കടം വീട്ടി കണക്ഷൻ സെറ്റാക്കി എംവിഡി; പൂർവ്വാധികം ശക്തിയോടെ AI ക്യാമറകൾ പണി തുടങ്ങിക്കഴിഞ്ഞു
വീണ്ടും MVD -യുടെ മെസേജുകൾ നിങ്ങളുടെ ഫോണുകളിലും എത്തിത്തുടങ്ങിയോ? താൽകാലികമായി ഒരു മയക്കത്തിൽ ആയിരുന്ന AI ക്യാമറകൾ വീണ്ടും കണ്ണു തുറന്നിരിക്കുകയാണ്. ഇത്രയും നാൾ കൂസൽ ഇല്ലാതെ നടന്നവർ എല്ലാം ഇനി ഒന്നു കരുതിയിരിക്കണം. കെൽട്രോണിന് മോട്ടോർ വാഹന വകുപ്പ് നൽകാനുണ്ടായിരുന്ന കുടിശിക തീർത്തിരിക്കുകയാണ്. ഇനി മുതൽ അങ്ങോട്ട് അറഞ്ചം പുറഞ്ചം പെറ്റികളുടെ എട്ടുകളിയായിക്കും. ക്യാമറകൾ പണി തുടങ്ങി എന്ന് അറിയിച്ചു കൊണ്ട്, പല വാഹനയാത്രക്കാർക്കും ഇതിനോടകം പിഴകൾ വന്നുതുടങ്ങി.
സീറ്റ്‌ബെൽറ്റ്, ഹെൽമെറ്റ്,മൊബൈൽ ഫോൺ ഉപയോഗം തുടങ്ങി മഞ്ഞവര, സീബ്രാലൈൻ എന്നിവ കടക്കുകയും തെറ്റിക്കുകയും ചെയ്യുന്നവർക്ക് വരെ വൻ തുക പിഴ ചുമത്തിക്കൊണ്ടുള്ള മെസേജുകളാണ് ഇപ്പോൾ വന്നുതുടങ്ങിയിട്ടുള്ളത്. ഈ പിഴകൾ ഏഴുദിവസത്തിനകം ഒടുക്കി ഇല്ലെങ്കിൽ കോടതിക്കു കൈമാറും എന്ന മുന്നറിയിപ്പും ഇതോടൊപ്പം വരുന്നുണ്ട്.

ഇടഞ്ഞു നിന്നിരുന്ന കെൽട്രോണിനെ അനുനയിപ്പിച്ച് അവർക്ക് നാളിതുവരെ നൽകാനുള്ള തുക സർക്കാർ കൈമാറിയതോടെയാണ് വീണ്ടും AI ക്യാമറകൾ പൂർവ്വാധീകം ശക്തിയോടെ പ്രവർത്തിക്കാനും ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും തുടങ്ങിയത്. കുടിശിക തുക തീർപ്പാക്കാത്ത കാര്യത്തിലും അതോടൊപ്പം ചില സാങ്കേതിക പ്രശ്‌നങ്ങൾ എന്നിവ എല്ലാം കാരണം AI ക്യാമറകളുടെ പ്രവർത്തനങ്ങളും അത് വഴിയുള്ള നിയമ പരിപാലനവും നിരീക്ഷണവും പിഴ ചുമത്തലും എല്ലാം വളരെ മന്ദഗതിയിലായിരുന്നു.
സിഗ്നലിൽ യെല്ലോ ലൈറ്റ് തെളിഞ്ഞിരിക്കേ വാഹനം മുന്നോട്ടെടുത്തതിനും സീബ്രാലൈനിൽ വാഹനം കയറ്റി നിർത്തിയതിനുമൊക്കെ 3,000 രൂപ പിഴ ചുമത്തിയതായി പലരും പരാതിപ്പെടുന്നു. ക്യാമറകൾ പ്രവർത്തിക്കാതിരുന്ന സമയം നഗരത്തിൽ എല്ലാം നിയമങ്ങൾ കാറ്റിൽ പറത്തിയായിരുന്നു പലരുടേയും യാത്ര, ഈ കാലയളവിൽ ഗതാഗത നിയമലംഘനങ്ങളും മുമ്പത്തേക്കാൾ അധികമായി ഏറിയിരുന്നു. ക്യാമറകൾ ഒന്നും പകർത്തുന്നില്ല എന്ന ധൈര്യത്തിലായിരുന്നു പലരുടേയും പോക്കും വരവും.

എന്നാൽ കഴിഞ്ഞയാഴ്ച മുതൽ പെട്ടെന്ന് ഒരു ട്വിസ്റ്റായി പിഴ ഈടാക്കിക്കൊണ്ടുള്ള മെസേജുകൾ മൊബൈൽഫോണുകളിൽ വന്നു തുടങ്ങിയപ്പോൾ മുതലാണ് ഇവ വീണ്ടും പ്രവർത്തനമാരംഭിച്ച വിവരം അറിയുന്നത്. കോടതിയിലും സ്റ്റേഷനിലും ഒന്നും പോവാതെ എസ്എംഎസ് (SMS) ആയി ഇൻബോക്സിലേക്ക് വരുന്നന ലിങ്കിൽ ക്ലിക്ക് ചെയ്ത് വളരെ എളുപ്പത്തിൽ ചെലാൻ നമ്പർ ടൈപ്പ് ചെയ്താൽ ഓൺലൈനായി പിഴ അടയ്ക്കാം.
എന്നാൽ ഏഴു ദിവസത്തിനകം ഇത് അടയ്ക്കാത്തവരുടെ പിഴയാണ് വെർച്വൽ കോടതിയിലേക്കു സിസ്റ്റം തന്നെ കൈമാറുന്നത്. അതേസമയം മെസേജുകൾ വൈകി വരുന്നതിനാൽ പലർക്കും സമയത്തിന് പിഴ ഒടുക്കാൻ കഴിയാത്തതായി പരാതികളും എഉയരുന്നുണ്ട്. എസ്എംഎസ് ലഭിച്ചശേഷം എന്തായാലും പിഴയടയ്‌ക്കാൻ നോക്കുമ്പോഴാണ് പലരും തങ്ങളുടെ ഏഴുദിവസത്തെ സമയപരിധി കഴിഞ്ഞു എന്ന സത്യം മനസിലാക്കുന്നത്.

നഗരത്തിലെ പല പ്രധാന കവലകളിലും സിഗ്നൽ സംവിധാനം മുൻ മാസങ്ങളിൽ പണിമുടക്കി കണ്ണടച്ച് മയക്കത്തിലായിരുന്നു. എന്നാൽ ഇപ്പോൾ കുംഭകർണ്ണൻ ആറ് മാസത്തെ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റതു പോലെയാണിപ്പോൾ. നല്ല വിശപ്പായിരിക്കും, അതിനാൽ നിരീക്ഷണങ്ങൾ എല്ലാം കർശനമായിരിക്കും. കൂടാതെ സർക്കാർ നൽകിയ തുക പിഴയിനത്തിൽ വസൂലാക്കാനും നീക്കമുണ്ടാവും.
തലസ്ഥാനത്ത് സ്മാർട്ട്‌സിറ്റി റോഡ് പണിയുടെ ഭാഗമായി പലയിടത്തും വൺവേ സംവിധാനങ്ങൾ ഇല്ലാതെയായി. പലയിടത്തും റോഡിലെ വരകൾ മായ്ഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്. അതിനാൽ റോഡിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ ക്യാമറകൾ പ്രവർത്തിപ്പിച്ച് അനാവശ്യ പിഴകൾ മോട്ടോർ വാഹന വകുപ്പ് ഇടയാക്കുകയാണെന്ന് യാത്രക്കാർ പരാതി ഉയർത്തുന്നുണ്ട്. എന്നാൽ ഇതിനു മറുപടി ഒന്നും തന്നെ അധികൃതരിൽ നിന്നോ സർക്കാരിൽ നിന്നോ വന്നിട്ടില്ല.


Click it and Unblock the Notifications








