2 വര്‍ഷം കല്ല്യാണത്തിന് സമ്മതിച്ചില്ല, ഒടുക്കം സീരിയല്‍ നടിക്ക് 33 ലക്ഷത്തിന്റെ കാര്‍ സമ്മാനിച്ച് മാതാപിതാക്കൾ
ബാലതാരമായി അഭിനയ രംഗത്തെത്തി സീരിയലുകളിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയയാളാണ് നയന ജോസന്‍. മിനി സ്‌ക്രീനില്‍ കൂടെവിടെ പരമ്പരയിലൂടെയും വിവിധ ഡാന്‍സ് റിയാലിറ്റി ഷോസിലൂടെയും നയന നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ പവിത്രം എന്ന സീരിയലില്‍ രാധയായാണ് നയന പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ നയനയും ഡാന്‍സറും മോഡലുമായ ഗോകുലും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. തിരുവനന്തപുരം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹത്തില്‍ നിരവധി സെലിബ്രിറ്റികളടക്കം പങ്കെടുത്തു.
വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ഏറെ എതിര്‍പ്പുകള്‍ മറികടന്നാണ് വിവാഹത്തിലെത്തിയതെന്ന് വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് നയന സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. കുടുംബങ്ങളെ കൊണ്ട് കല്ല്യാണത്തിന് സമ്മതിപ്പിക്കാന്‍ രണ്ട് വര്‍ഷമെടുത്തുവെന്ന് താരങ്ങള്‍ വ്യക്തമാക്കി. ഓറഞ്ച് നിറത്തിലുള്ള സാരിയും വയലറ്റ് ബ്ലൗസുമായി വിവാഹത്തിന് എത്തിയ നയന ഏറെ സന്തോഷവതിയായിരുന്നു. തുടക്കത്തില്‍ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു വിവാഹം.

വിവാഹത്തിന് മുന്നോടിയായി മധുരംവെപ്പ്, ബ്രൈഡല്‍ ഷവര്‍, മെഹന്ദി ആഘോഷങ്ങളും നടന്നിരുന്നു. കൂടാതെ സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. പ്രീ-വെഡ്ഡിംഗ് ചിത്രങ്ങളില്‍ കുടുംബത്തിന്റെ സന്തോഷം കണ്ട് ഇതിനായിരുന്നോ ഇത്രയും എതിര്‍ത്തതെന്ന് നെറ്റിസണ്‍സ് ചോദിച്ചിരുന്നു. അതേ ചോദ്യം ആവര്‍ത്തിക്കുകയാണ് വിവാഹം കഴിഞ്ഞതോടെ.
കാരണം വിവാഹത്തിന് നയനക്കും പങ്കാളിക്കും ലക്ഷങ്ങള്‍ വിലമതിക്കുന്ന മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവിയാണ് മാതാപിതാക്കള്‍ സമ്മാനിച്ചത്. മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇവിയായ XEV 9e ആണ് നയനക്കും ഗോകുലിനും വിവാഹ സമ്മാനമായി ലഭിച്ചത്. ഇന്ത്യന്‍ വിപണിയില്‍ 21.90 ലക്ഷം മുതല്‍ 30.50 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില പോകുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 20 മുതലാണ് കമ്പനി ഇലക്ട്രിക് എസ്‌യുവികളുടെ വിതരണം ആരംഭിച്ചത്. ടോപ് എന്‍ഡ് വേരിയന്റുകളുടെ വിതരണം മാത്രമാണ് തുടങ്ങിയിട്ടുള്ളത് എന്നതിനാല്‍ നയനയുടെയും ഗോകുലിന്റെയും കാര്‍ പായ്ക്ക് 3 വേരിയന്റ് ആയിരിക്കുമെന്ന് കരുതാം. അങ്ങനെ വരുമ്പോള്‍ ഈ കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 33 ലക്ഷം രൂപയ്ക്ക് മുകളില്‍ വരും.
59 kWh, 79 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് മഹീന്ദ്ര XEV 9e ഓഫര്‍ ചെയ്യുന്നത്. ലോവര്‍ വേരിയന്റുകള്‍ക്ക് 59 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുക. ഇത് 228 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഫുള്‍ചാര്‍ജില്‍ 542 കിലോമീറ്ററാണ് റേഞ്ച് പറയുന്നത്. വലിയ 79 kWh വേരിയന്റ് 282 Bhp പവറും 380 Nm ടോര്‍ക്കും സൃഷ്ടിക്കും. 656 കിലോമീറ്ററാണ് ഇതിന്റെ ക്ലെയിംഡ് റേഞ്ച്.

ഇവികള്‍ക്ക് മാത്രമായുള്ള മഹീന്ദ്രയുടെ INGLO പ്ലാറ്റ്‌ഫോമില്‍ പണികഴിപ്പിച്ച ഈ എസ്‌യുവിക്ക് ഫ്യൂച്ചറിസ്റ്റിക് ആയ ഡിസൈനാണ് ഉള്ളത്. കണക്റ്റിംഗ് എല്‍ഇഡി ബാറുള്ള ഡ്രോപ്പ്-ഡൗണ്‍ എല്‍ഇഡി ഡിആര്‍എല്ലുകളുമായി വരുന്ന ഇ-എസ്‌യുവിയുടെ ഫ്രണ്ട് ഫാസിയ ആകര്‍ഷകമാണ്. കൂപ്പെ ശൈലിയിലാണ് ഇതിന്റെ ഡിസൈന്‍. ഫീച്ചര്‍ പായ്ക്ക്ഡ് ആയ ഒരു ഇന്റീരിയറും കാറിന് ലഭിക്കുന്നു.
ഡാഷ്‌ബോര്‍ഡില്‍ മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകളും പിന്‍സീറ്റ് യാത്രക്കാര്‍ക്ക് വിനോദത്തിനായി രണ്ട് സ്‌ക്രീനുകള്‍ നല്‍കിയിട്ടുണ്ട്. വിഷന്‍എക്സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, MAIA (മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആര്‍ക്കിടെക്ചര്‍), ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8295 പ്രോസസര്‍, 24 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.
സീറ്റ് വെന്റിലേഷനോട് കൂടിയ ലെതറെറ്റ് അപ്ഹോള്‍സ്റ്ററി, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകള്‍, ഡൈനാമിക് ലൈറ്റുകളുള്ള ഇന്‍ഫിനിറ്റി ഗ്ലാസ് റൂഫ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍. ഏഴ് എയര്‍ബാഗുകള്‍, ലെവല്‍ 2+ ADAS, 360-ഡിഗ്രി ക്യാമറ എന്നിവയടക്കം നിരവധി നൂതന സേഫ്റ്റി ഫീച്ചറുകള്‍ കാറില്‍ നല്‍കിയിട്ടുണ്ട്.
സെലിബ്രിറ്റികള്‍ ഏറ്റവും കൂടുതലായി വാങ്ങുന്ന ഇവികളില്‍ ഒന്നായി മാറിയിരിക്കുകയാണ് മഹീന്ദ്ര XEV 9e. സംഗീത മാന്ത്രികന്‍ എആര്‍ റഹ്‌മാന്‍, സംവിധായകനും നടനുമായ അനുരാഗ് കശ്യപ്, നടന്‍ ജാവേദ് ജാഫ്രി, നടി കുബ്ര സേത്, അജയ് ദേവ്ഗണിന്റെ അനന്തിരവനും സംവിധായകനുമായ ഡാനിഷ് ദേവ്ഗണ്‍ തുടങ്ങിയ സെലിബ്രിറ്റികളും ഈ ഇലക്ട്രിക് എസ്‌യുവിയുടെ ഡെലിവറിയെടുത്തിരുന്നു.


Click it and Unblock the Notifications








