തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്ലി; വിപണി കണ്ട തുറന്ന പോര്
രക്ഷാബന്ധന് ദിവസത്തില്‍ ഫോക്സ്വാഗണ് സഹോദരിമാരെ ഓര്‍ത്ത് അഭിമാനം കൊണ്ട ഔഡി വാര്‍ത്തകളില്‍ ശ്രദ്ധ നേടുകയാണ്. R8 നെ പശ്ചാത്തലമാക്കി സമര്‍പ്പിച്ച പുതിയ രക്ഷാബന്ധന് സന്ദേശത്തില്‍, ഫോക്സ്വാഗണ് ഗ്രൂപ്പിന് കീഴിലുള്ള സൂപ്പര്‍കാര്‍ സഹോദരിമാര്‍ക്ക് ഔഡി ആശംസ നേര്‍ന്നു.

നര്‍മ്മത്തില്‍ ചാലിച്ച ഔഡിയുടെ പുതിയ സന്ദേശം ഓര്‍മ്മപ്പെടുത്തുന്നത് കുറച്ചുകാലങ്ങള്‍ക്ക് മുമ്പ് നടന്ന ബ്രാന്‍ഡ് പോരിനെയാണ്. ഔഡിയും ബിഎംഡബ്ല്യുവും പരസ്പരം പരസ്യമായി കൊമ്പുകോര്‍ത്തപ്പോള്‍, വിധി പറയാന്‍ കാത്തത് ഉപഭോക്താക്കളായിരുന്നു.

റോഡരികില്‍ സ്ഥാപിച്ച ബില്‍ബോര്‍ഡുകള്‍ മുഖേനയാണ് മാസങ്ങള്‍ നീണ്ടുനിന്ന പരസ്യയുദ്ധം അരങ്ങേറിയത്. പിന്നീട് പോരിനിടയിലേക്ക് കടന്നുവന്ന ബെന്റ്ലി രംഗം ശാന്തമാക്കി. കാര്‍ വിപണി എക്കാലത്തുമായി കണ്ട പരസ്യ പോരിന്റെ ചില ദൃശ്യങ്ങള്‍ -
Recommended Video


തുടക്കം ഓഡിയില്‍ നിന്നും -
പുത്തന്‍ ഔഡി A4 ന്റെ അവതരണത്തില്‍ ബിഎംഡബ്ല്യുവിനെ വെല്ലുവിളിച്ചാണ് കമ്പനി തുടങ്ങിയത്. അടുത്ത നീക്കം ബിഎംഡബ്ല്യുവിന്റേത് എന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു ഔഡിയുടെ ബില്‍ബോര്‍ഡ്.

ചെക്ക്മേറ്റുമായി ബിഎംഡബ്ല്യു -
ഔഡിക്ക് മറുപടിയുമായി ബിഎംഡബ്ല്യു എത്തി. ഇത്തവണ ഇടതും വലതും നീങ്ങാന്‍ അവസരം നല്‍കില്ലെന്ന സൂചന ഉയര്‍ത്തി ബിഎംഡബ്ല്യു കാഴ്ചവെച്ചത് 3 സീരീസിനെയായിരുന്നു. ബിഎംഡബ്ല്യുവിന്റെ ചെക്ക്മേറ്റ്!

ഇവിടം കൊണ്ടും തീര്‍ന്നില്ല -
ഔഡിയ്ക്ക് ശേഷം ബിഎംഡബ്ല്യു കടന്നുപിടിച്ചത് മെര്സിഡീസിനെയായിരുന്നു. ഡ്രൈവിംഗ് അനുഭൂതിയേകാന്‍ മെര്‍സിഡീസിനും സാധിക്കുമെന്ന് ബിഎംഡബ്ല്യു തുറന്നു പരിഹസിച്ചു. ബിഎംഡബ്ല്യു കാറുകളെ കയറ്റി കൊണ്ടുപോകുന്ന മെര്‍സിഡീസിനെ ആധാരമാക്കിയായിരുന്നു ബിഎംഡബ്ല്യുവിന്റെ പരസ്യം.

അടുത്ത ഇര ജാഗ്വാര്‍ -
ബിഎംഡബ്ല്യുവിന് ഇത് എന്ത് പറ്റി? ജാഗ്വാറിനെ കടന്നാക്രമിച്ചതിന് ശേഷമാണ് ഈ ചോദ്യം ഏവരും ചോദിച്ച് തുടങ്ങി. മുഖാമുഖം നില്ക്കുന്ന ജാഗ്വാര്‍ കാറിനെയാണ് ബിഎംഡബ്ല്യു ഇത്തവണ തെരഞ്ഞെടുത്തത്. കാഴ്ചയില്‍ ബിഎംഡബ്ല്യുവിന് മുന്നില്‍ പിന്തിരിഞ്ഞോടുന്ന ജാഗ്വാര്‍ ലോഗോ ഏറെ ശ്രദ്ധിക്കപ്പെട്ടു.

വീണ്ടും ഔഡി -
ഒരിടവേളയ്ക്ക് ശേഷം ബിഎംഡബ്ല്യു വീണ്ടും ഔഡിയിലേക്ക് തിരിഞ്ഞു. 2006 ല്‍ സൗത്ത് ആഫ്രിക്കന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയ ഔഡിയെ പരിഹസിച്ച് കൊണ്ട് ബിഎംഡബ്ല്യു എത്തി. 2006 ലെ വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ നേടിയ ബിഎംഡബ്ല്യുവില്‍ നിന്നുമുള്ള അഭിനന്ദനമാണ് ഔഡിയെ തേടിയെത്തിയത്.

കിട്ടിയത് വിഴുങ്ങാന്‍ ഔഡിയെ കിട്ടില്ല -
ബിഎംഡബ്ല്യുവിന് ഉശിരന്‍ മറുപടിയുമായി ഔഡി വന്നെത്തി. 2006 ലെ വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയ ബിഎംഡബ്ല്യുവിന് അഭിനന്ദനമറിയിച്ചത്, ആറ് തവണ തുടര്‍ച്ചയായി ലെ മാന്‍സ് 24 അവര്സ് കിരീടം നേടിയ ഔഡിയായിരുന്നു.

കലക്കവെള്ളത്തില്‍ മീന്‍പിടിച്ച സുബാരു -
സുബാരുവിന്റെ രംഗപ്രവേശം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. സൗന്ദര്യ മത്സരത്തില്‍ വിജയം കൈവരിച്ച ഔഡിക്കും ബിഎംഡബ്ല്യുവിനും സുബാരുവിന്റെ വക അഭിനന്ദനം! 2006 ഇന്റര്‍നാഷണല്‍ എഞ്ചിന് ഓഫ് ദി ഇയര്‍ കിരീടം നേടിയ സുബാരുവിന്റെ പ്രതികരണത്തില്‍ വിപണി അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു.

ഗോഡ്ഫാദര് ബെന്റ്ലി -
അടുത്ത നീക്കം ആരുടേതെന്ന ആകാംഷ നിലനില്‍ക്കെയാണ് പരസ്യവുമായി ബെന്റ്ലി വന്നത്. ബെന്റ്ലിയുടെ പരസ്യത്തിന് ശേഷം മറ്റൊരു നീക്കം വിപണി കണ്ടില്ല.


Click it and Unblock the Notifications








