21-ാം വയസ്സില്‍ രണ്ട് ഭിന്നശേഷിക്കാരായ അനാഥകുട്ടികളുടെ 'അമ്മ'! മാലാഖയുടെ ഹൃദയം പോലെ മനോഹരമാണ് കാറും
താരങ്ങള്‍ക്ക് പാന്‍ ഇന്ത്യന്‍ പ്രശസ്തി കൈവരാന്‍ സിനിമ വേണ്ട ഒറ്റ പാട്ട് മതിയെന്ന് തെളിയിച്ച നടിയാണ് ശ്രീലീല. മലയാളി പ്രേക്ഷകര്‍ക്ക് ഈ പേര് കേട്ടാല്‍ പെട്ടെന്ന് മനസ്സിലായി എന്ന് വരില്ല. കാരണം അവര്‍ ഇതുവരെ മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ല. എന്നാല്‍ അടുത്ത കാലത്ത് പാന്‍ ഇന്ത്യ ലെവലില്‍ ഹിറ്റടിക്കുകയും കളക്ഷന്‍ റെക്കോഡുകള്‍ കടപുഴക്കുകയും ചെയ്ത സിനിമയാണ് 'പുഷ്പ2: ദി റൂള്‍'. സുകുമാര്‍ സംവിധാനം ചെയ്ത് ടോളിവുഡ് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ നിറഞ്ഞാടിയ പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ 'കിസിക്' എന്ന ഗാനത്തില്‍ ഐറ്റം ഡാന്‍സറായി പ്രത്യക്ഷപ്പെട്ട നടിയെന്ന് പറഞ്ഞാല്‍ പലര്‍ക്കും മനസ്സിലാകും.
ശ്രീലീലയെ (Sreeleela) കുറിച്ച് പറയുമ്പോള്‍ വെറും ഐറ്റം ഡാന്‍സര്‍ മാത്രമല്ല ഈ നടി. മറ്റ് സിനിമാ താരങ്ങള്‍ ആരും തന്നെ അധികം ചെയ്യാത്ത ഒരു പ്രവര്‍ത്തി ചെയ്ത് ശ്രീലീല ഓഫ്‌സ്‌ക്രീനിലും കൈയ്യടി നേടിയിരുന്നു. 2022 ഫെബ്രുവരിയില്‍ ഗുരു, ശോഭിത എന്ന് പേരുള്ള രണ്ട് ഭിന്നശേഷിക്കാരായ അനാഥക്കുട്ടികളെ ദത്തെടുത്തായിരുന്നു താന്‍ ജീവിതത്തിലും ഒരു മാലാഖയാണെന്ന് തെളിയിച്ചത്. അന്ന് വെറും 21 വയസ്സ് മാത്രമായിരുന്നു നടിയുടെ പ്രായമെന്ന് ഓര്‍ക്കണം.

അനാഥാലയം സന്ദര്‍ശിച്ച വേളയില്‍ ആ കുട്ടികളുടെ അവസ്ഥ കണ്ട് അവരെ ഏറ്റെടുക്കുകയായിരുന്നു നടി. അമേരിക്കയിലെ മിഷിഗണല്‍ ജനിച്ച നടി 15 വയസ്സുള്ളപ്പോള്‍ ബാലതാരമായി സിനിമകളില്‍ അഭിനയം തുടങ്ങിയതാണ്. 2019-ല്‍ 'കിസ്' എന്ന കന്നഡ ചിത്രത്തിലൂടെയാണ് ശ്രീലീല ആദ്യമായി നായികയായി അഭിനയിച്ചത്. അതിനുശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത ശ്രീലീല തെലുങ്കിലും കന്നഡയിലും തിരക്കുള്ള അഭിനേത്രിയായി മാറി.
ഇതിനോടകം തന്നെ തെലുഗു സിനിമയിലെ മുന്‍നിര താരങ്ങളായ അല്ലു അര്‍ജുന്‍, മഹേഷ് ബാബു, രവി തേജ എന്നിവര്‍ക്കൊപ്പം അവര്‍ അഭിനയിച്ച് കഴിഞ്ഞു. ഇപ്പോള്‍ പ്രശസ്ത തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍ അഭിനയിക്കുന്ന പരാശക്തി എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഇൗ വര്‍ഷം ബോളിവുഡിലും അരങ്ങേറാന്‍ പോകുന്ന ശ്രീലീല ഇപ്പോള്‍ ഇടക്കിടെ ദക്ഷിണേന്ത്യയില്‍ നിന്ന് മുംബൈയിലേക്ക് പറക്കാറുണ്ട്. ഇപ്പോള്‍ ശ്രീലീല ഒരു വില കൂടിയ കാറില്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.

ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡായ റേഞ്ച് റോവറില്‍ സല്‍വാര്‍ ധരിച്ചാണ് ശ്രീലീല പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയിലെ റേഞ്ച് റോവര്‍ കാറുകള്‍ക്കുള്ള ഫാന്‍ബേസിനെ കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ല. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡിന്റെ എസ്‌യുവികള്‍ വാങ്ങിക്കൂട്ടാന്‍ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ മത്സരിക്കുകയാണ്. മാസം ഒരു സിനിമാ താരമെങ്കിലും റേഞ്ച് റോവര്‍ വാങ്ങുന്നതായി നമുക്ക് കാണാം. ഇന്ത്യയിലെ റേഞ്ച് റോവര്‍ ഉടമകളായ സെലിബ്രിറ്റികളുടെ പേരുകള്‍ എഴുതാന്‍ തുടങ്ങിയാല്‍ സ്ഥലം തികയാതെ വരും.
ഏതായലും തെന്നിന്ത്യയും കടന്ന് ഇപ്പോള്‍ ബോളിവുഡില്‍ സാന്നിധ്യമറിയിക്കുന്ന ശ്രീലീല ഏതായാലും തന്റെ റേഞ്ച് മാറ്റിയിരിക്കുകയാണ്. നടി ശ്രീലീല പുതിയതായി വാങ്ങിയത് ഒരു കറുത്ത റേഞ്ച് റോവര്‍ HSE ലോംഗ്-വീല്‍ബേസ് കാറാണെന്ന് പറയപ്പെടുന്നു. ഈ കാര്‍ ഡീസല്‍ എഞ്ചിനില്‍ മാത്രമേ വില്‍ക്കുന്നുള്ളൂ. ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ HSE ലോംഗ് വീല്‍ബേസ് മോഡല്‍ 5-സീറ്റര്‍, 7-സീറ്റര്‍ ഓപ്ഷനുകളില്‍ വില്‍ക്കുന്നു. നടി ശ്രീലീല ഏത് സീറ്റിംഗ് ഓപ്ഷനിലാണ് ഈ കാര്‍ വാങ്ങിയതെന്ന് അറിയില്ല.

ഈ കാറിലെ 3.0 ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ് ഡീസല്‍ എഞ്ചിന്‍ പരമാവധി 351 bhp പവറും 700 Nm ടോര്‍ക്കും നല്‍കാന്‍ പ്രാപ്തമാണ്. ഈ എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോസുമായി ഇണചേര്‍ത്തിരിക്കുന്നു. ഇത് ഒരേസമയം 4 ചക്രങ്ങളിലേക്കും പവര്‍ അയക്കുന്നു. എസ്‌യുവി വെറും 5.9 സെക്കന്‍ഡിനുള്ളില്‍ വാഹനത്തിന് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും മണിക്കൂറില്‍ 242 കിലോമീറ്ററാണ് പരമാവധി വേഗത.
13.1 ഇഞ്ച് പിവി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 13.7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, പ്രീമിയം ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ആക്റ്റീവ് നോയ്‌സ് ക്യാന്‍സലേഷനോടുകൂടിയ 35-സ്പീക്കര്‍ മെറിഡിയന്‍ സൗണ്ട് സിസ്റ്റം, പിന്‍സീറ്റ് എന്റര്‍ടൈന്‍മെന്റ് സ്‌ക്രീനുകള്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയടക്കം നിരവധി ആധുനിക സവിശേഷതകള്‍ കാറില്‍ വരുന്നു. ഈ കാറിന്റെ വില 2.40 കോടി രൂപ മുതല്‍ 3 കോടി രൂപ വരെയാണ്.


Click it and Unblock the Notifications








