ബാംഗ്ലൂര്‍ ട്രാഫിക്കിന് എന്ത് പാവപ്പെട്ടവനും പണക്കാരനും! റോഡിലിറങ്ങി നടക്കേണ്ടി വന്ന താരസുന്ദരിയെ പിടികിട്ടിയോ
ഇന്ത്യയുടെ സിലിക്കണ്‍വാലിയെന്നറിയപ്പെടുന്ന നഗരമാണ് ബാംഗ്ലൂര്‍. ഐടി ഹബായ ബാംഗ്ലൂര്‍ പക്ഷേ ട്രാഫിക് ജാമുകളുടെ കാര്യത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച നഗരം കൂടിയാണ്. നമ്മുടെ രാജ്യത്തെ ഏറ്റവും മോശം ട്രാഫിക്കുള്ള നഗരം കൂടിയാണ് ബാംഗ്ലൂര്‍. ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ പുറത്തുവന്ന ഒരു പഠനം സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂര്‍ നിവാസികള്‍ 132 മണിക്കൂറാണ് ട്രാഫിക്കില്‍ കിടന്ന് നഷ്ടപ്പെടുത്തിയത്. കര്‍ണാടക തലസ്ഥാനത്ത് 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 28 മിനിറ്റും 10 സെക്കന്‍ഡും വേണമെന്നാണ് പഠനം പറയുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ട്രാഫിക് കുരുക്ക് അതിരൂക്ഷമായിരുന്നു.
അത്തരം സാഹചര്യങ്ങളില്‍ ആളുകള്‍ വാഹനം ഒതുക്കി നടന്ന് പോകുന്ന വാര്‍ത്ത നമ്മള്‍ കുറേ കണ്ടിട്ടുണ്ട്.
എന്നാല്‍ സ്വകാര്യത ഏറെ ആഗ്രഹിക്കുന്ന സെലിബ്രിറ്റികള്‍ ഇങ്ങനെ ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ?. വളരെ വിരളമായി മാത്രമാകും അങ്ങനെ സംഭവിച്ചിട്ടുണ്ടാകുക. എന്നാല്‍ കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് കാരണം ഒരു പ്രമുഖ നടി വാഹനം നിര്‍ത്തി ആളുകള്‍ക്കൊപ്പം റോഡിലൂടെ നടന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്.

കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ നഗരത്തെ ഇളക്കി മറിച്ച് ഗായകന്‍ ദില്‍ജിത് ദൊസാന്‍ഞ്ചിന്റെ സംഗീത നിശ അരങ്ങേറിയിരുന്നു. ഇത് ആസ്വദിക്കാന്‍ എത്തിയതായിരുന്നു ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍. ഈ പരിപാടിക്ക് എത്തിയപ്പോള്‍ ആണ് ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്. വാഹനം ട്രാഫിക്കില്‍ പെട്ടതോടെ അവര്‍ പൊതുജനങ്ങള്‍ക്കൊപ്പം റോഡിലൂടെ നടന്നു നീങ്ങുകയായിരുന്നു. അപ്പോള്‍ കൂടെ ഉണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോ ആണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്.
ഇഷ്ടതാരത്തെ അടുത്ത് കണ്ടതിന്റെ ആകാംക്ഷ കൂടെയുള്ളവരില്‍ പ്രകടമാണ്. ഈ വീഡിയോ ദീപിക പദുക്കോണിന്റെ ആരാധകര്‍ വ്യാപകമായി പങ്കുവെക്കുന്നുണ്ട്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ദീപിക-രണ്‍വീര്‍ സിംഗ് ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറന്നത്. 'ദുവ' എന്ന് പേരിട്ടിരിക്കുന്ന മകള്‍ക്കൊപ്പം കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടില്‍ നിന്ന് മെര്‍സിഡീസ് മെയ്ബാക്ക് GLS 600-ല്‍ കയറുന്ന ദീപികയുടെ വീഡിയോയും വൈറലായിരുന്നു. കോടികള്‍ വിലമതിക്കുന്ന ഒത്തിരി കാറുകള്‍ സ്വന്തമായുള്ള വ്യക്തി കൂടിയാണ് ദീപിക.

മെര്‍സിഡീസ് മെയ്ബാക്ക് S500, ഔഡി A8L, റേഞ്ച് റോവര്‍ വോഗ്, ഓഡി Q7, ബിഎംഡബ്ല്യു 5-സീരീസ് എന്നിവയാണ് ദീപികയുടെ ഗരാജിലെ ചില ശ്രദ്ധേയ മോഡലുകള്‍. ഏതായാലും ദീപിക പദുക്കോണിനെ വരെ പൊതുജനങ്ങളുടെ കൂടെ നടത്തിച്ച ബാംഗ്ലൂര്‍ ട്രാഫിക്കിന് പാവപ്പെട്ടവന്‍ എന്നോ പണക്കാരന്‍ എന്നോ വേര്‍തിരിവില്ലെന്ന് ഇതില്‍ നിന്ന് നാം മനസ്സിലാക്കണം. ദീപികയെ പോലുള്ള സെലിബ്രിറ്റികള്‍ക്ക് ഈ പ്രശ്‌നം വല്ലപ്പോഴും മാത്രം നേരിട്ടാല്‍ മതി.
എന്നാല്‍ ബാംഗ്ലൂര്‍ വാഹനമോടിക്കുന്നവര്‍ പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാറുണ്ട്. ബാംഗ്ലൂരിലെ ഈ ഗതാഗത തിരക്ക് കാരണം 19725 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. തിരക്ക്, സിഗ്‌നലുകളുടെ തടസ്സം, സമയനഷ്ടം, ഇന്ധനനഷ്ടം, എന്നിവ കാരണം ബെംഗളൂരുവിന് പ്രതിവര്‍ഷം 19,725 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുവെന്നാണ് പ്രമുഖ ട്രാഫിക്, മൊബിലിറ്റി വിദഗ്ധന്‍ എംഎന്‍ ശ്രീഹരിയും സംഘവും പറയുന്നത്. നഗരത്തിലെ വാഹന വളര്‍ച്ചയ്ക്കും വിസ്തൃതി വളര്‍ച്ചയ്ക്കും ആനുപാതികമല്ല ബാംഗ്ലൂരുവിലെ റോഡ് വളര്‍ച്ച.
നഗരത്തില്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ 60 ഫ്ളൈ ഓവറുകളുണ്ടെങ്കിലും, തിരക്ക്, സിഗ്‌നലുകളിലെ തടസ്സം, വേഗത കുറഞ്ഞ വാഹനങ്ങളുടെ തടസ്സം, ഇന്ധനനഷ്ടം, യാത്രക്കാരുടെ സമയം എന്നിവ കാരണം ഐടി ഹബ്ബിന് 19,725 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ശ്രീഹരിയും സംഘവും കണ്ടെത്തി. നഗരത്തിന്റെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങള്‍ സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് കുറച്ച് പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാന്‍ തുടങ്ങിയാല്‍ ഇതിന് മാറ്റം വന്നേക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








