ഹേറ്റേഴ്‌സില്ല, പക്ഷേ ബ്ലോക്ക്ബസ്റ്ററടിച്ചിട്ട് കൊല്ലങ്ങള്‍... ഫെറാറി SUV സ്വന്തമാക്കിയ ആദ്യ നടനെ നോക്കിക്കേ
ഫെറാറിയുടെ ആദ്യത്തെ എസ്‌യുവിയും ആദ്യത്തെ 4-ഡോര്‍ മോഡലുമാണ് പുരോസാങ്‌ഗ്വേ. പ്രായോഗികവും ഫാമിലി ഫ്രണ്ട്‌ലിയുമായി പിറവിയെടുത്ത ഈ ആഡംബര വാഹനം ഇന്ത്യയിലെ ധനികരായ കാര്‍ പ്രേമികള്‍ക്കിടയില്‍ അതിവേഗം പ്രിയങ്കരമായി മാറി. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ ഭൂപേഷ് റെഡ്ഡിയാണ് ഇന്ത്യയില്‍ ഈ കാര്‍ സ്വന്തമാക്കിയ ആദ്യ വ്യക്തി. ഔദ്യോഗിക ലോഞ്ചിന് മുമ്പേ ഈ ഫെറാറി ഭൂപേഷ് തന്റെ പ്രശസ്തമായ ബ്രെന്‍ ഗരാജില്‍ എത്തിച്ചു. ഇതിന് ശേഷം മാത്രമാണ് മുകേഷ് അംബാനി പോലും ഈ കാര്‍ കിട്ടിയത്. അംബാനി കുടുംബത്തിന് രണ്ട് ഫെരാരി പുരോസോങ്‌ഗ്വേ എസ്‌യുവികളുണ്ട്.
ഇപ്പോള്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം ഈ ആഡംബര കാറില്‍ ചെന്നൈ നഗരത്തിലൂടെ കറങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബാരത് ജെലിനാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സ്വന്തം കാറില്‍ യാത്ര ചെയ്യുമ്പോള്‍ ടീല്‍ ബ്ലൂ നിറത്തിലുള്ള ഫെറാറി പുരോസാങ്‌ഗ്വേ എസ്‌യുവി ശ്രദ്ധയില്‍പ്പെട്ടതോടെ ചിലര്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് വലതുവശത്തുകൂടി കാര്‍ ഓവര്‍ടേക്ക് ചെയ്ത് പോയി.

അമിത വേഗതയിലോ അശ്രദ്ധമായോ ആയിരുന്നില്ല ഫെറാറി ഓടിച്ചിരുന്നത്. ഡ്രൈവര്‍ സണ്‍ഷേഡ് ഉപയോഗിച്ച് വിന്‍ഡോ മറച്ചിരുന്നു. എന്നിരുന്നാലും, വാഹനത്തിലുണ്ടായിരുന്നവര്‍ നടനെ എളുപ്പം തിരിച്ചറിഞ്ഞ് കാര്‍ പിന്തുടരുകയായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ വിക്രം ആയിരുന്നു കാറില്‍. ട്രാഫിക് സിഗ്‌നലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യുന്ന കാറിലെ കുട്ടികളെ വിക്രം ശ്രദ്ധിച്ചു. തുടര്‍ന്ന് നടന്‍ ജനല്‍ ഷേഡിലൂടെ നോക്കി അവരുമായി സംസാരിച്ചു.
പിന്നീട് ഷേഡ് പൂര്‍ണമായി മാറ്റി പുഞ്ചിരിക്കുകയും കുട്ടികളോടും, വാഹനത്തിന്റെ ഡ്രൈവറോടും സംസാരിക്കുകയും ചെയ്തു. ദേശീയ പുരസ്‌കാര ജേതാവായ വിക്രം തന്റെ സ്വതസിദ്ധമായ അഭിനയപാടവം കൊണ്ടും കഥാപാത്ര പൂര്‍ണതയ്ക്കായി നടത്തുന്ന കഠിനാധ്വാനം കൊണ്ടും ശ്രദ്ധേയനാണ്. കരിയറിന്റെ തുടക്കകാലത്ത് മലയാള സിനിമകളിലും അഭിനയിച്ച വിക്രം വിവാഹം ചെയ്തിരിക്കുന്നത് ഒരു മലയാളിയെ ആണ്. തമിഴ്, മലയാളം, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലായി 60-ലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
അന്യന്‍ എന്ന ബ്രഹ്‌മാണ്ഡ ഹിറ്റിന് ശേഷം സ്റ്റാര്‍ഡം ഉയര്‍ന്നെങ്കിലും സഹപ്രവര്‍ത്തകരായ വിജയ്, അജിത്ത് എന്നിവരെ പോലെ ബോക്‌സ്ഓഫീസ് പവര്‍ നിലനിര്‍ത്താന്‍ സാധിച്ചില്ല. നിരൂപക പ്രശംസ ലഭിച്ച നിരവധി വേഷങ്ങള്‍ ലഭിച്ചെങ്കിലും വിക്രമിന് ഒരു വമ്പന്‍ ഹിറ്റ് ലഭിച്ചിട്ട് വര്‍ഷങ്ങളായി. ഹേറ്റേഴ്‌സ് ഇല്ലാത്ത നടന്‍ എന്ന് വിശേഷിപ്പിക്കാവുന്ന വിക്രമിന്റെ അവസാനം പുറത്തിറങ്ങിയ വീരധീര സൂരന്‍ തരക്കേടില്ലാത്ത വിജയം നേടിയിരുന്നു.
എന്നിരുന്നാലും ഒരു തകര്‍പ്പന്‍ വിജയത്തിലൂടെ വിക്രം ബോക്‌സ്ഓഫീസ് പഞ്ഞിക്കിടുന്നത് കാണാന്‍ കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോള്‍. ഏതായാലും വൈവിധ്യമാര്‍ന്ന സിനിമകള്‍ തെരഞ്ഞെടുക്കുന്ന വിക്രമിന്റെ കാറുകളിലും ഇതേ വൈവിധ്യം കാണാം. ഇന്ത്യയില്‍ ഫെറാറി പുരോസോങ്‌ഗ്വേ സ്വന്തമാക്കുന്ന ആദ്യത്തെ പ്രമുഖ നടനാണ് വിക്രമെന്ന് പറയപ്പെടുന്നു. ഫെറാറി എസ്‌യുവിയെ കുറിച്ച് പറയുമ്പോള്‍ നാല് ഡോറുകള്‍, റിയര്‍ സീറ്റുകള്‍, ഭേദപ്പെട്ട ബൂട്ട് സ്‌പേസ് എന്നിവ ഈ വാഹനത്തിന്റെ സവിശേഷതകളാണ്.

സാധാരണയായി ഫെരാരി വാഹനങ്ങളില്‍ കാണാത്ത സവിശേഷതകളാണിത്. ലംബോര്‍ഗിനി ഉറൂസ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ് തുടങ്ങിയ പെര്‍ഫോമന്‍സ് എസ്‌യുവികളുമായി ഫെറാറി പുരോസോങ്‌ഗ്വേ മത്സരിക്കുന്നു. ഇതിന്റെ സ്‌പോര്‍ട്‌സ് കാറിന് സമാനമായ മുന്‍ഭാഗവും, എസ്‌യുവിക്ക് സമാനമായ രൂപകല്‍പ്പനയും ഫെറാറിയുടെ തനത് ശൈലി വ്യക്തമാക്കുന്നു. പരമ്പരാഗത എസ്‌യുവികളെ അപേക്ഷിച്ച് അമിതമായ ഉയരമില്ലാത്തതിന് വാഹനത്തിന് ആകര്‍ഷകമായ രൂപം നല്‍കുന്നു.
പിന്‍ഭാഗത്തുള്ള ഹിഞ്ച്ഡ് ഡോറുകള്‍ എളുപ്പത്തില്‍ തുറക്കാനും പുറത്തിറങ്ങാനും സഹായിക്കുന്നു. എസ്‌യുവിയുടെ അകത്തളത്തില്‍ ലെതര്‍ സീറ്റുകള്‍, ഇലക്ട്രോക്രോമിക് ഗ്ലാസ് റൂഫ്, ഇലക്ട്രോണിക് സംവിധാനമുള്ള റിയര്‍ ഡോറുകള്‍, 373 ലിറ്റര്‍ ബൂട്ട് സ്‌പേസ് തുടങ്ങിയ പ്രീമിയം സവിശേഷതകളാല്‍ സമ്പന്നമാണ്. പിന്‍സീറ്റുകള്‍ക്ക് കാര്യമായ ഇടമില്ലെങ്കിലും ദൈനംദിന ഉപയോഗത്തിന് ഇത് പര്യാപ്തമാണ്.

6.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് V12 പെട്രോള്‍ എഞ്ചിനാണ് ഈ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഇത് 725 PS പവറും 716 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 10.5 കോടി രൂപയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില. അതിന്റെ ചില എതിരാളികളെ അപേക്ഷിച്ച് പുരോസോങ്‌ഗ്വേക്ക് അല്‍പ്പം വില കൂടുതലാണ്.
മറ്റ് നടന്‍മാരെ പോലെ നടന്‍ വിക്രമിനും ആഡംബര കാറുകള്‍ നിരവധിയുണ്ട്. ഫെറാറി കൂടാതെ, റോള്‍സ് റോയ്സ് സ്‌പെക്ടറും ചിയാന്‍ വിക്രമിന്റെ ശേഖരത്തിലുണ്ട്. ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സിന്റെ ആദ്യത്തെ ഇലക്ട്രിക് കാറാണിത്. ഡീപ് മെറൂണ്‍ ഷേഡിലുള്ള ഈ വാഹനത്തില്‍ വിക്രം കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നിരവധി തവണ ക്യാമറക്കണ്ണില്‍ പതിഞ്ഞിരുന്നു. ഇവിയുടെ വില 7.50 കോടി രൂപയാണ്. ബ്ലാക്ക് ബാഡ്ജ് വേരിയന്റിന് 9.5 കോടി രൂപയാണ് വില.


Click it and Unblock the Notifications








