നടിയായി മാറിയ എയര്‍ഹോസ്റ്റസിന്റെ ആസ്തി 50 കോടി! ഹ്യുണ്ടായിയില്‍ നിന്ന് എത്തി നില്‍ക്കുന്നത് ഡിഫെന്‍ഡറില്‍
ലോകത്തെ പ്രമുഖര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ആഡംബര എസ്‌യുവികളില്‍ ഒന്നാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. സുഖസൗകര്യങ്ങള്‍, ഏറ്റവും പുതിയ സാങ്കേതികവിദ്യ, ആത്യന്തിക ഓഫ്-റോഡിംഗ് കഴിവുകള്‍ എന്നിവയുടെ സന്തുലിതമായ പാക്കേജ് ഓഫര്‍ ചെയ്യുന്ന ഈ കാര്‍ ഇന്ത്യയിലും വന്‍ വിജയമാണ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ ഈ കാറിന്റെ വില്‍പ്പന 5000 യൂണിറ്റ് കഴിഞ്ഞതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പ്രഖ്യാപിച്ചത്. തങ്ങളുടെ വിജയവും സമ്പത്തും പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് ഒരു ലക്ഷ്വറി കാര്‍ വാങ്ങുന്നത്. അതിനായി ഇന്ത്യയിലെ സെലിബ്രിറ്റികള്‍ സമീപകാലത്തായി ഏറ്റവും കൂടുതലായി വാങ്ങുന്ന കാറുകളില്‍ ഒന്നാണ് ഡിഫെന്‍ഡര്‍.
ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ ഡിഫെന്‍ഡര്‍ 90, 110, 130 എന്നിങ്ങനെ മൂന്ന് ബോഡിസ്‌റ്റൈലുകളില്‍ വില്‍ക്കുന്നു. 90 ഷോര്‍ട്ട് വീല്‍ബേസ് (SWB) രൂപമാണ്. 110 സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസ് രൂപവും 130 ലോംഗ് വീല്‍ബേസ് (LWB) പതിപ്പുമാണ്. ഓരോന്നിലും ഡോറുകളുടെ എണ്ണത്തിലും വ്യത്യാസം കാണും. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സണ്ണി ഡിയോള്‍, അര്‍ജുന്‍ കപൂര്‍, സഞ്ജയ് ദത്ത്, പ്രകാശ് രാജ്, കാര്‍ത്തിക് ആര്യന്‍, തുടങ്ങിയ സെലിബ്രിറ്റികളുടെ ഗരാജുകളില്‍ ഡിഫെന്‍ഡര്‍ കാണാന്‍ കഴിയും.

മോളിവുഡില്‍ ഒരു ഡസനിലേറെ താരങ്ങള്‍ക്ക് ഡിഫെന്‍ഡര്‍ ഉള്ളതിനാല്‍ ആ പേരുകള്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. ഇപ്പോള്‍ ഒരു പ്രമുഖ സിനിമാ നടി ഡിഫെന്‍ഡര്‍ ഓണേഴ്‌സ് ക്ലബില്‍ അംഗത്വം നേടിയിട്ടുണ്ട്. ഹിന്ദി, പഞ്ചാബി, തമിഴ് സിനിമകളിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ സോനം ബജ്‌വയാണ് (Sonam Bajwa) ആ നടി. എയര്‍ഹോസ്റ്റസായി തുടങ്ങിയ സോനം ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പഞ്ചാബി നടിമാരില്‍ ഒരാളാണ്. ഏകദേശം 50 കോടി രൂപയാണ് ആസ്തി കണക്കാക്കുന്നത്.
2024-ല്‍ പുറത്തിറങ്ങിയ കുഡി ഹരിയാനെ വാല്‍ ഡി എന്ന ചിത്രത്തിലാണ് സോനം അവസാനമായി അഭിനയിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ 13 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സോനം 2 കോടി രൂപ വിലമതിക്കുന്ന ഒരു പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറാണ് ഗരാജില്‍ ചേര്‍ത്തിരിക്കുന്നത്. 35-കാരിയായ സോനം ഇതിനോടകം വിവിധ സെഗ്മെന്റുകളിലും വില ശ്രേണികളിലുമായി നിരവധി കാറുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഒരു സാധാരണ ഹ്യുണ്ടായി കാറില്‍ നിന്ന് ഒരു ടൊയോട്ട ഫോര്‍ച്യൂണറിലേക്കും പിന്നീട് ഒരു മെര്‍സിഡീസ് ബെന്‍സ് C220d യിലേക്കും എത്തിയ സോനം തന്റെ കരിയറില്‍ ഓരോ പടികള്‍ കയറുമ്പോഴും കാര്‍ ശേഖരം വലുതാക്കുന്നു. മുംബൈയിലെ ലാന്‍ഡ് റോവര്‍ ഡീലേഴ്‌സായ നവ്നിത് മോട്ടോര്‍സില്‍ നിന്നാണ് സോനം പുതിയ ഡിഫെന്‍ഡര്‍ എസ്‌യുവി ഡെലിവറി ചെയ്തത്. സാന്റോറിനി ബ്ലാക്കില്‍ ഫിനിഷ് ചെയ്ത ഡിഫെന്‍ഡര്‍ ഡെലിവറി എടുക്കുന്ന നടിയുടെ ഫോട്ടോകള്‍ ഡീലര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി എസ്‌യുവി സ്വീകരിക്കുന്നതും ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്ന ഫോട്ടോയും ഉണ്ട്. ഡിഫെന്‍ഡര്‍ 110 ആണ് സോനം തെരഞ്ഞെടുത്തിരിക്കുന്നത്. ഈ വേരിയന്റില്‍ D350 ഡീസല്‍ മൈല്‍ഡ് ഹൈബ്രിഡ്, P300 പെട്രോള്‍, P450 പെട്രോള്‍ എന്നീ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. സോനം ബജ്‌വ D350 മൈല്‍ഡ്-ഹൈബ്രിഡ് ഡീസല്‍ തിരഞ്ഞെടുത്തതായാണ് അറിവ്.

ഡിഫെന്‍ഡര്‍ എസ്‌യുവി ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമായ അഡ്വഞ്ചര്‍ പായ്ക്ക് സോനം തെരഞ്ഞെടുത്തില്ലെന്നാണ് തോന്നുന്നത്. എന്നിരുന്നാലും എക്‌സ്റ്റെന്‍ഡഡ് ബ്ലാക്ക് എക്സ്റ്റീരിയര്‍ പായ്ക്കുള്ളതായാണ് മനസ്സിലകുന്നത്. ഡിഫന്‍ഡറിന് ഗുണ്ടാലുക്ക് സമ്മാനിക്കുന്നതിനായി ഇതില്‍ കൂടുതല്‍ ട്രിമ്മുകളും എലമെന്റുകളും നല്‍കിയിട്ടുണ്ട്. ഫ്രണ്ട്, റിയര്‍ സ്‌കിഡ്പാനുകള്‍ നാര്‍വിക് ബ്ലാക്ക് നിറത്തിലാണ് വരുന്നത്.
ഗ്രില്‍ ബാര്‍, ബോണറ്റിലും ടെയില്‍ഗേറ്റിലുമുള്ള ലെറ്ററിംഗുകള്‍, ബോണറ്റ് ചെക്കര്‍ ഫിനിഷര്‍ എന്നിവയെല്ലാം ഗ്ലോസ് ബ്ലാക്ക് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഡിഫന്‍ഡര്‍ എക്‌സ്-ഡൈനാമിക് HSE വേരിയന്റില്‍ ലാന്‍ഡ് റോവര്‍ ഇന്റീരിയര്‍ കളര്‍വേകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ മുന്നോട്ട് വെക്കുന്നുണ്ട്. പ്രീമിയം വിന്‍ഡ്സര്‍ ലെതറിലും അപ്‌ഹോള്‍സ്റ്ററി ലഭ്യമാണ്. എന്നാല്‍ സോനം ബജ്‌വ തിരഞ്ഞെടുത്ത ക്യാബിന്‍ കളര്‍വേ/സ്‌പെസിഫിക്കേഷനുകള്‍ വ്യക്തമല്ല.
നിരവധി ആഡംബര സവിശേഷതകള്‍ നിറഞ്ഞ് നില്‍ക്കുന്നതാണ് ഡിഫെന്‍ഡറിന്റെ അകത്തളം. പിവി പ്രോ കണക്റ്റഡ് കാര്‍ ടെക്, മെറിഡിയന്‍ പ്രീമിയം സൗണ്ട് സിസ്റ്റം, ക്ലിയര്‍സൈറ്റ് റിയര്‍ വ്യൂ മിറര്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫംഗ്ഷനുകള്‍, 11.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ എന്നിവയാണ് പ്രധാന ഹൈലൈറ്റുകളില്‍ ചിലത്.
സോനത്തിന്റെ ഡിഫെന്‍ഡറിന് 345 hp പവര്‍ നല്‍കുന്ന മൈല്‍ഡ് ഹൈബ്രിഡ് (MHEV) സാങ്കേതികവിദ്യയുള്ള 3.0 ലിറ്റര്‍, 6-സിലിണ്ടര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ ഓള്‍ വീല്‍ ഡ്രൈവും ഉണ്ട്. 6.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഡീസല്‍ ഡിഫന്‍ഡറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 191 കിലോമീറ്റര്‍ ആണ്.


Click it and Unblock the Notifications








