കേരളത്തിലെ ആദ്യ ലെക്‌സസ് LM 350h സ്വന്തമാക്കി 800 കോടി വിറ്റുവരവുള്ള കമ്പനി മുതലാളി! പേര് പറഞ്ഞാല്‍ അറിയും
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ ലക്ഷ്വറി കാര്‍ ഡിവിഷനാണ് ലെക്‌സസ്. വര്‍ഷങ്ങളായി ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള കാര്‍ ബ്രാന്‍ഡായി പേരെടുത്ത ലെക്‌സസ് ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇക്കഴിഞ്ഞ ദിവസം തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി 8 വര്‍ഷമാക്കി ഉയര്‍ത്തി ലെക്‌സസ് ഞെട്ടിച്ചിരുന്നു. 3 വര്‍ഷം അല്ലെങ്കില്‍ 1 ലക്ഷം കി.മീ വാറണ്ടി കവറേജില്‍ നിന്ന് ലെക്സസ് ഇപ്പോള്‍ 8 വര്‍ഷത്തെ അല്ലെങ്കില്‍ 1.60 ലക്ഷം കി.മീ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തില്‍ ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന വാറണ്ട് കവറേജ് നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ആഡംബര വാഹന നിര്‍മാതാക്കളായി മാറുകയും ചെയ്തു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ലെക്‌സസ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച ലക്ഷ്വറി എംപിവിയാണ് ലെക്‌സസ് LM 350h. വിമാനത്തിലെ ഫസ്റ്റ് ക്ലാസ് സ്യൂട്ടിനെ വെല്ലുന്ന ക്യാബിനും അകത്തളത്തില്‍ മിനി തീയറ്ററും വരെ സജ്ജീകരിച്ച ഈ ലക്ഷ്വറി കാര്‍ ഇപ്പോള്‍ ഒരു മലയാളി സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തിലെ ആദ്യത്തെ ലെക്‌സസ് LM 350h ലക്ഷ്വറി എംപിവി പ്രമുഖ ഇലക്ട്രോണിക്സ്, ഗ്രോസറി റീട്ടെയില്‍ ശൃംഖലയായ അജ്മല്‍ ബിസ്മിയുടെ സ്ഥാപകനും എംഡിയുമായ വിഎ അജ്മലും കുടുംബവുമാണ് സ്വന്തമാക്കിയിരിക്കുന്നത്.

കൊച്ചി കളമശ്ശേരിയിലുള്ള ലെക്‌സസ് ഷോറൂമില്‍ കുടുംബത്തോടൊപ്പം എത്തിയാണ് അജ്മല്‍ പുത്തന്‍ കാറിന്റെ താക്കോല്‍ സ്വീകരിച്ചത്. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളും വീട്ടുപകരണങ്ങളും ഹൈപ്പര്‍മാര്‍ക്കറ്റും എല്ലാം ചേര്‍ന്ന മുപ്പതില്‍പരം വന്‍ സ്റ്റോറുകളാണ് കേരളത്തിലുടനീളം ബിസ്മിയ്ക്കുള്ളത്. 2003-ല്‍ കൊച്ചിയില്‍ ഹോം അപ്ലയന്‍സുകള്‍ക്കും ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കുമായുള്ള സ്‌റ്റോറിലൂടെ ആയിരുന്നു തുടക്കം. കേരളത്തിലേക്ക് ഹൈപ്പര്‍ മാര്‍ക്കറ്റ് കള്‍ച്ചര്‍ കൊണ്ടുവന്നതിലും അജ്മല്‍ ബിസ്മി നിര്‍ണായക പങ്കുവഹിച്ചിരുന്നു.
അജ്മല്‍ ബിസ്മിക്ക് ഏകദേശം 800 കോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്. കാറിലേക്ക് മടങ്ങി വന്നാല്‍ ലെക്‌സസ് LM 350h ലക്ഷ്വറി എംപിവിയുടെ ഏറ്റവും പുതിയ തലമുറ പതിപ്പാണ് മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ന്യൂജെന്‍ LM 350h ലക്ഷ്വറി എംപിവിയുടെ ബുക്കിംഗ് കഴിഞ്ഞ വര്‍ഷം തന്നെ ബ്രാന്‍ഡ് ആരംഭിച്ചിരുന്നു.

7 സീറ്റര്‍, 4 സീറ്റര്‍ ഓപ്ഷനുകളില്‍ LM 350h വാങ്ങാന്‍ സാധിക്കും. ഇവക്ക് യഥാക്രമം 2 കോടി, 2.5 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. ഇതില്‍ 4 സീറ്റര്‍ പതിപ്പാണ് അജ്മല്‍ വാങ്ങിയിരിക്കുന്നത്. 3.15 കോടി രൂപയാണ് ഇത് നിരത്തിലിറക്കാന്‍ മുടക്കിയത്. വൈന്‍ റെഡ് കളര്‍ ഓപ്ഷനാണ് അജ്മല്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ടൊയോട്ട വെല്‍ഫയറിന് അടിവരയിടുന്ന GA-K മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് ലെക്സസ് LM 350h എംപിവിയും പണികഴിപ്പിച്ചിരിക്കുന്നത്.
പരമാവധി ക്യാബിന്‍ സ്പെയ്സ് ലഭ്യമാക്കുന്നതിനായി ബോക്സി ഡിസൈനാണ് നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ 4 സീറ്റര്‍ പതിപ്പിന്റെ ക്യാബിനാണ് എടുത്ത് പറയേണ്ടത്. ഇതില്‍ ഫ്രണ്ട്, റിയര്‍ പാസഞ്ചര്‍മാര്‍ക്കിടയില്‍ പാര്‍ടീഷന്‍ വരുന്നു. വിമാനത്തിന് സമാനമായ റിക്ലൈനര്‍ സീറ്റുകള്‍, 23 സ്പീക്കര്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, പില്ലോ സ്റ്റൈലിലുള്ള ഹെഡ്റെസ്റ്റ്, 48 ഇഞ്ച് ടിവി, ഫ്രിഡ്ജ് എന്നീ സൗകര്യങ്ങള്‍ അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഇന്‍ഫ്രാറെഡ് സെന്‍സറുള്ള എസി, പവര്‍ സീറ്റ് ലോംഗ് സ്ലൈഡ് റെയില്‍, വിവിധ രീതികളില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ടില്‍റ്റ്-അപ്പ് സീറ്റ്, വൈബ്രേഷനുകള്‍ മനസ്സിലാക്കാന്‍ കഴിയുന്ന പിസ്റ്റണ്‍ വാല്‍വ് എന്നിവയാണ് അകത്ത് ഒരുക്കിയിരിക്കുന്ന മറ്റ് സൗകര്യങ്ങള്‍. ഫോള്‍ട് ഔട്ട് ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, യുഎസ്ബി പോര്‍ട്ടുകള്‍, വയര്‍ലെസ് ചാര്‍ജറുകള്‍, റീഡിംഗ് ലൈറ്റുകള്‍, വാനിറ്റി മിററുകള്‍, അംബ്രല്ല ഹോള്‍ഡറുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.
യാത്രക്കാരുടെ ശരീരത്തിന് അനുസരിച്ച് താപനില ക്രമീകരിക്കുന്ന പുതിയ സെന്‍സര്‍ അധിഷ്ഠിത ക്ലൈമറ്റ് കണ്‍ട്രോളും ഇതിന് ലഭിക്കുന്നു. അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍ യാത്രകള്‍ സുഖകരമാക്കാന്‍ സഹായിക്കുന്നു. നോയ്സ് റിഡക്ഷന്‍ ടയറുകള്‍, ആക്ടീവ് നോയ്സ് കണ്‍ട്രോള്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍ തുടങ്ങിയവയും ലെക്‌സസ് എംപിവിയുടെ മറ്റ് പ്രത്യേകതകളില്‍ ചിലതാണ്.
ലെക്സസ് LM350h എംപിവിയില്‍ ഒരു ഹൈബ്രിഡ് പവര്‍ട്രെയിന്‍ സിസ്റ്റമാണ് വരുന്നത്. 246 bhp പവറും 239 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 2.5 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഉയര്‍ന്ന കാര്യക്ഷമതയ്ക്കായി എഞ്ചിന്‍ നിക്കല്‍-മെറ്റല്‍ ഹൈഡ്രൈഡ് ബാറ്ററിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. എഞ്ചിന്‍ eCVT ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. നിലവില്‍ ലെക്സസ് LM 350h എംപിവിക്ക് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളികളില്ല.


Click it and Unblock the Notifications








