കാറിന്റെ വിലയുള്ള സൂപ്പര്‍ബൈക്ക് സ്വന്തമാക്കി മമ്മൂട്ടി സിനിമയിലെ നായിക! ആളെ മനസ്സിലായോ?
ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്നവരാണ് ചലച്ചിത്ര താരങ്ങള്‍. വാഹനങ്ങള്‍ സ്റ്റാറ്റസ് സിംബല്‍ കൂടി ആയി മാറിയതിനാല്‍ നടന്‍മാരും നടിമാരും ആഡംബര കാറുകള്‍ക്ക് പിന്നാലെയാണ്. ചില വാഹനപ്രേമികളായ നടന്‍മാര്‍ വില കൂടിയ ബൈക്കുകളും വാങ്ങിക്കൂട്ടുന്നു. എന്നാല്‍ മോട്ടോര്‍സൈക്കിളുകളോട് ക്രേസുള്ള നടിമാര്‍ കുറവാണെന്ന് തന്നെ പറയാം.
എന്നിരുന്നാലും ടൂവീലറുകളോടുള്ള തങ്ങളുടെ ഇഷ്ടം പരസ്യമാക്കുന്ന നടിമാരുടെ എണ്ണം അടുത്തകാലത്തായി കൂടി വരികയാണ്. ഗുല്‍ പനാഗ്, സൊനാക്ഷി സിന്‍ഹ, കല്‍ക്കി കോച്ച്ലിന്‍, ദിവ്യങ്ക ത്രിപാഠി തുടങ്ങിയ ബോളിവുഡ് നടിമാരും ബൈക്കില്‍ കറങ്ങുന്ന ദൃശ്യങ്ങള്‍ നാം കണ്ടിട്ടുണ്ട്. ദക്ഷിണേന്ത്യയിലേക്ക് വന്നാല്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായ മഞ്ജു വാര്യര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു ബിഎംഡബ്ല്യു ബൈക്ക് വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.

തമിഴ് നടന്‍ അജിത്തിനൊപ്പം ഹിമാലയത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് മഞ്ജു മോട്ടോര്‍സൈക്കിളുകളുമായി പ്രണയത്തിലായത്. മടങ്ങിയെത്തിയ ഉടന്‍ താരം ഒരു പുതിയ BMW R1250 GS അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കി. തെന്നിന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ മോട്ടോര്‍സൈക്കിളുകളോട് പ്രേമം കാത്തുസൂക്ഷിക്കുന്നവരില്‍ പ്രമുഖയാണ് ഡെയ്‌സി ബൊപ്പണ്ണ. കുടക് സ്വദേശിനിയായ ഡെയ്‌സി ബൊപ്പണ്ണ പ്രധാനമായും കന്നഡ, തമിഴ് സിനിമകളിലൂടെയാണ് പ്രശസ്തയായത്.
എന്നാല്‍ ഒരു മലയാള സിനിമയിലും ഇവര്‍ വേഷമിട്ടിട്ടുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത 'പ്രജാപതി' എന്ന സിനിമയിലൂടെയായിരുന്നു ഡെയ്‌സി മലയാളത്തിലെത്തിയത്. ഈ ചിത്രത്തില്‍ ഒരു സിനിമ താരത്തിന്റെ കാമിയോ വേഷത്തിലായിരുന്നു ഡെയ്‌സി അഭിനയിച്ചത്. മോട്ടോര്‍സൈക്കിള്‍ ആരാധികയായ ഡെയ്‌സി ബൊപ്പണ്ണ ഇപ്പോള്‍ ഒരു പുത്തന്‍ പുതിയ ഡ്യൂക്കാട്ടി മോണ്‍സ്റ്റര്‍ സൂപ്പര്‍ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ്.

പുത്തന്‍ ബൈക്ക് സ്വന്തമാക്കിയ സന്തോഷം നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവെച്ചു. തന്റെ യാത്രകള്‍ ആനന്ദകരമാക്കാനായി വന്നുചേര്‍ന്ന പുത്തന്‍ അതിഥിക്ക് 'ആനന്ദി' എന്ന് ഡെയ്‌സി വിളിപ്പേരും നല്‍കിയിട്ടുണ്ട്. ഏകദേശം 25 വര്‍ഷം പഴക്കമുള്ള മോണ്‍സ്റ്റര്‍ ബ്രാന്‍ഡിന് കീഴില്‍ ഡ്യുക്കാട്ടി നേക്കഡ് സ്‌പോര്‍ട്‌സ് ബൈക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഡ്യുക്കാട്ടി മോണ്‍സ്റ്ററിന്റെ നിലവിലെ തലമുറ മോഡലാണ് ഡെയ്സി ബൊപ്പണ്ണ വാങ്ങിയിരിക്കുന്നത്.
ഈ മോഡല്‍ 2021-ലാണ് വിപണിയിലെത്തിയത്. 12.94 ലക്ഷം രൂപ മുതലാണ് പുതിയ ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 937-ന്റെ എക്സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഉയര്‍ന്ന വേരിയന്റുകളുടെ വില 15.95 ലക്ഷം രൂപ വരെ പോകുന്നു. എന്നാല്‍ ഡെയ്‌സി ബൊപ്പണ്ണമ മോട്ടോര്‍സൈക്കിളിന്റെ ഏത് വേരിയന്റാണ് സ്വന്തമാക്കിയത് എന്ന കാര്യം വ്യക്തമല്ല. ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ മോട്ടോര്‍സൈക്കിളിനെ കുറിച്ച് പറയുമ്പോള്‍ പുതുതലമുറ പതിപ്പ് മുന്‍ഗാമിയേക്കാള്‍ കുറച്ച് മെലിഞ്ഞതായി തോന്നുന്ന. അപ്‌ഡേറ്റഡ് എക്‌സ്റ്റീരിയര്‍ ഡിസൈനാണ് ബൈക്കിന്റെ ഹൈലൈറ്റുകളില്‍ ഒന്ന്.

ഹെഡ്ലൈറ്റ് ഡിസൈനും റിംഗ്-ടൈപ്പ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും (ഡിആര്‍എല്‍) പുതുതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ട്രെല്ലിസ് ഫ്രെയിമിന് പകരം ഒരു അലുമിനിയം ഫ്രെയിമിലാണ് ബൈക്കിപ്പോള്‍ വരുന്നത്. മാത്രമല്ല പനിഗാലെ V4-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു അലുമിനിയം സ്വിംഗാര്‍മും ഡ്യുക്കാട്ടി മോണ്‍സ്റ്ററിലെ പ്രധാന മാറ്റങ്ങളില്‍ ഒന്നാണ്. മുമ്പത്തേക്കാള്‍ ഭാരം കുറഞ്ഞതും എന്നാല്‍ കരുത്തുന്നതുമായ ഗ്ലാസ് ഫൈബര്‍-റീഇന്‍ഫോഴ്‌സ്ഡ് പോളിമര്‍ (GFRP) കൊണ്ടാണ് ഡ്യുക്കാട്ടി മോണ്‍സ്റ്ററിന്റെ സബ്‌ഫ്രെയിം നിര്‍മ്മിച്ചിരിക്കുന്നത്.
പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 937-സിസി, L-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഡ്യുക്കാട്ടി മോണ്‍സ്റ്ററിന്റെ ഹൃദയം. ഹൈപ്പര്‍മോട്ടാര്‍ഡിലും ഡ്യുക്കാട്ടി സൂപ്പര്‍സ്പോര്‍ട്ടിലും ഇതേ എഞ്ചിനാണ് സേവനമനുഷ്ഠിക്കുന്നത്. 110 bhp പവറും
93 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. ഒരു ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്ററും ബൈക്കിനൊപ്പം സ്റ്റാന്‍ഡേര്‍ഡായി വരുന്നു.
മറ്റ് ഹാര്‍ഡ്‌വെയറുകള്‍ പരിശോധിക്കുമ്പോള്‍ മുന്നില്‍ 43 mm അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 17 ഇഞ്ച് വീലുകളിലാണ് ബൈക്ക് ഓടുന്നത്. ഇത് മുമ്പത്തേക്കാള്‍ ഭാരം കുറഞ്ഞതാണെന്നും പറയപ്പെടുന്നു. മോട്ടോര്‍സൈക്കിളിന്റെ മുന്‍വശത്ത് ട്വിന്‍ 320 mm ഡിസ്‌കുകള്‍ ലഭിക്കുമ്പോള്‍ പിന്നില്‍ 245 mm ഡിസ്‌കാണ് സ്റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നത്.
റൈഡ്-ബൈ-വയര്‍, സ്‌പോര്‍ട്, ടൂറിംഗ്, അര്‍ബന്‍ എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ക്കൊപ്പം എബിഎസ്, കോര്‍ണറിങ് എബിഎസ്, പവര്‍ ലോഞ്ച്, ട്രാക്ഷന്‍ കണ്‍ട്രോള്‍, വീലി കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളും ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ വാഗ്ദാനം ചെയ്യുന്നു. ഡെയ്‌സിയെയും മഞ്ജുവിനെയും പോലെ സൂപ്പര്‍ ബൈക്കുകള്‍ സ്വന്തമാക്കാന്‍ തെന്നിന്ത്യയില്‍ നിന്ന് ഇനിയും നായികമാര്‍ മുന്നോട്ട് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഡെയ്‌സി ബൊപ്പണ്ണയെന്ന നടിയെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








