സംശയം വേണ്ട, 'അധീര'ക്ക് പറ്റിയ വണ്ടി തന്നെ! സൈബര്‍ട്രക്ക് വാങ്ങിയോ സഞ്ജു ഭായ്?
കഴിഞ്ഞ ദിവസം മുംബൈ മറൈന്‍ ഡ്രൈവിന് സമീപത്ത് കാണപ്പെട്ട അന്യഗ്രഹ പേടകം (യുഎഫ്ഒ) പോലുള്ള ഒരു വാഹനം ധാരാളം കാഴ്ചക്കാരെ കൂട്ടിയിരുന്നു. മറൈന്‍ ഡ്രൈവിന് സമീപം പ്രത്യക്ഷപ്പെട്ട കാര്‍ യഥാര്‍ത്ഥത്തില്‍ ലോക പ്രശസ്ത ഇവി നിര്‍മാതാക്കളായ ടെസ്‌ലയുടെ സൈബര്‍ട്രക്കായിരുന്നു. ഇലേണ്‍ മസ്‌കിന്റെ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സൈബര്‍ട്രക്ക് അവര്‍ രാജ്യത്ത് വില്‍പ്പനക്കെത്തിക്കുന്നില്ല. അതുകൊണ്ട് തന്നെ ഫ്യൂചറിസ്റ്റിക് ലുക്കിലുള്ള ഈ ഇവി കണ്ടുപരിചയമില്ലാത്തതിനാല്‍ നാട്ടുകാര്‍ അന്തംവിട്ട് നോക്കിനിന്നു പോയി. ഇപ്പോള്‍ വൈറലായ അതേ അത്യാധുനിക ഇലക്ട്രിക് വാഹനത്തില്‍ വന്നിറങ്ങിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്ത്.
മുംബൈയിലെ ഒരു പൊതുസ്ഥലത്ത് സൈബര്‍ട്രക്കില്‍ നിന്നിറങ്ങുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വൂംപ്‌ലയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സൈബര്‍ട്രക്കിന്റെ ഫ്രണ്ട് സീറ്റില്‍ നിന്നാണ് താരം പുറത്തിറങ്ങിയത്. ഇതോടെ ബോളിവുഡില്‍ നിന്ന് ടെസ്‌ല സൈബര്‍ട്രക്ക് സ്വന്തമാക്കിയ ആദ്യ സെലിബ്രിറ്റിയായി സഞ്ജയ് ദത്ത് മാറിയോ എന്നതായി ചോദ്യം.

താരം ഈ വാഹനം സ്വന്തമാക്കിയതാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ദുബായില്‍ നിന്ന് 'കാര്‍നെറ്റ്' (Carnet) വഴി ഇന്ത്യയിലെത്തിച്ച വാഹനമാണിതെന്ന് കരുതപ്പെടുന്നു. സഞ്ജയ് ദത്തിന്റെ അടുത്ത സുഹൃത്തുക്കളുടേതോ അതല്ലെങ്കില്‍ താരം തന്നെ നേരിട്ട് ദുബായില്‍ നിന്ന് കൊണ്ടുവന്നതോ ആകാം ഈ സ്‌പോര്‍ട്ടി ഇലക്ട്രിക് ട്രക്ക്.
സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ബോഡിയും വെടിയുണ്ടകളെ പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ള ബോഡി പാനലുകളുമാണ് സൈബര്‍ട്രക്കിന്റെ പ്രത്യേകത. ഇതിന്റെ 'സൈബര്‍ബീസ്റ്റ്' (Cyberbeast) എന്ന ടോപ്പ് വേരിയന്റിന് ഒറ്റ ചാര്‍ജില്‍ 514 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വെറും 2.6 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കരുത്തന്‍ ഇലക്ട്രിക് വാഹനത്തിന് സാധിക്കും.

ഏകദേശം 122.4 kWh ശേഷിയുള്ള ഭീമന്‍ ബാറ്ററി പായ്ക്കാണ് സൈബര്‍ട്രക്കിന് കരുത്ത് പകരുന്നത്. ഇതിലെ ഒന്നിലധികം ഇലക്ട്രിക് മോട്ടറുകള്‍ ചേര്‍ന്ന് 800 hp-യില്‍ കൂടുതല്‍ പവര്‍ നല്‍കുന്നു. ഇത്രയും വലിയ വാഹനമാണെങ്കിലും സ്റ്റിയര്‍-ബൈ-വയര്‍ സാങ്കേതികവിദ്യയും ഫോര്‍-വീല്‍ സ്റ്റിയറിംഗും (4WS) ഉള്ളതിനാല്‍ സിറ്റി ട്രാഫിക്കില്‍ ഇത് അനായാസം കൈകാര്യം ചെയ്യാം.
ഇന്ത്യയില്‍ ഔദ്യോഗികമായി വില്‍പനയിലില്ലാത്ത വാഹനമായതിനാല്‍ സൈബര്‍ട്രക്ക് ഇറക്കുമതി ചെയ്യണമെങ്കില്‍ വന്‍തുക പൊടിക്കണം. കൂടുതല്‍ ആളുകളും കാര്‍നെറ്റ് വഴി ഇറക്കുമതി ചെയ്ത് കുറച്ച് നാളുകള്‍ ഇവിടെ ഉപയോഗിക്കാറാണ് പതിവ്. എന്നാല്‍ ഇറക്കുമതി ചെയ്ത് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത ഒരു സൈബര്‍ ട്രക്ക് ഇന്ത്യയിലുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനായ ആദിത്യറാമാണ് നികുതിയും ഇന്‍ഷുറന്‍സും ഉള്‍പ്പെടെ ഏകദേശം 5 കോടി രൂപയോളം ചിലവാക്കി സൈബര്‍ട്രക്ക് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത്.

റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ അതികായനായ ആദിത്യറാം പെട്രേ ഗോള്‍ഡ് ഷേഡിലുള്ള സൈബര്‍ട്രക്കാണ് വാങ്ങിയത്. സഞ്ജയ് ദത്തിന്റെ വന്നിറങ്ങിയത് ദുബായ് രജിസ്‌ട്രേഷനിലുള്ള ഇവിയിലാണ്. സൈബര്‍ട്രക്ക് സഞ്ജു ഭായിയുടെ സ്വന്തമാണെങ്കില്‍ അത് താരത്തിന്റെ കമനീയമായ ആഡംബര വാഹന ശേഖരത്തിലെ നെറ്റിപ്പട്ടമായി മാറും. അടുത്തിടെ താരം പുതിയ മെര്‍സിഡീസ്-മെയ്ബാക്ക് GLS 600 സ്വന്തമാക്കി ഗരാജ് വിപുലീകരിച്ചിരുന്നു. നിലവില്‍ നടന്‍ ഉപയോഗിക്കുന്ന പ്രധാന വാഹനമാണ് ഈ മെയ്ബാക്ക്.
5 കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവര്‍ SV ഓട്ടോബയോഗ്രഫി, റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ഫെറാറി 599 GTB എന്നിവയും താരത്തിന്റെ ഗരാജിലുണ്ട്. അത്യപൂര്‍വ്വമായ വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ താല്‍പ്പര്യം കാണിക്കാറുള്ള സഞ്ജു ഒരുപക്ഷേ സൈബര്‍ട്രക്കും തന്റെ ഗരാജില്‍ എത്തിച്ചേക്കാം എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. സൈബര്‍ട്രക്കിന്റെ പരുക്കന്‍ രൂപവും സഞ്ജയ് ദത്തിന്റെ വ്യക്തിത്വവും തമ്മില്‍ വലിയ ചേര്‍ച്ചയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍.
വാഹനത്തിന്റെ സാങ്കേതിക മികവും താരത്തിന്റെ സ്വാഗും ചേര്‍ന്നപ്പോള്‍ അത് വേറിട്ട കാഴ്ചയായി. ഭാവിയില്‍ ടെസ്ല ഈ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഏകദേശം 50 ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. അതേസമയം നിലവില്‍ ഈ ഒരു മോഡല്‍ ഇറക്കുമതി ചെയ്ത് രജിസ്റ്റര്‍ ചെയ്യാന്‍ കോടികള്‍ മുടക്കണമെന്നതിനാലാണ് അധികം ആരും ആ സാഹസത്തിന് മുതിരാത്തത്.


Click it and Unblock the Notifications








