സ്വപ്‌ന സുന്ദരിയെ തട്ടിയെടുത്ത 'വില്ലന്‍'! 5.9 കോടി പൊടിച്ച് പുതിയ കാര്‍ വാങ്ങിയ നടിയുടെ ഭര്‍ത്താവ്
സെലിബ്രിറ്റികള്‍ക്ക് ആഡംബര കാറുകള്‍ എന്നാല്‍ ഹരമായിരിക്കും. ഒരു വര്‍ഷം തന്നെ ഒന്നിലേറെ കാറുകള്‍ അവര്‍ വാങ്ങിക്കൂട്ടുന്നു. അതില്‍ എണ്ണത്തില്‍ വളരെ ചുരുക്കമുള്ള ലിമിറ്റഡ് എഡിഷന്‍ കാറുകള്‍ ആണെങ്കില്‍ സെലിബ്രിറ്റികള്‍ അതിനായി മത്സരിക്കും. ബ്രിട്ടീഷ് കാര്‍ ബ്രാന്‍ഡായ മക്ലാരന്‍ പുറത്തിറക്കുന്ന ഒരു കാര്‍ മോഡലാണ് മക്ലാരന്‍ 750S കൂപ്പെ. ഇപ്പോള്‍ ടോക്ക്യോ സിയന്‍ ഷെയ്ഡിലുള്ള ഒരു മക്ലാരന്‍ 750S കൂപ്പെയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരുകാലത്ത് ഇന്ത്യന്‍ യുവാക്കളുടെ ഹൃദയം കവര്‍ന്ന സുന്ദരിയും ഭര്‍ത്താവും ചേര്‍ന്ന് വാങ്ങിയതാണ് ഈ കാര്‍. അത് ആരാണെന്നും ഈ കാറിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം.
കൂടുതല്‍ ശക്തമായ എഞ്ചിന്‍, മെച്ചപ്പെട്ട ഷാസി, എയറോഡൈനാമിക്സ് എന്നിവയുമായി എത്തുന്ന മക്ലാരന്‍ 750S-നെ മക്‌ലാരന്‍ 720S-ന്റെ പിന്‍ഗാമിയെന്ന് പറയാം. മക്‌ലാരന്‍ ഇതുവരെ പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും ഭാരം കുറഞ്ഞതും ശക്തവുമായ സീരീസ് പ്രൊഡക്ഷന്‍ കാര്‍ കൂപ്പെ, സ്പൈഡര്‍ എന്നീ പതിപ്പുകളില്‍ വാങ്ങാന്‍ സാധിക്കും. മക്‌ലാരന്‍750S-ന് 720S-നെ അപേക്ഷിച്ച് 30 കിലോ ഭാരം കുറവാണ്. ഇത് ഇപ്പോള്‍ ഒരു ടണ്ണിന് 587hp എന്ന പവര്‍-ടു-വെയ്റ്റ് അനുപാതത്തിലാണ് വരുന്നത്.

720S മോഡലിന് തുടിപ്പേകിയ അതേ 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോ, ഫ്ലാറ്റ്-പ്ലെയ്ന്‍ V8 എഞ്ചിന്‍ (M840T) ആണ് 750S-ന്റെ ഹൃദയം. വലിയ പരിഷ്‌കാരങ്ങളും മെച്ചപ്പെടുത്തലുകള്‍ക്കും വിധേയമായിട്ടുണ്ടെങ്കിലും ഈ എഞ്ചിന്റെ പവര്‍ഔട്ട്പുട്ടില്‍ മാറ്റമൊന്നുമില്ല. 750 hp പവറും 800 Nm ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന് പുതിയ ട്രിപ്പിള്‍-ലെയര്‍ ഹെഡ് ഗാസ്‌കറ്റ്, പുതിയ ട്വിന്‍ ഫ്യുവല്‍ പമ്പുകള്‍, ഹയര്‍ പ്രഷര്‍ ടര്‍ബോസ്, ഭാരം കുറഞ്ഞ പിസ്റ്റണുകള്‍ എന്നിവ ലഭിക്കുന്നു.
മുന്‍ഗാമിയേക്കാള്‍ 10 ശതമാനം വേഗത കൂടുതലുള്ള ഈ കാര്‍ 7.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് മക്ലാരന്‍ അവകാശപ്പെടുന്നത്. 0-100kmph വേഗത തൊടാന്‍ വെറും 2.8 സെക്കന്‍ഡ് മതി. മക്ലാരന്‍ 750S-ന്റെ ടോപ് സ്പീഡ് മണിക്കൂറില്‍ 331 കിലോമീറ്ററാണ്. ഒരു സ്‌പോര്‍ട്‌സ് എക്‌സ്‌ഹോസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി കാറില്‍ വരുന്നു.

ഷാസിയും മെച്ചപ്പെടുത്തിയതിനൊപ്പം ഫ്രണ്ട് ട്രാക്ക് ഇപ്പോള്‍ വിശാലമാണ്. പ്ലാറ്റ്‌ഫോമിന് വേഗതയേറിയ സ്റ്റിയറിംഗ് റാക്കും ഭാരം കുറഞ്ഞ സ്പ്രിംഗുകളും ഉണ്ട്. ഒരു പുതിയ ബ്രേക്ക് ബൂസ്റ്ററും നവീകരിച്ച പ്രോആക്ടീവ് ഷാസി കണ്‍ട്രോള്‍ സിസ്റ്റവും കാറിന് ലഭിക്കുന്നു. വലിയ ആക്റ്റീവ് റിയര്‍ വിംഗ് സൂപ്പര്‍ കാറിന് മികച്ച ഡൗണ്‍ഫോഴ്‌സ് നല്‍കും.
പരിഷ്‌കരിച്ച ലേഔട്ട്, പുതിയ 8.0 ഇഞ്ച് സെന്‍ട്രല്‍ ടച്ച്‌സ്‌ക്രീന്‍, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ചാര്‍ജര്‍, സ്ലിക്കര്‍ ബട്ടണുകളും കണ്‍ട്രോളുകളും കൂടാതെ സസ്പെന്‍ഷന്‍ ലിഫ്റ്റ് ഫീച്ചറും സൂപ്പര്‍ കാറിന്റെ അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്. സസ്‌പെന്‍ഡന്‍ ലിഫ്റ്റ് ഫീച്ചര്‍ വിന്യസിച്ച് കഴിഞ്ഞാല്‍ വെറും 4 സെക്കന്‍ഡുകള്‍ കൊണ്ട് സ്പ്രിംഗുകള്‍ ഉയര്‍ത്തും.

ഈ കാറിന്റെ 20 യൂണിറ്റുകളില്‍ താഴെ എണ്ണം മാത്രമാണ് ഇന്ത്യക്കായി അനുവദിച്ചിട്ടുള്ളത്. അതില്‍ ഒന്നാണ് ഒരു ഫ്യുവല്‍ സ്റ്റേഷനില്‍ വെച്ച് ക്യാമറക്കണ്ണുകളില്‍ പതിഞ്ഞത്. മറ്റാരുമല്ല 1990-കളില്‍ ഇന്ത്യന്‍ യുവാക്കളുടെ ആവേശമായിരുന്ന മാധുരി ദീക്ഷിതിന്റെ ഭര്‍ത്താവായ ഡോ. ശ്രീറാം നേനേ ആയിരുന്നു കാറില്‍ ഉണ്ടായിരുന്നത്. മക്ലാരന്‍ 750S കൂപ്പെ പതിപ്പാണ് നടിയും ഭര്‍ത്താവും വാങ്ങിയിരിക്കുന്നത്. ഏകദേശം 5.9 കോടി രൂപയാണ് ഈ കാറിന്റെ വില.
ഇതിനോടകം തന്നെ പോര്‍ഷകള്‍ അണിനിരക്കുന്ന ദമ്പതികളുടെ ഗരാജിലെത്തുന്ന മൂന്നാമത്തെ സൂപ്പര്‍ കാറാണ് മക്‌ലാരന്‍ 750S കൂപ്പെ. നേരത്തെ 2023 ഏപ്രിലില്‍ 3.08 കോടി രൂപ വില വരുന്ന 992 പോര്‍ഷ 911 ടര്‍ബോ S മോഡല്‍ ഡോ. ശ്രീറാം വാങ്ങിയിരുന്നു. മാധുരിയുടെയും ശ്രീറാമിന്റെയും പക്കലെത്തുന്ന രണ്ടാമത്തെ 911 ടര്‍ബോ S ആയിരുന്നു അത്.
1980-1990 കാലഘട്ടത്തില്‍ ബോളിവുഡിലെ മുന്‍നിര നടിയായിരുന്ന മാധുരി 1999-ല്‍ ശ്രീറാമിനെ വിവാഹം ചെയ്ത ശേഷം അമേരിക്കയിലേക്ക് താമസം മാറിയിരുന്നു. ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നടി 2007-ല്‍ ആജ നച്‌ലേ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ് നടത്തിയത്. അമേരിക്കയില്‍ നിന്ന് ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയ മാധുരി ഇപ്പോള്‍ ബോളിവുഡില്‍ സജീവമാണ്. തീയറ്ററില്‍ നിറഞ്ഞോടുന്ന 'ഭൂല്‍ ഭൂലയ്യ3' ആണ് ഏറ്റും അവസാനം പുറത്തിറങ്ങിയ ചിത്രം.


Click it and Unblock the Notifications








