'1206' രാശിയായി കണ്ട വിജയ് രൂപാണി! ഒടുവില്‍ മരണം തേടിയെത്തിയതും 12-06 ന്
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം തകര്‍ന്ന് വീണ് (Ahmedabad Air India Plane Crash) 200-ലേറെ ജീവനുകള്‍ നഷ്ടമായതില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് രാജ്യം. ഈ വിമാനാപകടത്തിന് കാരണം എഞ്ചിനില്‍ പക്ഷി ഇടിച്ചതാകാം എന്നതാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഓഫ് ഇന്ത്യ (DGCA) പറയുന്നത്. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലും പക്ഷി ഇടിച്ചതായി സംശയിക്കുന്നതായി ഡിജിസിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് എഞ്ചിനുകള്‍ പൂര്‍ണമായും നിശ്ചലമായെന്നും ഡിജിസിഎ വ്യക്തമാക്കി.
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787- 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. ജനുവരി 12 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. വിമാനത്തില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.
വിമാനാപകടത്തില്‍ മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്‍പ്പെടുന്നു. ലണ്ടനില്‍ മകളെ കാണാന്‍ പോകുകയായിരുന്ന രൂപാണി ബിസിനസ് ക്ലാസിലായിരുന്നു യാത്ര ചെയ്തിരുന്നത്. അപകടത്തിന് മുമ്പ് വിമാനത്തില്‍ വെച്ച് പകര്‍ത്തിയ രൂപാണിയുടെ ചിത്രങ്ങളും മറ്റും ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ മരണ ദിവസവും വാഹനത്തിന്റെ നമ്പറുകളും ബന്ധപ്പെടുത്തിയുള്ള പോസ്റ്റുകള്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞു.
വിജയ് രൂപാണിയുടെ പ്രിയപ്പെട്ട നമ്പര്‍ '12' ആണ്. അതുപോലെ, 6 എന്ന നമ്പര്‍ അദ്ദേഹത്തിന്റെ രാശി നമ്പറുമാണ്. ഇത്തരം കാര്യങ്ങളില്‍ വിശ്വാസം വെച്ചുപുലര്‍ത്തുന്ന വിജയ് രൂപാണി താന്‍ വാങ്ങിയ നിരവധി കാറുകള്‍ക്കും ബൈക്കുകള്‍ക്കും '1206' എന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. അത്ഭുതകരമെന്ന് പറയട്ടെ അദ്ദേഹം മരണപ്പെട്ടത് ജൂണ്‍ 12-നാണ്. 12-06 എന്നാണല്ലോ ഈ തീയതി എഴുതാറ്.

ഇതെല്ലാം ഒരു നിമിത്തമെന്നാണ് നെറ്റിസണ്‍സ് കുറിക്കുന്നത്. മരണദിവസം മാത്രമല്ല അദ്ദേഹം ഇരുന്ന സീറ്റ് നമ്പര്‍ 12 ആണെന്നും വിമാനത്തില്‍ പ്രവേശിക്കാന്‍ ബോര്‍ഡിംഗ് പാസ് ലഭിച്ച സമയം 12:10 ആണെന്നും പറയപ്പെടുന്നു. എല്ലാ കാര്യങ്ങളിലും '12' ഉം '6' ഉം രാശിചിഹ്നങ്ങളായി പിന്തുടര്‍ന്ന ഒരാള്‍ അതേ സംഖ്യകള്‍ തന്നെ വരുന്ന ദിവസം മരിക്കുന്നത് യാദൃശ്ചികതയെന്നല്ലാതെ എന്താണ് പറയുക.
അതേസമയം, വിമാനത്തില്‍ അധികമാരും ഇരിക്കാന്‍ ആഗ്രഹിക്കാത്ത '11A' സീറ്റില്‍ ഇരുന്ന രമേശ് വിശ്വാസ്‌കുമാര്‍ ഭാഗ്യവശാല്‍ ഇത്രയും വലിയ വിമാനാപകടത്തില്‍ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നതും ജീവിതത്തിന്റെ അപ്രവചനീയത ചൂണ്ടിക്കാണിക്കുന്നു. വിമാനാപകടത്തില്‍ മരിച്ചവരില്‍ 70-ലധികം പേര്‍ വിദേശികളായിരുന്നു. അപകടത്തില്‍ മരിച്ചവര്‍ക്ക് എയര്‍ ഇന്ത്യയെ നിയന്ത്രിക്കുന്ന ടാറ്റ ഗ്രൂപ്പ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ ചികിത്സാ ചെലവുകള്‍ ടാറ്റ ഗ്രൂപ്പ് വഹിക്കുമെന്ന് ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പ്രഖ്യാപിച്ചു. ഈ അപകടത്തില്‍ വിമാനത്തിലെ യാത്രക്കാര്‍ക്ക് മാത്രമല്ല വിമാനം തകര്‍ന്ന് വീണ കെട്ടിടത്തിനുള്ളില്‍ ഇരുന്നു ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിരുന്നു. അവരുടെ ചികിത്സാ ചെലവുകള്‍ വഹിക്കുന്നതിനു പുറമേ വിമാനാപകടത്തില്‍ തകര്‍ന്ന കോളേജ് ഹോസ്റ്റല്‍ പുതുക്കിപ്പണിയുമെന്നും ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി.
അപകടകാരണം ഇപ്പോഴും കൃത്യമായി അറിവായിട്ടില്ല. എന്നിരുന്നാലും വിമാനത്തിന്റെ ശരിയായ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് അപകടത്തിന് കാരണമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. അഹമ്മദാബാദ് വിമാന ദുരന്തം എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് (എഎഐബി) അന്വേഷിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. എഎഐബി ഡയറക്ടര്‍ ജനറലും ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറും ഉള്‍പ്പെടെയുള്ള സംഘം അപകട സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്.
ഇതിന് പുറമേ ഇന്ത്യയുടെ അന്വേഷണ സംഘത്തെ സഹായിക്കാനായി യുഎസിന്റെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ടിഎസ്ബി) ഇന്ത്യയിലേക്ക് ഒരു സംഘത്തെ അയക്കും. അന്വേഷണത്തിലെ മുഴുവന്‍ കണ്ടെത്തലുകളും ഇന്ത്യന്‍ സര്‍ക്കാരിനു കൈമാറുമെന്ന് ഏജന്‍സി അറിയിച്ചു. ദുരന്ത സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. അപകടകാരണവും മറ്റും വിശദമായ അന്വേഷണത്തില്‍ വ്യക്തമാകും. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കിട്ടിയിട്ടുണ്ട്.


Click it and Unblock the Notifications









