കഠിന കഠോരമീ ഡ്രൈവിംഗ് ടെസ്റ്റ്; കുറുക്കു വഴിയിൽ ഇതര സംസ്ഥാന ലൈസൻസുകൾ സപ്ലൈ ചെയ്ത് ഏജന്റുമാർ
ഒരല്പ്പം ബുദ്ധിമുട്ടുള്ള വിഷയത്തിന് പരീക്ഷയ്ക്ക് ബിറ്റടിച്ച് തുടങ്ങുന്നതു മുതൽ എന്തിനും ഏതിനും എളുപ്പവഴികൾ കണ്ടെത്തുന്നതിൽ വളരെ മിടുക്കരാണ് നമ്മിൽ പലരും. ദേ ഇപ്പോൾ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഒരല്പം കർശനവും നിലവിലെ രീതികളേക്കാൾ കടുപ്പിക്കുകയും ചെയ്തതോടെ അടുത്ത എളുപ്പവഴികളുമായി ചില വിരുതൻ ഏജന്റുമാർ രംഗത്ത് എത്തിയിരിക്കുകയാണ്.
അന്യസംസ്ഥാന ലൈസൻസുകളാണ് ഇപ്പോൾ ഈ രംഗത്തെ പുത്തൻ ട്രെൻഡ്. കാശ് അല്പം മുടക്കിയാൽ ടെസ്റ്റ് പോലുമില്ലാതെ വേണമെങ്കിലും ഡ്രൈവിംഗ് ലൈസൻസ് കീശയിലാക്കാം. ഏതൊരു സംസ്ഥാനത്തു നിന്ന് എടുക്കുന്ന ലൈസൻസ് കൊണ്ട് രാജ്യത്ത് എവിടേയും വാഹനം ഓടിക്കാനാവും പിന്നെ എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് കേരളത്തിൽ നിന്ന് തന്നെ എടുക്കണം എന്ന് നിർബന്ധം എന്ന് ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതൽ ആളുകൾ ചിന്തിക്കുന്നുണ്ട് എന്നതിന്റെ വ്യക്തമായ സൂചനയാണിത്.

മുമ്പും ഇവ സജീവമായിരുന്നു എങ്കിലും ഇത്രയധികം ജനശ്രദ്ധ ആകർഷിച്ചിരുന്നില്ല എന്നത് വാസ്തവമാണ്. സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ ഉടമകളും ഇക്കാര്യം വ്യക്തമാക്കുന്നു. എളുപ്പത്തിൽ ലഭിക്കുന്ന ഇതര സംസ്ഥാന ഡ്രൈവിംഗ് ലൈസൻസിന് പിന്നാലെ നമ്മുടെ നാട്ടുകാർ പോയാൽ അങ്കലാപ്പിലാവുന്നത് നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് സ്കൂളുകൾ തന്നെയാണ്.
ഇതര സംസ്ഥാന ലൈസൻസുകൾ വളരെ എളുപ്പത്തിൽ സംഘടിപ്പിച്ചു നൽകാൻ ഒട്ടനേകം ഏജന്റുമാരും ഇപ്പോൾ രംഗത്തുണ്ട് എന്നതാണ് മറ്റൊരു സത്യം. മറ്റ് സംസ്ഥാനങ്ങളിൽ എവിടെയോ വാടകയ്ക്ക് താമസിക്കുന്നു എന്ന വ്യാജേന ഒരു ഫേക്ക് അഡ്രസ്സും വെച്ചാണ് ഈ ലൈസൻസുകൾ കരസ്ഥമാക്കുന്നത്. വണ്ടിയോടിക്കാൻ വ്യക്തമായി അറിയില്ല എങ്കിൽ അത്യാവശ്യം പഠിപ്പിച്ചു കൊടുക്കുന്ന ചില ഡ്രൈവിംഗ് സ്കൂളുകൾ ഉണ്ട്.

എന്നാൽ വണ്ടിയോടിക്കുന്നതിന്റെ ABCD -യോ, ആക്സിലറേറ്റർ, ബ്രേക്ക്, ക്ലച്ച് എന്നിവയൊന്നും അറിയാതെ തന്നെ ലൈസൻസ് കൈയ്യിൽ എത്തിക്കുന്ന വിരുതന്മാരുമുണ്ട്. ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് കർശനമാക്കിയതു പോലെയുള്ള നടപടികളും ക്രമങ്ങളും മറ്റ് പല സംസ്ഥാനങ്ങളിലും ഇല്ല എന്നതാണ് വാസ്തവം. പലയിടത്തും വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ലേണേഴ്സ് ടെസ്റ്റും മറ്റും സ്വയം എഴുതി പാസാക്കി വിടാറുണ്ട് എന്ന് കേട്ടിട്ടുണ്ട്.
നിലവിൽ കർണാടക, തമിഴ്നാട്, ഡൽഹി, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതൽ ഡ്രൈവിംഗ് ലൈസൻസുകൾ എത്തുന്നത്. ഇത്തരത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ ഡ്രൈവിംഗ് ലൈസൻസ് കൈയ്ക്കലാക്കുന്നതിലൂടെ കേരള സർക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോഴെ ഏറെ കുറെ കാലിയായ ഘജനാവിലേക്ക് ന്യായമായി വരേണ്ടത് പോലും ദേ പല വഴിക്ക് പോവുന്നു.

നമ്മുടെ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഫീസായ 1450 രൂപയാണ് ഈടാക്കുന്നത്, അത് കൂടാതെ ഡ്രൈവിംഗ് സ്കൂളിൽ പോയി ടെസ്റ്റ് വളരെ എല്ലാം പഠിച്ച് എത്തുന്നതിന് 8000 രൂപയോളമാവും ചെലവ്. മറ്റ് ഇതര സംസ്ഥാനങ്ങളിൽ പഠനം ഉൾപ്പടെ കമ്മീഷനും ചേർത്ത് 8000 മുതൽ 12000 രൂപ വരെയാവും ചെലവ്. ഇത് കൂടാതെ ആൾ ഹാജരാവാതെ തന്നെ ഹൈടെക്കായി ലൈസൻസ് എടുത്തു നൽകുന്ന പരിപാടിയും ഉണ്ട്. എന്നാൽ ഇതിന് റേറ്റ് അല്പം കൂടും.
എന്നിരുന്നാലും ഞങ്ങളുടെ അഭിപ്രായത്തിൽ ഡ്രൈവിംഗിന്റെ ബാലപാഠങ്ങൾ പോലും പഠിക്കാതെ, ശരിയായി വാഹനം ഒന്ന് റോഡിൽ ഓടിക്കാതെ ഇത്തരത്തിൽ ലൈസൻസുമായി നിരത്തിൽ എത്തുന്നവർ അവരുടെ മാത്രമല്ല റോഡിലുള്ള മറ്റുള്ളവരുടേയും സുരക്ഷയ്ക്കും ജീവനും ഒരു വൻ വെല്ലുവിളിയാവും. അതിനാൽ ശരിയായി വാഹനം ഓടിക്കാൻ പഠിച്ചതിന് ശേഷം മാത്രം ഡ്രൈവിംഗ് ലൈസൻസ് എടുക്കുക, അത് ഏത് സംസ്ഥാനത്ത് നിന്ന് ആയാലും.


Click it and Unblock the Notifications








