മഹീന്ദ്ര ഥാര്‍ 4X4 സ്വന്തമാക്കിയ നടിയെ മനസ്സിലായോ? കേരളത്തിലേക്കാള്‍ ഫെയ്മസ് അങ്ങ് തമിഴ്‌നാട്ടില്‍
ശ്രീ ഗോപിക എന്ന നടിയെ കുറിച്ച് മലയാളി പ്രേക്ഷകരില്‍ കുറച്ച് പേര്‍ക്കെങ്കിലും അറിയാന്‍ സാധിക്കും. പ്രശസ്ത റാപ്പറും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന റിനോഷ് ജോര്‍ജിനെ നായകനാക്കി എംസി ജിതിന്‍ സംവിധാനം ചെയ്ത 'നോണ്‍സെന്‍സ്' എന്ന ചിത്രത്തിലെ താരമായിരുന്നു പാലക്കാട്ടുകാരിയായ ശ്രീ ഗോപിക.
90 ML എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രീഗോപിക ഇപ്പോള്‍ തമിഴ്‌നാട്ടിലെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ശ്രീ ഗോപികയെന്ന പേര് കേള്‍ക്കാത്ത വീട്ടമ്മമാര്‍ തമിഴ്‌നാട്ടില്‍ ഉണ്ടാകില്ലെന്ന് തന്നെ പറയാം. 'സുന്ദരി' എന്ന തമിഴ് സീരിയലിലൂടെയാണ് താരം തമിഴ്‌നാട്ടില്‍ പ്രശസ്തയായത്. അടുത്തിടെ സൂര്യ ടിവിയില്‍ സംപ്രേഷണം ആരംഭിച്ച 'മാംഗല്യം തന്തുനാനേന' എന്ന സീരിയലിലും ശ്രീ ഗോപിക അഭിനയിക്കുന്നുണ്ട്.

ഇപ്പോള്‍ ഒരു പുതിയ കാര്‍ വാങ്ങി താരം തലകെട്ടുകള്‍ സൃഷ്ടിക്കുകയാണ്. സാധാരണ നടിമാരില്‍ നിന്ന് വ്യത്യസ്തയായി ഒരു ഓഫ്‌റോഡര്‍ എസ്‌യുവിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. പുതുപുത്തന്‍ മഹീന്ദ്ര ഥാര്‍ എസ്‌യുവി ഡെലിവറി എടുത്ത് ശ്രീഗോപിക ഓടിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ട്രെന്‍ഡിംഗാണ്. താരം തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
ഇന്‍സ്റ്റ റീല്‍സിലൂടെ വൈറലായ മെഗാഹിറ്റ് ചിത്രം കണ്ണൂര്‍ സ്‌ക്വാഡിലെ വില്ലന്റെ ബിജിഎമ്മിന്റെ അകമ്പടിയിലാണ് വീഡിയോ. തുടക്കത്തില്‍ പറഞ്ഞപോലെ സാധാരണയായി പല നടിമാരും ആഡംബര എസ്‌യുവി കള്‍ വാങ്ങാറുണ്ട്. എന്നാല്‍ ശ്രീ ഗോപിക വാങ്ങിയ മഹീന്ദ്ര ഥാര്‍ ലൈഫ്സ്റ്റൈല്‍ എസ്‌യുവി വിഭാഗത്തില്‍ പെട്ടതാണ്.
വെല്ലുവിളി നിറഞ്ഞ ഓഫ് റോഡ് യാത്രകള്‍ക്ക് പറ്റിയ മഹീന്ദ്ര ഥാര്‍ എസ്‌യുവി തന്നെ താരം സ്വന്തമാക്കിയതിന് കൈയ്യടിക്കുകയാണ് ആരാധകര്‍.

മഹീന്ദ്ര ഥാര്‍ 4WD, RWD കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇതില്‍ ഥാറിന്റെ 4X4 പതിപ്പ് തന്നെയാണ് താരം സ്വന്തമാക്കിയിരിക്കുന്നതെന്ന് ഇന്‍സ്റ്റ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബ്ലാക്ക് കളറിലുള്ള ഥാറാണ് ശ്രീ ഗോപിക സ്വന്തമാക്കിയിരിക്കുന്നത്. ശ്രീ ഗോപിക പുത്തന്‍ ഥാര്‍ സ്വന്തമാക്കിയത് എസ്‌യുവി സാധാരണക്കാര്‍ക്കിടയില്‍ മാത്രമല്ല സെലിബ്രിറ്റികളുടെയും പ്രിയ വാഹനമാണെന്ന് തെളിയിക്കുന്നതാണ്.
ശ്രീഗോപികയ്ക്ക് മുമ്പ് മറ്റ് നിരവധി സെലിബ്രിറ്റികളും മഹീന്ദ്ര ഥാര്‍ എസ്യുവി വാങ്ങിയിട്ടുണ്ട്. മലയാള സിനിമ ലോകത്ത് നിന്ന് ജയസൂര്യ, ഇന്ദ്രജിത് സുകുമാരന്‍, ഗോകുല്‍ സുരേഷ്, അനു സിത്താര എന്നിവര്‍ ഈ ജനപ്രിയ എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. കിയാര അദ്വാനി, കുനാല്‍ കേമു, പ്രകാശ് രാജ്, നുസ്രത് ബറൂച്ച, രൂപാലി ഗാംഗുലി എന്നിവരാണ് ഥാര്‍ ഉടമകളായ മറ്റ് സെലിബ്രിറ്റികള്‍.
ഇത് കൂടാതെ നിരവധി ക്രിക്കറ്റ് താരങ്ങള്‍ക്ക് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര മഹീന്ദ്ര ഥാര്‍ എസ്‌യുവി സമ്മാനിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച സര്‍ഫ്രാസ് ഖാന്റെ പിതാവായ നൗഷാദ് ഖാനും ആനന്ദ് മഹീന്ദ്ര ഥാര്‍ എസ്‌യുവി സമ്മാനിച്ചിരുന്നു. നിരവധി മാതാപിതാക്കള്‍ക്ക് പ്രചോദനമാണ് നൗഷാദ് ഖാന്‍ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രഖ്യാപനം.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യന്‍ ടീമിന്റെ വാതില്‍ അടഞ്ഞ് കിടന്ന സര്‍ഫ്രാസിന് നിത്യവും പ്രചോദനമായി നിലകൊണ്ടത് കോച്ച് കൂടിയായ നൗഷാദ് ആയിരുന്നു. നിലവില്‍ 11.25 ലക്ഷം രൂപ മുതലാണ് മഹീന്ദ്ര ഥാര്‍ എസ്യുവിയുടെ ഇന്ത്യന്‍ വിപണിയിലെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അതേ സമയം ടോപ് വേരിയന്റിന് 17.20 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയായി മുടക്കണം.

മഹീന്ദ്ര ഥാര്‍ എസ്‌യുവി യില്‍ പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. മാനുവല്‍, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയുമായാണ് മഹീന്ദ്ര ഥാര്‍ മത്സരിക്കുന്നത്.
സെഗ്‌മെന്റിലെ ഥാറിന്റെ കുത്തക തകര്‍ക്കാന്‍ വേണ്ടി മാരുതി ജിംനി 5 ഡോര്‍ കൊണ്ടുവന്നെങ്കിലും ഥാറിന്റെ വില്‍പ്പന കൂടുക മാത്രമാണ് ചെയ്തിരിക്കുന്നത്. 2023 ജൂണിലാണ് ജിംനി 5 ഡോര്‍ പുറത്തിറക്കിയത്. തുടക്കത്തില്‍ തരക്കേടില്ലാത്ത വില്‍പ്പന നേടാന്‍ ജിംനിക്കായിരുന്നു. എന്നാല്‍ പിന്നീട് അങ്ങോട്ടുള്ള മാസങ്ങളില്‍ ഒരിക്കല്‍ പോലും ഥാറിന്റെ വില്‍പ്പനയുടെ തൊട്ടടുത്തെത്താന്‍പോലും ജിംനിക്കായില്ല.
2024 ജനുവരിയില്‍ മഹീന്ദ്ര ഥാര്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയുമായി 6,059 യൂണിറ്റുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ മാസം വെറും 163 പേര്‍ മാത്രമാണ് ജിംനി വാങ്ങാനെത്തിയത്. ഈ വര്‍ഷം രണ്ടാം പകുതിയോടെ ഥാറിന്റെ 5 ഡോര്‍ പതിപ്പ് വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. എസ്‌യുവിയുടെ കൂടുതല്‍ പ്രായോഗികമായ പതിപ്പ് കൂടി എത്തുന്നതോടെ വില്‍പ്പന ഇനിയും ഉയരും.


Click it and Unblock the Notifications








