്ള മറ്റ് ചില സെലിബ്രിറ്റികള്‍.


Click it and Unblock the Notifications








