ഏറ്റവും വിലപിടിപ്പുള്ള നടിമാരില്‍ ഒരാള്‍, 40 കോടിയുടെ ആസ്തി! പുത്തന്‍ ബെന്‍സ് വാങ്ങിയ സുന്ദരി
2024-ല്‍ നിരവധി സെലിബ്രിറ്റികളാണ് പുതിയ ആഡംബര കാറുകള്‍ വാങ്ങിയത്. പല വമ്പന്‍ പേരുകളും അക്കൂട്ടത്തില്‍ വരുന്നു. സെലിബ്രിറ്റികളുടെയും സമ്പന്നരുടെയും പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡാണ് മെര്‍സിഡീസ് ബെന്‍സ്. കഴിഞ്ഞ മാസം പ്രമുഖ മറാത്തി, ബോളിവുഡ് നടിയായ സോനാലി കുല്‍ക്കര്‍ണി (Sonali Kulkarni) പുത്തന്‍ മെര്‍സിഡീസ് ബെന്‍സ് GLC സ്വന്തമാക്കി. 'ദില്‍ ചാഹ്താ ഹേ', 'പ്യാര്‍ തൂനേ ക്യാ കിയാ', 'ഗുലാബ്ജാം', 'റിങ്ക സിംഗ്' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയാണ് അവര്‍. വാണിജ്യ സിനിമകള്‍ക്കൊപ്പം തന്നെ സമാന്തര സിനിമകളുടെയും ഭാഗമാകുന്ന സോനാലി ബഹുമുഖ പ്രതിഭ കൂടിയാണ്.
2002-ല്‍ ചൈത്ര എന്ന ചിത്രത്തില്‍ കരുത്തുന്ന കഥാപാത്രത്തെ അവതരിപ്പിച്ച സോനാലി ദേശീയ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. പല നടിമാരും ചെയ്യാന്‍ മടിക്കുന്ന റോളുകള്‍ തെരഞ്ഞെടുത്ത് ചെയ്യുന്ന സോനാലി മറാത്ത മാധ്യമങ്ങളില്‍ സ്ഥിരം പംക്തികള്‍ കൈകാര്യം ചെയ്യുന്ന എഴുത്തുകാരി കൂടിയാണ്. മറാത്തിയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയാണ് സോനാലി. ഏകദേശം 40 കോടി രൂപയോളമാണ് സോനാലിയുടെ ആസ്തിയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏതായാലും തന്റെ ഭാവി യാത്രകള്‍ക്കായി ലക്ഷങ്ങള്‍ പൊടിച്ച് ഒരു ആഡംബര കാര്‍ തന്നെ വാങ്ങിയിരിക്കുകയാണ് താരം. വര്‍ഷാവസാനമാണ് നടിയുടെ വീട്ടില്‍ പുതിയ ആഡംബര കാര്‍ എത്തിയത്. പുതിയ മെര്‍സിഡീസ് ബെന്‍സ് കാര്‍ വാങ്ങിയ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഷോറൂമില്‍ കുടുംബത്തോടൊപ്പം സൊണാലി പുതിയ കാറിന് പൂജ നടത്തി. അക്ഷയ് കേല്‍ക്കര്‍, വൈദേഹി പരശുരാമി എന്നിവരുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരും ആരാധകരും പുത്തന്‍ കാര്‍ വാങ്ങിയ നടിക്ക് ആശംസകളുമായി എത്തി.
സെലിബ്രിറ്റികളുടെ ഇഷ്ട നിറമായ പോളാര്‍ വൈറ്റാണ് സോനാലി തെരഞ്ഞെടുത്തത്. മെര്‍സിഡീസ് ബെന്‍സ് GLC എസ്‌യുവിയുടെ ഏത് വേരിയന്റാണ് താരം വാങ്ങിയിരിക്കുന്നതെന്ന് വ്യക്തമല്ല. 75.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന GLC 300 4MATIC പെട്രോള്‍, 76.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന 220d 4MATIC ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് GLC ഇന്ത്യയില്‍ വാങ്ങാനാവുക.

എസ്‌യുവിയുടെ പെട്രോള്‍ പതിപ്പിന് 90.24 ലക്ഷം രൂപയാണ് മുംബൈയിലെ ഓണ്‍-റോഡ് വില. അതേസമയം ഡീസലാണെങ്കില്‍ 92.99 ലക്ഷവും ഓണ്‍-റോഡ് വിലയായി മുടക്കണം. സെലിബ്രിറ്റികള്‍ക്കിടയില്‍ ഡീസല്‍ കാറുകള്‍ക്കാണ് ഡിമാന്റ് കൂടുതല്‍ എന്നതിനാല്‍ സോനാലി മിക്കവാറും GLC ലക്ഷ്വറി കാറിന്റെ ഡീസല്‍ പതിപ്പായിരിക്കും വാങ്ങിയിട്ടുണ്ടാകുക.
GLC 300 വേരിയന്റിന് 254 bhp പവറും 400 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. അതേസമയം കുറച്ച് കൂടി ജനപ്രിയമായ GLC 220d വേരിയന്റില്‍ 194 bhp പവറും 440 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് തുടിപ്പേകുക. രണ്ട് എഞ്ചിനുകളും ഒരു ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ കൊണ്ടുവരുന്ന 8V മെല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു.

ഇതുവഴി 22.6 bhp പവറും 200 Nm ടോര്‍ക്കും അധികമായി ലഭിക്കുന്നു.4MATIC ഓള്‍-വീല്‍-ഡ്രൈവ് യൂണിറ്റ് വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്ന 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിനുകള്‍ ഇണചേര്‍ത്തിരിക്കുന്നു. പെര്‍ഫോമന്‍സിലേക്ക് നോക്കിയാല്‍ ജര്‍മന്‍ എസ്‌യുവിക്ക് വെറും 6.2 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവും. മണിക്കൂറില്‍ 240 കിലോമീറ്ററാണ് ഈ കാറിന്റെ പരമാവധി വേഗത.
എല്‍ഇഡി ലൈറ്റിംഗ്, പുതിയ സ്ലിം എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, 11.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, 360 ഡിഗ്രി ക്യാമറ, എയര്‍ പ്യൂരിഫയര്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, MBUX UI, എയര്‍ക്രാഫ്റ്റ്-സ്റ്റൈല്‍ എയര്‍ വെന്റുകള്‍ എന്നിവയടക്കമുള്ള മികച്ച സവിശേഷതകള്‍ ഈ ആഡംബര കാറിന് ലഭിക്കുന്നു.
വെര്‍ച്വല്‍ ട്രാന്‍സ്പരന്റ് ബോണറ്റ്, ഏഴ് എയര്‍ബാഗുകള്‍, പ്രീ-സേഫ് ADAS, ഗ്രൗണ്ട് ക്ലിയറന്‍സ് 20 മില്ലിമീറ്റര്‍ ഉയര്‍ത്താന്‍ കഴിയുന്ന എയര്‍ സസ്‌പെന്‍ഷന്‍ എന്നിവയുള്‍പ്പെടെ നിരവധി സേഫ്റ്റി ഫീച്ചറുകളും മെര്‍സിഡീസ് GLC എസ്‌യുവിക്ക് ലഭിക്കുന്നു. സൗന്ദര്യവുാ ആഡംബരവും സേഫ്റ്റിയും സമന്വയിക്കുന്ന ഒരു മോഡല്‍ ആയതിനാല്‍ തന്നെയാണ് സെലിബ്രിറ്റികള്‍ കൂടുതലായി ഈ മോഡലിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications