കാശിന്റെ കൊഴുപ്പാ! ശതകോടീശ്വരന് എന്ത് നിയമം... 10 കോടിയുടെ ആഡംബര കാറിൽ നിയമലംഘനവുമായി 'കുട്ടി അംബാനി'
ഫോർബ്‌സ് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 967188 കോടി രൂപയുടെ ആസ്തിയുള്ള മുകേഷ് അംബാനി നിലവിൽ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ്. മുകേഷ് അംബാനിയും നിത അംബാനിയും ആകാശ് അംബാനിയും അനന്ത് അംബാനിയും ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ കുടുംബവും വളരെ മികവുറ്റ ലൈഫ്സ്റ്റൈലിന് പേരുകേട്ടവരാണ്. 15000 കോടി രൂപയുടെ ആൻ്റിലിയ എന്ന അത്യാഡംബര സൗധത്തിലാണ് അംബാനി കുടുംബത്തിലെ അംഗങ്ങൾ താമസിക്കുന്നത്, ഇത് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വീടും രാജ്യത്തെ ഏറ്റവും വിലകൂടിയ കുറച്ച് കാറുകൾ പാർക്ക് ചെയ്യപ്പെടുന്ന ഇടവുമാണ്.
മുകേഷ് അംബാനിക്കും കുടുംബത്തിനും 100 കോടി രൂപ വിലമതിക്കുന്ന ഒരു വലിയ കാർ ശേഖരം തന്നെയുണ്ട്. മുംബൈയിൽ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയാണ് ഈ അംബാനി ഫാമിലി ഗാരേജിലെ ഏറ്റവും വിലപിടിപ്പുള്ള ചില കാറുകൾ ഓടിക്കുന്നതും കൈകാര്യം ചെയ്യുന്നതും. അടുത്തിടെ, ആകാശ് അംബാനി 10.5 കോടിയുടെ ഫെറാറി എസ്‌യുവി ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.

എന്നിരുന്നാലും ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ്റെ മകൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നതാണ് ഇപ്പോൾ ഇന്റർനെറ്റിലെ പ്രധാന ചർച്ചാവിഷയം. റോഡ് നിയമങ്ങൾ അനുസരിച്ച് ഇന്ന് സീറ്റ് ബെൽറ്റ് ധരിക്കുക എന്നത് കർശനമാണ്. ഇത് ധരിക്കാത്തവരെ കണ്ടെത്താനും പിഴ ഈടാക്കാനും നിയമം അനുശാസിക്കുന്നു.
കാശുള്ളവന് എന്തും ആവാല്ലോ, അംബാനി പുത്രന് എന്ത് റോഡ് നിയമങ്ങൾ, പണത്തിനു മുകളിൽ എന്ത് പൊലീസ്...എന്ത് നിയമം എന്നിങ്ങനെ സമൂഹ മാധ്യമങ്ങളിലും ഇന്റർനെറ്റിലുടനീളവും വലിയ വിമർശനങ്ങൾ ഇതിനെതിരെ ഉയരുകയാണ്. അധികൃതർക്ക് ഇത് കണ്ടില്ല എന്ന് നടിക്കാനാവാത്ത തരത്തിലുള്ള ഒരു കോളിളക്കമാണ് ഇത് സൃഷ്ടിക്കുന്നത്. എന്നിരുന്നാലും ഇക്കാര്യത്തിൽ എന്തെങ്കിലും നിയമ നടപടികൾ വേണ്ടപ്പെട്ടവർ എടുത്തിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല.

ഇനി ആകാശ് അംബാനി ഓടിച്ചിരിുന്ന കാറിനെ കുറിച്ച് പറയുകയാണെങ്കിൽ, ഇന്ത്യയിലെ വളരെ അപൂർവമായ ഒരു എസ്‌യുവി മോഡലാണ് ഫെറാറി പുരോസാങ്ഗ്വേ. ഈ ലക്ഷ്വറി സ്പോർട്സ് കാറിൻ്റെ ഏതാനും യൂണിറ്റുകൾ മാത്രമാണ് ഇതുവരെ ഇന്ത്യൻ നിരത്തുകളിൽ എത്തിയിട്ടുള്ളത്. അപൂർവ കാറുകളോടുള്ള പ്രിയത്തിന് വളരെ പേരുകേട്ട വ്യക്തിയാണ് ആകാശ് അംബാനി.
അത്തരത്തിൽ തന്റെ ശേഖരത്തിലുള്ളതാണ് ഈ ഫെറാറി പുരോസാങ്ഗ്വേ. 'മോഡേൺ കാർസ്‌പോട്ടർ' എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കിട്ട ഒരു വീഡിയോയിലാണ്, ആകാശ് അംബാനി മുംബൈയിൽ ഒരു വലിയ വാഹനവ്യൂഹത്തിനുള്ളിൽ ഈ എക്സോട്ടിക് എസ്‌യുവി ഓടിക്കുന്നത് കാണാം. ആകാശ് സീറ്റ് ബെൽറ്റ് ധരിക്കാതെ കാർ ഓടിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.
കുറേയധികം പേർ കാറിൻ്റെ സൗന്ദര്യത്തെ ആസ്വധിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോൾ ചിലർ ട്രാഫിക് നിയമ ലംഘനത്തെ ചൂണ്ടിക്കാണിക്കുന്നു. 725 PS മാക്സ് പവറും 716 Nm പീക്ക് toque ഉം സൃഷ്ടിക്കുന്ന 6.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഫെറാറി പുരോസാങ്ഗ്വേ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. പുരോസാങ്ഗ്വേ എന്ന പേര് കാറിൻ്റെ ആർക്കിടെക്ചറിനെ മനോഹരമായി വിവരിക്കുന്നു.
വാഹനത്തിൻ്റെ സ്ലീക്ക്, അത്‌ലറ്റിക് എക്സ്റ്റീരിയർ, വിപണിയിലെ മറ്റ് ഫോർ -ഡോർ & ഫോർ -സീറ്റർ കാറുകളിൽ നിന്ന് അതിനെ വേറിട്ടു നിർത്തുന്നതാണ്. കൂടാതെ മിഡ് -ഫ്രണ്ട് മൗണ്ടഡ് നാച്ചുറലി ആസ്പിറേറ്റഡ് V12 യൂണിറ്റ്, ഗംഭീരവും സുഖപ്രദവുമായ, ആഡംബരപൂർണവും ഇടമുള്ളതും കുറ്റമറ്റ രീതിയിൽ പ്ലെയിസ് ചെയ്തതുമായ ക്യാബിനുമായി സംയോജിപ്പിക്കുന്നു.


Click it and Unblock the Notifications








