'പണി' കിട്ടല്‍ പതിവായി; രോഷാകുലനായി Kia Seltos-ന് തീയിട്ട ഉടമ അറസ്റ്റില്‍
നമ്മള്‍ വിലകൊടുത്തു വാങ്ങിയ കാറിന് ഇടക്കിടെ അറ്റകുറ്റപ്പണിക്കായി സര്‍വീസ് സെന്ററില്‍ കൊണ്ടുപോകേണ്ടി വന്നാല്‍ ഏത് ഉടമക്കായാലും ദേഷ്യം വരും. എന്നാല്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള കിയ സെല്‍റ്റോസ് ഉടമ ദേഷ്യം വന്ന് സര്‍വീസ് സെന്ററില്‍ കാര്‍ അഗ്‌നിക്കിരയാക്കി.

ഷോറൂമിനുള്ളില്‍ വെച്ചാണ് എസ്‌യുവിക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. പട്ടാപ്പകലായിരുന്നു സംഭവം. സര്‍വീസ് സെന്റര്‍ അധികൃതര്‍ തകരാര്‍ പരിഹരിക്കാത്തതില്‍ അസംതൃപ്തനായ ഉടമ രോഷം പൂണ്ടാണ് വണ്ടി കത്തിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കാറിന് തുടര്‍ച്ചയായി പ്രശ്നം നേരിടുന്നുണ്ടെന്ന് ഉടമ അവകാശപ്പെട്ടു.

എന്നാല്‍ കിയ സര്‍വീസ് സെന്റര്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് കാര്‍ ഉടമയെയും സുഹൃത്തിനെയും ജോധ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം സര്‍വീസ് ചെയ്യുന്നതിനായി കാര്‍ ഉടമ ഒരു പരിചയക്കാരനോടൊപ്പമാണ് സര്‍വീസ് സെന്ററിലെത്തിയത്. വണ്ടിയുടെ പ്രശ്നങ്ങളുടെ വിശദാംശങ്ങള്‍ ബോധിപ്പിച്ച ശേഷം ഉടമ മാനേജര്‍ക്കും പരാതി നല്‍കി. മാനേജര്‍ സര്‍വീസ് ജീവനക്കാരെ വിളിച്ചപ്പോള്‍ ഉടമയും അവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു.

രൂക്ഷമായ വാക്കേറ്റത്തിന് ശേഷം ഉടമ കുപ്പിയില്‍ കുറച്ച് പെട്രോള്‍ എടുത്ത് സര്‍വീസ് സെന്ററിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന കിയ സെല്‍റ്റോസിന് മുകളില്‍ ഒഴിച്ച് തീയിട്ടു. നിമിഷങ്ങള്‍ക്കകം കാറിന് തീപിടിച്ചു. സമയോചിതമായി ഇടപെട്ട് സര്‍വീസ് സെന്റര്‍ ജീവനക്കാര്‍ ഓടിയെത്തി തീ നിയന്ത്രണവിധേയമാക്കി. തീ നിയന്ത്രണവിധേയമാക്കാന്‍ ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

പടിഞ്ഞാറന്‍ രാജസ്ഥാനിലെ ഡീലേഴ്‌സ് അസോസിയേഷന്‍ നടപടിയെ ശക്തമായി അപലപിച്ചു. എന്നിരുന്നാലും കാര്‍ ഉടമ നേരിട്ട പ്രശ്നം എന്താണെന്ന കാര്യം ഉറപ്പില്ല. തീപിടിത്തത്തില്‍ പരിക്കേറ്റ ഡീലര്‍ഷിപ്പിലെ രണ്ട് ജീവനക്കാര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി. സര്‍വീസ് സെന്ററില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചതിന് കാറിന്റെ ഉടമയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ഇവരെ ജാമ്യത്തില്‍ വിട്ടെങ്കിലും വധശ്രമക്കേസില്‍ ഇരുവരെയും പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.

പുതിയ കിയ കാര്‍ ഉടമകളില്‍ ചിലര്‍ വാഹനം ഡെലിവറി ചെയ്തതിന് ശേഷം അസുഖകരമായ അനുഭവങ്ങള്‍ നേരിട്ടതായി പരാതിപ്പെട്ടിരുന്നു. സര്‍വീസ് സെന്ററില്‍ നിന്ന് കാര്‍ നന്നാക്കിയ ശേഷം കിയ സെല്‍റ്റോസിന് തീപിടിച്ച സംഭവമാണ് അതില്‍ ഒന്ന്.

ഡെലിവറി ദിവസം മൂന്ന് തവണ പുതിയ സെല്‍റ്റോസ് തകരാറിലായതായി മറ്റൊരു ഉടമ പരാതിപ്പെട്ടു. ഡെലിവറിക്ക് തൊട്ടുപിന്നാലെ തന്നെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. സ്റ്റാര്‍ട്ട് ചെയ്യുന്നില്ലെന്നായിരുന്നു പുത്തന്‍ കാറിന്റെ പ്രശ്നം.

പിന്നാലെ സെയില്‍സ്മാനെയും ബ്രാഞ്ച് മാനേജരെയും സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയെങ്കിലും ഇന്ധനമില്ലാത്തതിനാലാണ് കാര്‍ സ്റ്റാര്‍ട്ട് ആവാത്തതെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഇന്ധനം നിറച്ചതിന് ശേഷവും കിയ സെല്‍റ്റോസ് സ്റ്റാര്‍ട്ട് ചെയ്തില്ല. കാര്‍ സര്‍വീസ് സെന്ററിലെത്തിച്ച് ഇന്ധന വിതരണ ലൈനുകള്‍ പരിശോധിക്കുകയും ടാങ്കിലെ ഇന്ധന നില അളക്കുന്ന ഫ്യൂവല്‍ ഫ്‌ലോട്ടറും നീക്കം ചെയ്യുകയും ചെയ്തു. ബാറ്ററി മാറ്റി നല്‍കിയെങ്കിലും സെല്‍റ്റോസ് സ്റ്റാര്‍ട്ട് ചെയ്തില്ല.

ഇന്ത്യയില്‍ മോശം ഉല്‍പ്പന്നങ്ങളില്‍ വാങ്ങി വഞ്ചിതരാകുന്ന ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകാന്‍ നിയമങ്ങളില്ല. ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതികള്‍ ഉണ്ടെങ്കിലും തകരാറുള്ള വാഹനം മാറ്റി പുതിയത് നല്‍കാന്‍ നിര്‍മ്മാതാവിനോട് നിര്‍ദ്ദേശിക്കുന്ന ഒരു നിയമവുമില്ല.


Click it and Unblock the Notifications








