ഫോട്ടോഗ്രാഫര്‍ എടുത്താല്‍ കിട്ടുമോ ഇതുപോലൊരെണ്ണം! AI ക്യാമറയെടുത്ത റൊമാന്റിക് ഫോട്ടോ വൈറല്‍
റോഡപകടങ്ങള്‍ കുറക്കാനായി കേരളത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ മിഴിതുറന്ന വാര്‍ത്ത ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 726 എഐ ക്യമറകളാണ് സര്‍ക്കാര്‍ സ്ഥാപിച്ചത്. ക്യാമറ വന്നതോടെ നല്ലകുട്ടികളായി ബഹുഭൂരിപഷം ജനങ്ങളും ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ തുടങ്ങിയതോടെ അപകടങ്ങള്‍ കുറഞ്ഞതായി സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.
ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം റോഡപകട മരണങ്ങളില്‍ 50 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എഐ ക്യാമറകള്‍ മിഴിതുറന്നത് മുതല്‍ അവ തലക്കെട്ടുകളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയിരുന്നു. എഐ ക്യാമറകളില്‍ നിന്ന് വാഹന ഉടമകള്‍ക്ക് തെറ്റായി നോട്ടീസ് ലഭിക്കുന്നുവെന്ന പരാതി അടുത്തിടെ വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ പലപ്പോഴും ഹെല്‍മെറ്റ് ധരിക്കാതെയും മൂന്ന്‌പേരെ കയറ്റിയുമുള്ള ബൈക്ക് യാത്രകള്‍ നടത്തിയവര്‍ക്ക് തെളിവായി നല്ല മിഴിവാര്‍ന്ന ചിത്രം സഹിതം ചലാന്‍ വന്ന ഉദാഹരണങ്ങളുണ്ട്.

സംസ്ഥാന, ദേശീയ പാതകളുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച ഈ ഹൈ റെസല്യൂഷന്‍ ക്യാമറകള്‍ ക്ലിക്കുന്ന ചിത്രങ്ങളുടെ ക്വാളിറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ഒരു ബൈക്കില്‍ നല്ല റൊമാന്റിക് മൂഡില്‍ സഞ്ചരിക്കുന്ന യുവാവിന്റെയും യുവതിയുടെയും AI ക്യാമറ ചിത്രമാണിപ്പോര്‍ വൈറലായിരിക്കുന്നത്. '500 രൂപ കൊടുത്തല്‍ എന്താ പ്രൊഫഷനല്‍ ഫോട്ടോഗ്രാഫറെ വെച്ച് എടുത്താല്‍ കിട്ടുമോ ഇതുപോലുള്ള ചിത്രം' എന്നാണ് വൈറല്‍ ചിത്രത്തിന് വന്ന അടിക്കുറിപ്പ്.
ട്രെന്‍ഡിംഗ് തമിഴ് പാട്ടിന്റെ അകമ്പടിയില്‍ 'വണ്ടിഭ്രാന്തന്‍മാര്‍' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ചിത്രമാണ് തരംഗമാകുന്നത്. കളര്‍ ഫോട്ടോ ആക്കി തന്നിരുന്നെങ്കില്‍ 'സേവ് ദ ഡേറ്റ്' എടുക്കാന്‍ എഐ ക്യാമറയെ ഏല്‍പ്പിക്കാമായിരുന്നുവെന്നും അടിക്കുറിപ്പില്‍ രസകരമായി പറയുന്നുണ്ട്. ഒരു യുവാവും യുവതിയും നല്ല സന്തോഷത്തോടെ ബൈക്കില്‍ സഞ്ചരിക്കുന്നതാണ് വൈറല്‍ ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്.

ബൈക്ക് ഓടിക്കുന്ന യുവാവ് ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടെങ്കിലും യുവതി ഹെല്‍മെറ്റ് ഇട്ടിട്ടില്ല. പിന്‍സീറ്റിലിരിക്കുന്ന പെണ്‍കുട്ടിയുടെ സുന്ദരമായ ചിരിയാണ് നെറ്റിസണ്‍സ് ഇതൊരു 'റൊമാന്റിക്' ചിത്രമാക്കി വാഴ്ത്താന്‍ കാരണം. സവാരിക്കിടെ യുവാവ് പറഞ്ഞ എന്തെങ്കിലും കാര്യം കേട്ട് യുവതി പുഞ്ചിരിച്ചതാകാം. എന്നാല്‍ കൃത്യമായ സമയത്ത് തന്നെ എഐ ക്യാമറ ദൃശ്യം ഒപ്പിയെടുത്തുവെന്നതാണ് രസകരം. ഏതായാലും കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണോ എന്ന് ബൈക്ക് യാത്രികള്‍ക്കേ പറയാന്‍ സാധിക്കൂ.
ചലാന് ആധാരമായ ചിത്രം രാത്രിയിലുള്ളതാണെന്നാണ് തോന്നുന്നത്. അതിനാലാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റായി കാണപ്പെടുന്നത്. പിന്‍സീറ്റ് യാത്രിക ഹെല്‍മെറ്റ് ധരിക്കാത്തതിനാണ് ചലാനിട്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ പൊലീസിന്റെയും എംവിഡിയുടെയും പരിശോധനകള്‍ മാത്രം ഭയന്നിരുന്ന ജനങ്ങള്‍ ഇപ്പോള്‍ ചലാന്‍ പേടിച്ച് നിയമം പാലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്.
ആദ്യത്തേത് സീറ്റ് ബെല്‍റ്റും, ഹെല്‍മറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുന്‍ സീറ്റുകളിലെ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. അല്ലെങ്കില്‍ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കല്‍, നോ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് മറ്റ് നിയമലംഘനങ്ങള്‍.
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചാല്‍ 500 രൂപയാണ് പിഴ. ഇരുചക്രവാഹനത്തില്‍ മൂന്നുപേരെ കയറ്റിയാല്‍ 1,000 രൂപയും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപയുമാണ് പിഴ. എച്ച്ഡി ക്വാളിറ്റിയില്‍ ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ തുടര്‍നടപടികള്‍ക്കായി ഡേറ്റ സെന്ററിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.

എഐ ക്യാമറയെ കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ചലാന്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് ഇവ മാനുവലായി റിവ്യൂ ചെയ്യുന്നതിനായി ജില്ല കണ്‍ട്രോള്‍ റൂമുകളില്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. 232 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ ചെലവിട്ടത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 344 ആയിരുന്നു എന്നാല്‍ ഇപ്പോള്‍ അത് 50 ശതമാനം കുറയ്ക്കാന്‍ സാധിച്ചുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications








