അനാര്‍ക്കലി കണ്ടവരാരും ഇങ്ങേരെ മറക്കില്ല! പുതിയ മഹീന്ദ്ര XEV 9S സ്വന്തമാക്കിയ വെറ്ററന്‍ നടനെ മനസിലായോ?
വെറ്ററന്‍ ബോളിവുഡ് നടന്‍ കബീര്‍ ബേദി ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഏറ്റവും പുതിയ പ്രീമിയം ഇലക്ട്രിക് എസ്‌യുവിയായ 'XEV 9S' സ്വന്തമാക്കി. കബീര്‍ ബേദിയും ഭാര്യ പര്‍വീന്‍ ദുസാഞ്ചും മഹീന്ദ്ര ഡീലര്‍ഷിപ്പില്‍ നേരിട്ടെത്തി പുത്തന്‍ വാഹനം ഏറ്റുവാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പൃഥ്വിരാജിനെ നായകനാക്കി സച്ചി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം അനാര്‍ക്കലിയില്‍ നായികയുടെ കര്‍ക്കശക്കാരനായ പിതാവിന്റെ വേഷം കബീര്‍ ബേദി അവിസ്മരണീയമാക്കിയിരുന്നു. ആ സിനിമ കണ്ടവരാരും തന്നെ താരത്തെ മറക്കാനിടയില്ല.
ഇപ്പോള്‍ താരം പുത്തന്‍ ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കിയ വിവരം മഹീന്ദ്ര ഇലക്ട്രിക് ഒറിജിന്‍ എസ്‌യുവി സ് (Mahindra Electric Origin SUVs) ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പുറംലോകമറിഞ്ഞത്. സില്‍വര്‍ നിറത്തിലുള്ള സാങ്യോങ് റെക്സ്റ്റണ്‍ (SsangYong Rexton) എസ്‌യുവിയിലാണ് ദമ്പതികള്‍ പുതിയ ഇലക്ട്രിക് കാര്‍ സ്വന്തമാക്കാനായി ഡീലര്‍ഷിപ്പിലേക്ക് എത്തിയത്.

കബീര്‍ ബേദിയുടെ പഴയകാല സിനിമാ ചിത്രങ്ങള്‍ കോര്‍ത്തിണക്കി ഡീലര്‍ഷിപ്പില്‍ പ്രത്യേകമായി ഒരുക്കിയ ഏരിയയിലാണ് പുതിയ XEV 9S ഇവിയുടെ ഡെലിവറി ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഡീലര്‍ഷിപ്പ് അധികൃതര്‍ സ്വീകരിച്ച ശേഷം ഔദ്യോഗിക പേപ്പര്‍വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയാണ് താരം പുതിയ കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ദമ്പതികള്‍ ഹൈന്ദവ ആചാരപ്രകാരമുള്ള പൂജകള്‍ നടത്തിയ ശേഷം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.
'ഡെസേര്‍ട്ട് മിസ്റ്റ്' (Desert Myst) എന്ന ക്ലാസിക് ഷേഡിലുള്ള വാഹനമാണ് താരം തിരഞ്ഞെടുത്തത്. ആഡംബര പൂര്‍ണ്ണമായ എസ്‌യുവിയില്‍ അവര്‍ ആദ്യ ഡ്രൈവും നടത്തി. കബീര്‍ ബേദി തിരഞ്ഞെടുത്തത് മഹീന്ദ്ര XEV 9S മോഡലിന്റെ ഏറ്റവും ഉയര്‍ന്ന'പാക്ക് ത്രീ എബൗവ്' (Pack Three Above) വേരിയന്റ് ആണെന്നാണ് സൂചന. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 30.20 ലക്ഷം രൂപയാണ് ഈ ടോപ്പ്-എന്‍ഡ് വേരിയന്റിന്റെ എക്‌സ്-ഷോറൂം വില വരുന്നത്.

ഇതിലെ വലിയ 79 kWh ബാറ്ററി പായ്ക്ക് ഒറ്റത്തവണ മുഴുവനായി ചാര്‍ജ് ചെയ്താല്‍ ഏകദേശം 679 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ഈ ബാറ്ററി പായ്ക്കിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കരുത്തുറ്റ ഇലക്ട്രിക് മോട്ടോര്‍ പരമാവധി 282 bhp പവറും 380 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇവിയുടെ റിയര്‍ വീലുകളിലേക്കാണ് പവര്‍ അയക്കുന്നത്.
ഉയര്‍ന്ന ആക്‌സിലറേഷനിലും മികച്ച സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ഈ റിയര്‍-വീല്‍ ഡ്രൈവ് ലേഔട്ട് വലിയ രീതിയില്‍ സഹായിക്കുന്നുണ്ട്. അകത്തേക്ക് കടന്നാല്‍ ഡാഷ്ബോര്‍ഡില്‍ ഒന്നിച്ച് അണിനിരത്തിയിരിക്കുന്ന മൂന്ന് വലിയ 12.3 ഇഞ്ച് ഡിസ്പ്ലേകളാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഡോള്‍ബി അറ്റ്മോസ് (Dolby Atmos) സാങ്കേതികവിദ്യയോടുകൂടിയ 1400W ശേഷിയുള്ള 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ പ്രീമിയം ഓഡിയോ സിസ്റ്റവും ഇതിലുണ്ട്.

ഇതിനുപുറമെ ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്‍ഫോടൈന്‍മെന്റിനായി വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ആംബിയന്റ് ലൈറ്റിംഗ്, പവേര്‍ഡ് ടെയില്‍ഗേറ്റ്, റിമോട്ട് പാര്‍ക്കിംഗ് സംവിധാനം, സുഖകരമായ യാത്രയ്ക്കായി പവേര്‍ഡ് ബോസ് മോഡ്, സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി 65W ഫാസ്റ്റ് ചാര്‍ജര്‍ എന്നിവയും ഈ കാറില്‍ ലഭ്യമാക്കിയിട്ടുണ്ട്.
സുരക്ഷിതമായ ഡ്രൈവിംഗിനായി ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, എന്‍എഫ്‌സി അധിഷ്ഠിത ഡിജിറ്റല്‍ കീ, ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD), ക്യാബിനിലെ വായു ശുദ്ധീകരിക്കാന്‍ എയര്‍ പ്യൂരിഫയര്‍, 540-ഡിഗ്രി ക്യാമറ, ലെവല്‍ 2+ ADAS ഫീച്ചറുകള്‍, വലിയ പനോരമിക് സണ്‍റൂഫ് എന്നിവയും ഈ മോഡലില്‍ മഹീന്ദ്ര സജ്ജീകരിച്ചിട്ടുണ്ട്.
നിലവില്‍ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നമോഡലുകളില്‍ ഒന്നാണ് XEV 9S. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം 3 വരി ഇലക്ട്രിക് എസ്‌യുവിയുടെ 3,502 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. മുന്‍ മാസങ്ങളിലും പ്രതിമാസ വില്‍പ്പന 3000 യൂണിറ്റിന് മുകളില്‍ നിലനിര്‍ത്താന്‍ ഈ മോഡലിന് സാധിച്ചിട്ടുണ്ട്.
ജനുവരിയില്‍ ഡെലിവറി ആരംഭിച്ചതുമുതല്‍ ഇതുവരെ ആകെ 14,149 യൂണിറ്റ് XEV 9S മോഡലുകളാണ് മഹീന്ദ്ര നിരത്തിലെത്തിച്ചത്. വിപണിയിലെ പ്രധാന എതിരാളികളായ ടാറ്റ ഹാരിയര്‍ ഇവി, കിയ കാരെന്‍സ് ക്ലാവിസ് ഇവി എന്നിവയോടൊപ്പം കമ്പനിയുടെ സ്വന്തം കൂപ്പെ പതിപ്പായ XEV 9E മോഡലിനേക്കാളും ഏറെ മുന്നിലാണ് നിലവില്‍ XEV 9S സ്ഥാനം പിടിച്ചിരിക്കുന്നത്.


Click it and Unblock the Notifications