പ്രകാശ്‌രാജിന്റെ പുതിയ 'ചെല്ലം' ദേ ഇതാണ്... പുതിയ ഹൈലക്‌സ് കണ്ടാൽ അമ്പരക്കും, കസ്റ്റമൈസേഷൻ വീഡിയോ വൈറൽ
ഇന്ത്യന്‍ സിനിമാ ലോകത്തെ അതുല്യ പ്രതിഭകളില്‍ ഒരാളാണ് പ്രകാശ് രാജ് (Prakash Raj). മലയാളമടക്കം നിരവധി ഇന്ത്യന്‍ ഭാഷകളില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ പ്രകാശ് രാജ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ മുന്നേറി നിലവില്‍ തെന്നിന്ത്യന്‍ സിനിമകളില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത താരങ്ങളില്‍ ഒരാളായി മാറിയിട്ടുണ്ട്. സിനിമയ്ക്ക് പുറമെ സാമൂഹിക വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയാറുള്ള പ്രകാശ് രാജ് ഇടക്ക് തലക്കെട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. സിനിമ, രാഷ്ട്രീയം എന്നിവയില്‍ നിന്ന് മാറി ഒരു പുത്തന്‍ വാഹനം സ്വന്തമാക്കിയാണ് പ്രകാശ് രാജ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.
പ്രകാശ് രാജ് അവിസ്മരണീയമാക്കിയ വില്ലന്‍ കഥാപാത്രമായ ഗില്ലിയിലെ മുത്തുപ്പാണ്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ താരത്തിന്റെ 'ചെല്ലമാണ്'പുതിയ ടൊയോട്ട ഹൈലക്സ് പിക്കപ്പ് ട്രക്ക്. വെറുമൊരു വാഹനം വാങ്ങി ഉപയോഗിക്കുക എന്നതിലുപരി അത് തന്റെ അഭിരുചിക്ക് അനുസരിച്ച് രൂപമാറ്റം വരുത്തുന്നതില്‍ അതീവ തല്‍പ്പരനാണ് പ്രകാശ് രാജ്. താരം തന്റെ പുതിയ ഹൈലക്‌സ് ഒരു അഡ്വഞ്ചര്‍ ക്യാമ്പര്‍ വാനായി മാറ്റിയതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ ജോലികള്‍ ചെയ്യുന്നതില്‍ വിദഗ്ധരായ 'വ്രാപ്‌സില്ല' (Wrapzilla) ആണ് പ്രകാശ് രാജിന്റെ പുത്തന്‍ വാഹനവും മൊഞ്ചാക്കി നല്‍കിയത്. നടന്റെ ഹൈലക്‌സിന്റെ കസ്റ്റമൈസേഷന്‍ പ്രവര്‍ത്തികളുടെ ദൃശ്യങ്ങള്‍ വ്രാപ്‌സില്ല തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രകാശ് രാജിന്റെ മിക്ക വാഹനങ്ങളുടെയും നിറം ബ്ലാക്ക് ആണ്. ഹൈലക്‌സിലും അതിന് മാറ്റമൊന്നും വന്നില്ല.
വീഡിയോയുടെ തുടക്കത്തില്‍ കറുപ്പ് നിറത്തില്‍ കാണപ്പെട്ട ഹൈലക്‌സ് വീഡിയോയുടെ അവസാനത്തില്‍ മാറ്റ് അല്ലെങ്കില്‍ സാറ്റിന്‍ മെറൂണില്‍ (Matte Maroon) റാപ്പ് ചെയ്തതായി കാണാം. ഇത് വാഹനത്തിന് ഘന ഗാംഭീര്യമുള്ള ലുക്ക് നല്‍കുന്നു. പിക്കപ്പ് ട്രക്കിനെ ഒരു ക്യാമ്പര്‍ വാന്‍ അല്ലെങ്കില്‍ ഓവര്‍ലാന്‍ഡിംഗ് വാഹനമാക്കി മാറ്റുക എന്നതായിരുന്നു പ്രകാശ് രാജിന്റെ പ്രധാന ലക്ഷ്യം. ഇതിനായി വാഹനത്തിന്റെ റിയര്‍ ബെഡ് ഭാഗം പൂര്‍ണമായും കവര്‍ ചെയ്യുകയും ഉള്‍വശം ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
റൂഫിന് മുകളില്‍ ടെന്റ് സ്ഥാപിക്കുന്നതിനായുള്ള മെറ്റല്‍ ഫ്രെയിമുകളുടെ നിര്‍മ്മാണത്തില്‍ താരം നേരിട്ട് പങ്കാളിയായതും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. റിയര്‍ എന്‍ഡിലെ ക്ലോസ്ഡ് സെക്ഷനില്‍ മാറ്റ് ബ്ലാക്ക് ഫിനിഷോ അല്ലെങ്കില്‍ ലൈന്‍-എക്സ് (Line-X) കോട്ടിംഗോ ആണ് നല്‍കിയിരിക്കുന്നത്. വാഹനത്തിലെ ക്രോം ഘടകങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി. സ്റ്റോക്ക് അലോയ് വീലുകളും ടയറുകളുമാണ് നിലവില്‍ ഉപയോഗിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ദീര്‍ഘദൂര സാഹസിക യാത്രകള്‍ക്കായാണ് താരം ഈ വാഹനം ഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്.
ലോകത്തെ ഏറ്റവും പ്രശസ്തമായ 4x4 ലൈഫ്സ്റ്റൈല്‍ പിക്കപ്പ് ട്രക്കാണ് ടൊയോട്ട ഹൈലക്സ്. വില അല്‍പ്പം കൂടുതലായതിനാലും അഡ്വഞ്ചര്‍ ട്രിപ്പുകള്‍ക്കടക്കം ഉപയോഗിക്കുന്ന ലൈഫ്‌സ്‌റ്റൈല്‍ പിക്കപ്പ് ട്രക്കുകള്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് അത്ര പ്രായോഗികമല്ലാത്തതിനാലും മറ്റ് ടൊയോട്ട മോഡലുകളെ പോലെ ഹൈലക്‌സ് അത്ര വേഗത്തില്‍ വിറ്റുപോകുന്നില്ല. എന്നിരുന്നാലും ഓഫ്-റോഡ് പ്രേമികള്‍ക്കിടയില്‍ ഈ വാഹനത്തിന് പ്രത്യേക ഫാന്‍ബേസുണ്ട്.

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ കരുത്തുറ്റ 2.8 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഹൈലക്സിന് കരുത്തേകുന്നത്. 205 PS പവറും 500 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ഇണചേര്‍ത്തിരിക്കുന്നത്. 4x4 സിസ്റ്റം സ്റ്റാന്‍ഡേര്‍ഡായി വരുന്ന ഹൈലക്സ് ഏത് ദുര്‍ഘട സാഹചര്യത്തിലും മികച്ച പ്രകടനം ഉറപ്പാക്കുന്നു.
പരുക്കന്‍ ഭൂപ്രകൃതിയിലൂടെ അനായാസം സഞ്ചരിക്കാനുള്ള ശേഷിയാണ് പ്രകാശ് രാജിനെപ്പോലെയുള്ള സാഹസിക പ്രിയരെ ഈ വാഹനത്തിലേക്ക് ആകര്‍ഷിക്കുന്നത്.തന്റെ ഓരോ വാഹനവും തനിമയാര്‍ന്നതാക്കാന്‍ ശ്രദ്ധിക്കാറുള്ള പ്രകാശ് രാജിന്റെ വണ്ടികളുടെ കാര്യത്തിലുള്ള അഭിരുചിയാണ് പുതിയ ഹൈലക്സിന്റെ കസ്റ്റമൈസേഷനിലൂടെ കാണാനാകുന്നത്. സിനിമകള്‍ക്കിടയിലെ ഇടവേളകളില്‍ യാത്രകള്‍ക്കായി സമയം കണ്ടെത്തുന്ന പ്രകാശ് രാജ് തന്റെ പുതിയ ക്യാമ്പര്‍ വാനിലുള്ള യാത്രാ വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഓഫ്-റോഡിംഗിനും ക്യാമ്പിംഗിനും ഒരുപോലെ അനുയോജ്യമായ രീതിയിലുള്ള ഈ ഹൈലക്സ് വരാനിരിക്കുന്ന അഡ്വഞ്ചര്‍ ട്രിപ്പുകളില്‍ താരത്തിന്റെ വിശ്വസ്തനായ പങ്കാളിയായിരിക്കുമെന്ന് ഉറപ്പാണ്. പ്രകാശ് രാജിന്റെ ഗരാജിലുള്ള ആദ്യത്തെ കസ്റ്റം മെയിഡ് ക്യാമ്പര്‍ വാന്‍ അല്ല ഇത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് താരം ഒരു ഫോഴ്‌സ് അര്‍ബാനിയയും തന്റെ ഇഷ്ടാനുസരണം ക്യാമ്പര്‍ വാനാക്കി മാറ്റിയിരുന്നു. മാറ്റ് ബ്ലാക്ക് നിറത്തിലുള്ള ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110 എസ്‌യുവിയാണ് താരത്തിന്റെ ഗരാജിലുള്ള മറ്റൊരു ശ്രദ്ധേയ വാഹനം.


Click it and Unblock the Notifications








