സ്റ്റിയറിംഗ് വിട്ടുകൊടുക്കാതെ മമ്മൂട്ടി; 2300 കി.മീ ലോംഗ് ട്രിപ്പില്‍ മൊത്തം കാറോടിച്ച് മെഗാസ്റ്റാർ
മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി വലിയ വാഹനപ്രേമിയാണെന്ന കാര്യം ഏവര്‍ക്കുമറിയാം. ആഡംബര കാറുകളുടെയും എസ്‌യുവികളുടെയും മികച്ച ശേഖരം അദ്ദേഹത്തിന്റെ ഗാരേജില്‍ ഉണ്ട്. മമ്മൂട്ടിക്ക് കാര്‍ ഓടിക്കാന്‍ ഏറെ ഇഷ്ടമുള്ളതിനാല്‍ ഡ്രൈവര്‍ക്ക് വലിയ പണിയൊന്നുമില്ലെന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ 2300 കിലോമീറ്ററിലധികം ദൂരം ഒറ്റക്ക് ഡ്രൈവ് ചെയ്തിരിക്കുകയാണ് മമ്മൂട്ടി.
ഓസ്ട്രേലിയയില്‍ അവധിക്കാലം ആഘോഷിക്കുന്ന മമ്മൂട്ടി കാര്‍ ഓടിക്കുന്ന വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. നടന്റെ പിആര്‍ഒയും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഡയറക്ടറുമായ റോബര്‍ട്ട് കുര്യാക്കോസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭാര്യയ്ക്കും സുഹൃത്ത് രാജശേഖരനുമൊപ്പമാണ് താരം ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നത്. റോഡ് ട്രിപ്പില്‍ താരം ഏകദേശം 2,300 കിലോമീറ്റര്‍ കാര്‍ ഓടിച്ചു. കിയയുടെ കാര്‍ ആണ് മമ്മൂട്ടി ഓടിക്കുന്നത്. ഈ യാത്രയില്‍ നടനോടൊപ്പമുണ്ടായിരുന്ന റോബര്‍ട്ട് ചെറിയ വീഡിയോ ക്ലിപ്പുകള്‍ ഒരുമിച്ച് എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ കുറിപ്പിനൊപ്പം പങ്കുവെക്കുകയായിരുന്നു.

സിഡ്‌നിയില്‍ നിന്ന് കാന്‍ബറയിലേക്ക്. അവിടെ നിന്ന് മെല്‍ബണിലേക്ക് പിന്നെ ടാസ്മാനിയയില്‍ ഇങ്ങനെയായിരുന്നു മമ്മൂട്ടിയുടെ യാത്ര റൂട്ട്. പുല്‍മേടുകള്‍ക്കും വന്‍ മരങ്ങള്‍ക്കും നടുവിലൂടെ അതീവ ശാന്തനായാണ് മമ്മൂക്ക കാറോടിക്കുന്നതെന്ന് നമുക്ക് വൈറൽ വീഡിയോയില്‍ കാണാം. കാറോടിക്കുമ്പോള്‍ മറ്റുള്ളവരുടെ നിയമ ലംഘനം കണ്ട് മമ്മൂക്ക ദേഷ്യപ്പെടുമെന്ന് കേട്ടിട്ടുണ്ടെങ്കിലും ഓസ്‌ട്രേലിയയിലെ യാത്രികരുടെ ഡ്രൈവിംഗിലും നിയമം പാലിക്കുന്ന രീതിയിലും മമ്മൂട്ടി സന്തുഷ്ടനായിരുന്നുവെന്ന്
റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്ക് കുറിപ്പില്‍ എഴുതി.
യാത്രക്കിടെ കോളേജ് കാലത്തെക്കുറിച്ചോര്‍ത്ത മമ്മൂട്ടി ഒരുപാട് തമാശകള്‍ പറഞ്ഞതായും റോബര്‍ട്ട് കുറിച്ചു. കേരളത്തിനേക്കാള്‍ വലിപ്പമുള്ള ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയുടെ രണ്ടു തീര വശങ്ങള്‍ മമ്മൂക്ക കാറില്‍ പിന്നിട്ടു. ഹോബാര്‍ട്ടില്‍ നിന്ന് ലോണ്‍സസ്റ്റനിലേക്ക്, അവിടെനിന്ന് സ്വാന്‍സി, പോര്‍ട്ട് ആര്‍തര്‍ വഴി തിരിച്ചു ഹോബാര്‍ട്ടിലേക്ക് പോകുമ്പോള്‍ മടുപ്പേതുമില്ലാതെ എന്നാല്‍ ഓരോ കിലോമീറ്ററിലും മമ്മൂക്ക ആവേശഭരിതനായി കാര്‍ പായിച്ചതായി റോബര്‍ട്ട് ഓര്‍ക്കുന്നു. റോഷിത് എന്നയാളുടെ പുതു പുത്തന്‍ കാറിലാണ് മമ്മൂക്ക രണ്ടു ദിവസം കൊണ്ട് ടാസ്മാനിയ ചുറ്റിക്കണ്ടത്.
മമ്മൂട്ടിയുടെ ഓസ്ട്രേലിയയിലെ ആദ്യ ഘട്ട സന്ദര്‍ശനത്തില്‍ ഡ്രൈവ് ചെയ്ത ആകെ ദൂരം 2300 കിലോമീറ്ററാണെന്നും റോബര്‍ട്ട് പറയുന്നു. കൂടാതെ ഓസ്‌ട്രേലിയയില്‍ 10 വര്‍ഷമായി വാഹനമോടിക്കുന്ന തന്നേക്കാള്‍ ഇവിടത്തെ ഗതാഗത നിയമങ്ങള്‍ മമ്മൂട്ടിക്ക് വശമുണ്ടെന്നും റോബര്‍ട്ട് പറഞ്ഞു. ഇടയ്ക്ക് ഏതോ ഒരു ഗതാഗത നിയമത്തിന്റെ പേരില്‍ തങ്ങള്‍ തര്‍ക്കിച്ചുവെന്നും ഒടുവില്‍ പരിഹാരം കാണാനായി ടാസ്മാനിയന്‍ ഗതാഗതവകുപ്പിലെ പരിചയക്കാരനെ വിളിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞതായിരുന്നു ശരി എന്നും അദ്ദേഹം കുറിച്ചു.
സ്ഥലങ്ങള്‍ പരിചയപ്പെടുത്തിത്തരാന്‍ സിഡ്‌നിയില്‍ കിരണ്‍ ജയിംസും മെല്‍ബണില്‍ ഗ്രേറ്റ് ഓഷ്യന്‍ ഡ്രൈവിന് മദനന്‍ ചെല്ലപ്പനും ഫിലിപ്പ് ഐലന്‍ഡ് ഉള്‍പ്പെടുന്ന തീരദേശ ഡ്രൈവിന് കിരണ്‍ ജയ പ്രകാശും കൂടെയുണ്ടായിരുന്നുവെങ്കിലും അവരെയൊക്കെ കാഴ്ചക്കാരാക്കി മമ്മൂക്ക തികച്ചും ഓസ്‌ട്രേലിയന്‍ നിവാസിയായി മാറിയതായി ഓര്‍ത്തുകൊണ്ട് റോബര്‍ട്ട് കുര്യാക്കോസ് പോസ്റ്റ് അവസാനിപ്പിച്ചു. മമ്മൂട്ടിയുടെ അടുത്തിടെ പുറത്തിറങ്ങിയ ഹിറ്റ് പടമായ റോഷാക്കില്‍ ഫോര്‍ഡ് മസ്താംഗ് കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു.
ഡ്യൂപ്പില്ലാതെ മമ്മൂക്ക തന്നെയാണ് രംഗം ചെയ്തത്. ഒറ്റ ടേക്കില്‍ മമ്മൂക്ക ഷൂട്ട് ചെയ്തത് കൈയ്യടികളോടെയാണ് സെറ്റ് വരവേറ്റതെന്ന് അണിയറപ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നു. മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. 1971ല്‍ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം നാനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും നിരവധി സിനിമകള്‍ മമ്മൂട്ടി നിര്‍മിക്കുകയും ചെയ്തു.
ആഡംബരങ്ങളാല്‍ സമ്പന്നമായ കാറുകളാണ് മമ്മൂട്ടി ഇഷ്ടപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മകനും യുവ നടന്‍മാരില്‍ ശ്രദ്ധേയനുമായ ദുല്‍ഖര്‍ സല്‍മാന്‍ ക്ലാസിക് വാഹനങ്ങളുടെ ഇഷ്ടക്കാരനാണ്. നിലവില്‍ പോര്‍ഷെ പനമേര, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, മെര്‍സിഡീസ് ബെന്‍സ് G63 AMG, പോര്‍ഷെ കയെന്‍ തുടങ്ങിയ കാറുകള്‍ താരത്തിനുണ്ട്. മെര്‍സിഡീസ്-ബെന്‍സ് SLS AMG, പോര്‍ഷെ 911 GT3, ബിഎംഡബ്ല്യു M3 E46 എന്നിവക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ റീസ്‌റ്റോര്‍ ചെയ്ത രണ്ട് ലാന്‍ഡ് ക്രൂയിസര്‍ എസ്‌യുവികളും മമ്മൂക്കയുടെ അതിപ്രശസ്തമായ 369 ഗാരേജില്‍ അണിനിരക്കുന്നു.


Click it and Unblock the Notifications








