ഷാരൂഖ് ഖാനെ തോല്‍പിച്ച് ഇന്‍ഡസ്ട്രി ഹിറ്റടിച്ച 'സ്ത്രീ'! സ്വിഫ്റ്റ് മുതല്‍ ലംബോര്‍ഗിനി വരെ ഓടിക്കും
സെലിബ്രിറ്റികള്‍ക്ക് കാറുകള്‍ എന്നാല്‍ ക്രേസ് ആണെന്ന് എല്ലാവര്‍ക്കുമറിയാം. ആഡംബര ജീവിതശൈലിക്കൊത്ത വാഹനങ്ങളും അവര്‍ തെരഞ്ഞെടുക്കുന്നു. കാറുകള്‍ സ്റ്റാറ്റസ് സിംബലായതിനാല്‍ അധികം സിനിമ താരങ്ങളും വിലകൂടിയ കാറുകളാണ് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി വിവിധ വില നിലവാരത്തിലും തരത്തിലുള്ള കാറുകള്‍ സ്വന്തമാക്കിയ സെലിബ്രിറ്റികളുമുണ്ട്. അത്തത്തില്‍ ഒരാളാണ് ബോളിവുഡിലെ മുന്‍നിര നായികയായ ശ്രദ്ധ കപൂര്‍. പുതിയ തലമുറ ബോളിവുഡ് താരറാണിമാരില്‍ ഒരാളായ ശ്രദ്ധ കപൂറിനെ അറിയാത്ത യൂത്തന്‍മാര്‍ കുറവായിരിക്കും. 'ആഷിഖി2' എന്ന ഒറ്റ ചിത്രത്തിലൂടെ യുവാക്കളുടെ ഹൃദയത്തില്‍ കയറിപ്പറ്റിയ യുവസുന്ദരി ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ഷാരൂഖ് ഖാനെ വരെ വീഴ്ത്തി തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു.
ശ്രദ്ധ നായികയായി എത്തിയ 'സ്ത്രീ 2' കിംഗ് ഖാന്‍ ചിത്രമായ ജവാനെ പിന്തള്ളി ഇന്ത്യന്‍ ബോക്‌സ്ഓഫീസിലെ ഏറ്റവും വലിയ പണംവാരിപ്പടമായി മാറിയത് അടുത്തിടെയാണ്. ഒരു സിനിമക്ക് കോടികള്‍ പ്രതിഫലം വാങ്ങുന്ന നടിയാണെങ്കിലും സാധാരണക്കാര്‍ ഉപയോഗിക്കുന്ന കാറില്‍ വരെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് ശ്രദ്ധ. താരത്തിന്റെ ഗരാജിലുള്ള കാറുകള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് നോക്കിയാലോ?. നമുക്ക് താരത്തിന്റെ കാര്‍ ശേഖരത്തിലെ സിമ്പിള്‍ കാറുകളില്‍ നിന്ന് തന്നെ തുടങ്ങാം.

മാരുതി സ്വിഫ്റ്റ്: നടിയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും കുറഞ്ഞ വിലയുള്ള കാറാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. തന്റെ മൂന്നാം തലമുറ സ്വിഫ്റ്റില്‍ നിരവധി തവണ താരം പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സിമ്പിള്‍ കാറില്‍ വന്നിറങ്ങുന്ന താരത്തിന്റെ വീഡിയോ അന്ന് വൈറലായിരുന്നു. കാറിലെ 1.2 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകളോടെയാണ് വരുന്നത്. 5.49 ലക്ഷം രൂപയായിരുന്നു ഈ കാറിന്റെ വില.
മാരുതി വിറ്റാര ബ്രെസ: ആരാധകരുടെ കണ്ണില്‍പെടാതെ നാട്ടിലൂടെ ചുറ്റിയടിക്കാന്‍ ബെസ്റ്റ് സാധാരണ കാറുകളാണെന്ന തിരിച്ചറിവില്‍ സ്വിഫ്റ്റ് കൂടാതെ ഒരു മാരുതി ബ്രെസയും ശ്രദ്ധ വാങ്ങിയിട്ടുണ്ട്. ഡീസല്‍ എഞ്ചിനുമായി വന്ന വിറ്റാര ബ്രെസയാണ് ശ്രദ്ധയുടെ പക്കലുള്ളത്. 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. 7.84 ലക്ഷം രൂപ മുതലായിരുന്നു ഈ കാറിന്റെ വില ആരംഭിച്ചത്.

ടൊയോട്ട ഫോര്‍ച്യൂണര്‍: സെലിബ്രിറ്റികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെല്ലാം പ്രിയപ്പെട്ട എസ്‌യുവികളിലൊന്നാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫുള്‍സൈസ് എസ്‌യുവിയായ ഫോര്‍ച്യൂണറും ശ്രദ്ധയുടെ വിശ്വാസ്ഥ രഥങ്ങളില്‍ ഒന്നാണ്. എസ്‌യുവിയുടെ പ്രീഫേസ്ലിഫ്റ്റ് പതിപ്പാണ് ശ്രദ്ധ കപൂര്‍ സ്വന്തമാക്കിയതെന്നാണ് സൂചന. ബ്ലാക്ക് കളറിലാണ് ഇത് ഫിനിഷ് ചെയ്തിരിക്കുന്നത്.
ഈ കാറില്‍ ശ്രദ്ധകപൂര്‍ മുംബൈയിലെ വിവിധ ഇടങ്ങളില്‍ വെച്ച് കാണപ്പെട്ടിട്ടുണ്ട്. പ്രധാനമായും പ്രമുഖ ബോളിവുഡ് നിര്‍മാണക്കമ്പനികളുടെ ഓഫീസിന്റെ ചുറ്റുവട്ടങ്ങളിലാണ് ഈ ഫോര്‍ച്യൂണര്‍ പ്രത്യക്ഷപ്പെട്ടത്. 2.8 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുമായി വരുന്ന ഫോര്‍ച്യൂണറിന്റെ 4×4 ആണോ അതോ 4×2 പതിപ്പാണോ ശ്രദ്ധ വാങ്ങിയതെന്ന് ഉറപ്പില്ല. 33.43 ലക്ഷം മുതല്‍ 51.44 ലക്ഷം രൂപ വരെയാണ് ഫോര്‍ച്യൂറിന്റെ വില പോകുന്നത്.
മെര്‍സിഡീസ് ബെന്‍സ് ML250: കരിയറിന്റെ തുടക്കകാലത്ത് ശ്രദ്ധ സ്വന്തമാക്കിയതാണ് ഈ ബെന്‍സ് കാര്‍. ഈ കാര്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ല. GLE എന്ന് റീബ്രാന്‍ഡ് ചെയ്താണ് ഈ മോഡല്‍ ഇപ്പോള്‍ വില്‍ക്കുന്നത്. ആദ്യമായി വാങ്ങിയ എസ്‌യുവി ഇന്നും നല്ല കണ്ടീഷനില്‍ ശ്രദ്ധ കൊണ്ടുനടക്കുന്നു. 203 PS പവറും 500 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് കാറിന് തുടിപ്പേകുന്നത്. 56.74 ലക്ഷം രൂപയായിരുന്നു അക്കാലത്തെ വില.
ലംബോര്‍ഗിനി ഹുറകാന്‍ ടെക്‌നിക്ക: ശ്രദ്ധ കപൂറിന്റെ ഗരാജിലെ ഏറ്റവും പുതിയതും ചെലവേറിയതുമായ കാറാണ് ലംബോര്‍ഗിനി ഹുറകാന്‍ ടെക്‌നിക്ക. ലംബോര്‍ഗിനി സ്വന്തമാക്കിയ ബോളിവുഡില്‍ നിന്നുള്ള ഏക നടിയാണ് ശ്രദ്ധ കപൂര്‍. എസ്‌യുവികളും ക്രോസ്ഓവറുകളും ഇഷ്ടപ്പെടുന്ന നടി അടുത്തകാലത്തായി പുറത്തിറങ്ങാറുള്ളത് ഈ കാര്‍ ഡ്രൈവ് ചെയ്താണ്.

2023-ലാണ് താരം ലംബോര്‍ഗിനി ഹുറകാന്‍ ടെക്‌നിക്ക സ്വന്തമാക്കിയത്. 640 PS പവറും 565 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 5.2 ലിറ്റര്‍ V10 എഞ്ചിനാണ് ഈ ലംബോര്‍ഗിനിയുടെ ഹൃദയം. എഞ്ചിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. 4.5 കോടി രൂപ മുതലാണ് ലംബോര്‍ഗിനി ഹുറാകാന്‍ ടെക്നിക്കയുടെ വില.


Click it and Unblock the Notifications








