ഒറ്റക്ക് വഴിവെട്ടി വന്നവള്‍, ഏത് വേഷവും വൃത്തിക്ക് ചെയ്യും! BMW ആഡംബര കാര്‍ സ്വന്തമാക്കി മലയാളികളുടെ പ്രിയ നടി
വെള്ളിത്തിരയിലെ വിസ്മയ പ്രകടനങ്ങള്‍ കൊണ്ട് മലയാളികളുടെ മനംകവര്‍ന്ന പ്രിയനടി ഗ്രേസ് ആന്റണിയുടെ (Grace Antony) യാത്രകള്‍ക്ക് ഇനി ആഡംബരത്തിളക്കം. തന്റെ വിജയയാത്രയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചേര്‍ത്ത് സ്വപ്നവാഹനമായ ബിഎംഡബ്ല്യു (BMW) സ്വന്തമാക്കിയിരിക്കുകയാണ് നടി. മലയാള സിനിമയില്‍ സ്വാഭാവിക അഭിനയം കൊണ്ട് തന്റേതായ ഗ്രേസ് ആന്റണി ബിഎംഡബ്ല്യുവിന്റെ X3 30 M സ്പോര്‍ട് പ്രോ (BMW X3 30 M Sport Pro) മോഡലാണ് സ്വന്തമാക്കിയത്. കൊച്ചിയിലെ പ്രമുഖ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പില്‍ നിന്ന് താരം പുതിയ ആഡംബര വാഹനം ഏറ്റുവാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
258 bhp പവറും 400 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഈ ആഡംബര വാഹനത്തിന്റെ ഹൃദയം. വെറും 6.2 സെക്കന്‍ഡിനുള്ളില്‍ 100 kmph വേഗത കൈവരിക്കാന്‍ ഈ ജര്‍മന്‍ കരുത്തന് സാധിക്കും. വേഗതയും സുഖകരമായ ഡ്രൈവിംഗ് അനുഭവവും ആഗ്രഹിക്കുന്നവര്‍ക്ക് ഈ ബിഎംഡബ്ല്യു മോഡല്‍ മികച്ച ചോയിസാണ്.

ഡിസൈന്‍ വശം നോക്കുമ്പോള്‍ ബിഎംഡബ്ല്യുവിന്റെ സിഗ്നേച്ചര്‍ കിഡ്‌നി ഗ്രില്ലും സ്പോര്‍ട്ടി ലുക്ക് നല്‍കുന്ന M-സ്പോര്‍ട് ബോഡി കിറ്റും ഇതിന്റെ പുറംമോടിക്ക് മാറ്റേകുന്നു. അകത്തളത്തില്‍ പ്രീമിയം ലെതര്‍ സീറ്റുകളും 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് രാജകീയ അനുഭവം നല്‍കുന്നു. ആറ് എയര്‍ബാഗുകളും അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലാമ്പുകളും സുരക്ഷ ഉറപ്പാക്കുന്നു. കേരളത്തില്‍ ഏകദേശം 74.50 ലക്ഷം രൂപയാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില.
ഗ്രേസിനെ കുറിച്ച് പറയുമ്പോള്‍ 2016-ല്‍ 'ഹാപ്പി വെഡിങ്സ്' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി, 2019-ല്‍ പുറത്തിറങ്ങിയ 'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിലെ സിമി എന്ന കഥാപാത്രത്തിലൂടെയാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ ഭാര്യയായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഗ്രേസ് കാഴ്ചവെച്ചത്. പിന്നീട് 'തമാശ', 'ഹലാല്‍ ലവ് സ്റ്റോറി', 'കനകം കാമിനി കലഹം', 'റോഷാക്ക്', 'അപ്പന്‍' തുടങ്ങി നിരവധി ചിത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ ചെയ്ത് ഫലിപ്പിക്കാന്‍ ഗ്രേസിനായി.

ഏത് വേഷവും തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള താരത്തിന്റെ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിലെ മുളവുകാട് സ്വദേശിനിയായ ഗ്രേസ് സാധാരണ കുടുംബത്തില്‍ ജനിച്ച് സ്വന്തം കഠിനാധ്വാനത്തിലൂടെയാണ് സിനിമയുടെ ഗ്ലാമര്‍ ലോകത്ത് സ്വന്തം ഇടം കണ്ടെത്തിയത്. വാഹനം ഡെലിവറി എടുക്കുന്നതിന്റെ ചിത്രങ്ങള്‍ക്കൊപ്പം ഗ്രേസ് കുറിച്ച വാക്കുകള്‍ ആരാധകരുടെ മനസ് നിറയ്ക്കുന്നതാണ്.
പിന്നിട്ട വഴികളെക്കുറിച്ചുള്ള കുറിപ്പിൽ പുതിയ കാറിന്റെ താക്കോല്‍ കൈയ്യിൽ പിടിക്കുമ്പോള്‍ ഇതൊരു കാര്‍ മാത്രമല്ല... തന്റെ കഠിനാധ്വാനത്തിന്റെയും വിശ്വാസത്തിന്റെയും കരുത്തിന്റെയും ആകെത്തുകയാണെന്നാണ് ഗ്രേസ് പറഞ്ഞുവെക്കുന്നത്.അഭിനയത്തോടുള്ള ആത്മാര്‍ത്ഥതയും പ്രയത്നവുമാണ് ഇന്ന് കാണുന്ന നിലയിലേക്ക് താരത്തെ എത്തിച്ചത്. സിനിമയ്ക്ക് പുറമെ കലാരംഗത്ത് സജീവമായ ഗ്രേസ് ആന്റണി ഒരു മികച്ച നര്‍ത്തകി കൂടിയാണ്.

ഭരതനാട്യത്തില്‍ ബിരുദം നേടിയ താരം തന്റെ നൃത്ത വൈഭവം സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു ഗ്രേസിന്റെ വിവാഹം. ദീർഘകാല സുഹൃത്തായ എബി ടോം സിറിയക്കാണ് ജീവിത പങ്കാളി. പുത്തന്‍ ബിഎംഡബ്ല്യു X3ആഡംബര വാഹനത്തിലെ ഗ്രേസിന്റെ ഭാവി യാത്രകൾ സന്തോഷപൂര്‍ണമാകട്ടെയെന്ന് ആശംസിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








