നടന്‍ വിജയ് സിഗ്‌നല്‍ തെറ്റിക്കുന്നത് ചിത്രീകരിച്ചയാള്‍ക്കും പിഴ! എന്തിനെന്ന് അറിയാമോ?
ഈ സോഷ്യല്‍ മീഡിയാക്കാലത്ത് നിയമലംഘനം നടത്തുവര്‍ ആരായാലും അത് വെളിച്ചത്ത് വരാറുണ്ട്. സെലിബ്രിറ്റികളില്‍ പലര്‍ക്കും അത്തരത്തില്‍ പണികിട്ടിയിട്ടുണ്ട്. തമിഴ് സൂപ്പര്‍ താരമായ വിജയ്ക്ക് അടുത്തിടെ സിഗ്‌നല്‍ തെറ്റിച്ചതിന് 500 രൂപ പിഴ ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ സംഭവത്തിനിടയാക്കിയ വീഡിയോ ചിത്രീകരിച്ചയാള്‍ക്കും 2500 രൂപ പിഴ കിട്ടി. എന്തിനാണെന്ന കാര്യം ചുവടെ വിശദീകരിക്കാം.
ഇന്ന് കോളിവുഡില്‍ ഏറ്റവും ബ്രാന്‍ഡ് വാല്യുവുള്ള നടന്‍മാരില്‍ പ്രമുഖനാണ് വിജയ്. ആവറേജ് അഭിപ്രായമുള്ള വിജയ് പടങ്ങള്‍ വരെ 200 കോടി ക്ലബില്‍ ഇടം നേടുന്ന സമയമാണിത്. കരിയറിന്റെ അത്യുന്നതിയില്‍ നില്‍ക്കുന്ന വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കാന്‍ പോകുകയാണെന്ന് അടുത്തിടെ വാര്‍ത്ത വന്നത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരിക്കുന്നതിന്റെ ഭാഗമായായിരിക്കും ഇടവേളയെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍.

തമിഴ്‌നാട്ടിലൂടെ വിജയ് പദയാത്ര നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയില്‍ മാത്രമല്ല മുമ്പ് നിരവധി തവണ നിത്യജീവിതത്തിലും തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞ നടനാണ് അദ്ദേഹം. വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ അറിയപ്പെടുന്ന ഫാന്‍സ് അസോസിയേഷന്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനം നടത്തിയത് വിജയ്ക്ക് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാന്‍ കരുത്തേകുന്നതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കഴിഞ്ഞ ദിവസം നടന്‍ ചെന്നൈയിലെ പനയൂരില്‍ വെച്ച് വിജയ് പീപ്പിള്‍സ് മൂവ്മെന്റ് എക്സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിലെ 234 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള പീപ്പിള്‍സ് മൂവ്മെന്റ് എക്സിക്യൂട്ടീവുകള്‍ യോഗത്തില്‍ പങ്കെടുത്തു. വിജയ് രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കുന്നുവെന്ന് ഈ സംഭവം വഴി വിലയിരുത്തപ്പെട്ടു. ഇതേതുടര്‍ന്ന് മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി.

പരിപാടി നടന്ന ദിവസം വിജയ് നീലങ്ങരയിലെ വീട്ടില്‍ നിന്ന് പനയൂരിലേക്ക് കാറില്‍ വരുന്നത് മാധ്യമങ്ങള്‍ പകര്‍ത്തിയിരുന്നു. ടൊയോട്ടയുടെ ഇന്നോവ കാറില്‍ സഞ്ചരിക്കുന്ന വിജയ്‌യുടെ ദൃശ്യങ്ങള്‍ ലൈവായി വിവിധ മാധ്യമങ്ങളില്‍ സംപ്രേക്ഷണം ചെയ്തു. ഈ വീഡിയോയില്‍ വിജയ്‌യുടെ കാര്‍ സിഗ്‌നല്‍ തെറ്റിക്കുന്നതും ക്യാമറക്കണ്ണുകളില്‍ പതിഞ്ഞു. ഇതോടെ വീഡിയോ ശ്രദ്ധയില്‍ പെട്ട ചെന്നൈ ട്രാഫിക് പൊലീസ് നിയമലംഘനത്തിന് നടന് 500 രൂപ പിഴ ചുമത്തി.
തന്റെ തെറ്റ് അംഗീകരിച്ച നടന്‍ 500 രൂപ പിഴ നല്‍കിയതായാണ് വിവരം. വിജയ്ക്ക് പിഴ ലഭിച്ചത് ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. ഇതിന് പിന്നാലെ നടന്റെ കാര്‍ മാത്രമല്ല ഇത് പകര്‍ത്തിയ ക്യാമറാമാനും വീഡിയോ എടുത്ത മാധ്യമങ്ങളും സിഗ്‌നല്‍ തെറ്റിച്ചെന്ന് വിജയ് ഫാന്‍സും ആരോപണം ഉന്നയിച്ചു.
വിജയ് ആരാധകരില്‍ ഒരാള്‍ നിയമലംഘനം നടത്തിയ വീഡിയോ ഗ്രാഫറെ സംബന്ധിച്ച് ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാഫിക് പൊലീസിനെ ടാഗ് ചെയ്ത് പരാതിപ്പെട്ടതോടെ ചലാന്‍ ഇട്ടിരിക്കുകയാണ് അധികൃതര്‍. സിഗ്‌നല്‍ ലംഘിച്ചതിന് 500 രൂപയും രണ്ടുപേര്‍ ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 2000 രൂപയുമടക്കം മൊത്തം 2500 രൂപയാണ് ബൈക്ക് ഉടമയ്ക്ക് പിഴ ചുമത്തിയത്. പിഴ ചുമത്തിയ കാര്യം ചെന്നൈ മെട്രോപൊളിറ്റന്‍ പൊലീസ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു.
പൊതുസ്ഥലത്ത് ഗതാഗത നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള സംവിധാനം ചെന്നൈയില്‍ പൊലീസ് ഒരുക്കിയിട്ടുണ്ട്. നിയമലംഘനത്തിന്റെ ഫോട്ടോയോ വീഡിയോയോ എടുത്ത് അത് നടന്ന തീയതി, സമയം, സ്ഥലം എന്നിവ സഹിതം ട്രാഫിക് പൊലീസിന്റെ ട്വിറ്റര്‍ പേജില്‍ ടാഗ് ചെയ്ത് പരാതിപ്പെടാവുന്നതാണ്. മൊബൈല്‍ ക്യാമറ, ക്യാമറ, സിസിടിവി ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കും.
ആംബുലന്‍സുകള്‍ അഗ്നിശമന സേന വാഹനങ്ങള്‍ എന്നിവക്കൊപ്പം സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി ചില വിഐപികള്‍ക്കും മാത്രമാണ് സിഗ്‌നലില്‍ ഇളവുള്ളത്. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ എല്ലാ റോഡ് ഉപയോക്താക്കളും സിഗ്‌നല്‍ പാലിച്ചേ മതിയാകൂ. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്‍മാരാണെന്ന് തെളിയിക്കുന്ന മറ്റൊരു ഉദാഹരണം കൂടിയാണിത്.


Click it and Unblock the Notifications








