ഫോര്‍മുല 1 ആകാശത്ത്? പിറവിയെടുത്ത് ലോകത്തെ ആദ്യ ഫ്ലയിംഗ് റേസ് കാര്‍; കുതിക്കുക 360 കി.മീ വേഗതയില്‍
തീപിടിച്ച വേഗത്തില്‍ ചീറിപ്പായുന്ന കാറുകളുടെ അങ്കത്തട്ടായ ഫോര്‍മുല 1 കാറോട്ട മത്സരം പ്രത്യേകം തയാറാക്കിയ ട്രാക്കുകളിലാണ് അരങ്ങേറാറുള്ളത്. എന്നാല്‍ ഇപ്പോള്‍ റേസിംഗ് ട്രാക്കുകളുടെ കാലം കഴിയാന്‍ പോകുകയാണ്. ഫോര്‍മുല 1 കാറോട്ട മത്സരങ്ങള്‍ക്ക് ഭാവിയില്‍ ആകാശം വേദിയാകുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.
അതെ നിങ്ങള്‍ വായിച്ചത് ശരിയാണ്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഒരു പറക്കും റേസ് കാര്‍ പുറത്തിറക്കി ഇതിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് നടത്തിയത്. അഡ്ലെയ്ഡ് ആസ്ഥാനമായുള്ള അലൗഡ എയറോനോട്ടിക്സ് ആണ് 360 കിലോമീറ്റര്‍ വേഗതയുള്ള എയര്‍സ്പീഡര്‍ Mk4 അവതരിപ്പിച്ചിരിക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (eVTOL) മോഡലാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഫ്ലയിംഗ് റേസ് കാറിന്റെ ആദ്യ ക്രൂഡ് പതിപ്പ് കൂടിയാണിത്. കൂടാതെ ഒരു സാധാരണ ഫോര്‍മുല 1 റേസിംഗ് കാറിന് തുല്യമായ ഹാന്‍ഡ്ലിംഗ് ക്വാളിറ്റി നല്‍കുന്ന എഐ ജിംബാല്ലൈഡ് ത്രസ്റ്റ് (AI Gimballed Thrust) സാങ്കേതികവിദ്യയുമായാണ് ഇത് വരുന്നത്. സൗത്ത് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലാണ് ഫ്ലയിംഗ് റേസ് കാറായ എയര്‍സ്പീഡര്‍ Mk4 രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചിരിക്കുന്നത്. ഹൈഡ്രജന്‍ ടര്‍ബോജെനറേറ്റര്‍ മോട്ടോര്‍ ആണ് ഇതിന് കരുത്ത് പകരുന്നത്.
'ഞങ്ങളും ലോകവും ക്രൂഡ് ഫ്ലയിംഗ് കാര്‍ റേസിങ്ങിന് തയാറാണ്. ഞങ്ങള്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചു, സ്‌പോര്‍ട് വികസിപ്പിച്ചെടുത്തു, വേദികള്‍ ഒരുക്കി, സ്‌പോണ്‍സര്‍മാരെയും സാങ്കേതിക പങ്കാളികളെയും ആകര്‍ഷിച്ചു. ലോകത്തിലെ ഏറ്റവും പുരോഗമനപരവും നൂതനവുമായ ഓട്ടോമോട്ടീവ് ബ്രാന്‍ഡുകള്‍, വാഹന നിര്‍മ്മാതാക്കള്‍, മോട്ടോര്‍സ്പോര്‍ട്ട് ടീമുകള്‍ എന്നിവര്‍ക്ക് വിപ്ലവകരമായ ഒരു പുതിയ മോട്ടോര്‍സ്പോര്‍ട്ടിന്റെ ഭാഗമാകാനുള്ള സമയമാണിത്'അലാഡ എയറോനോട്ടിക്സിന്റെ സിഇഒ മാറ്റ് പിയേഴ്സണ്‍ പറഞ്ഞു.

1340 bhp പവര്‍ ഔട്ട്പുട്ട് ഇത് പുറത്തെടുക്കും. വെറും 30 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 360 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഫ്ലയിംഗ് കാറിന് കഴിയും. എയര്‍സ്പീഡര്‍ Mk4 ന് ഏകദേശം 300 കിലോമീറ്റര്‍ പറക്കാന്‍ കഴിയുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എയര്‍സ്പീഡര്‍ Mk4 പറത്താന്‍ ഒരു പൈലറ്റ് ആവശ്യമാണ്. അത്യാധുനിക ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സിസ്റ്റവും നൂതന എയറോഡൈനാമിക്‌സും സഹിതമാണ് ഇത് വരുന്നത്.
ഇത് ഏകദേശം 950 കിലോഗ്രാം ടേക്ക് ഓഫ് ഭാരം വാഗ്ദാനം ചെയ്യുന്നു. ഫ്ലയിംഗ് റേസ് കാറുകളുടെ ക്രൂഡ് റേസുകളില്‍ ആദ്യത്തേത് അടുത്ത വര്‍ഷം നടക്കാനിരിക്കുകയാണ്. അതിലാകും എയര്‍സ്പീഡര്‍ Mk4 കാണാന്‍ കഴിയുക. മോട്ടോര്‍സ്‌പോര്‍ട്ട് ചരിത്രത്തിൽ വഴിത്തിരിവായേക്കാവുന്ന ഇവന്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി ഇതിനോടകം എന്‍ട്രികള്‍ ക്ഷണിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായി എയര്‍സ്പീഡര്‍ ക്രൂഡ് റേസിംഗ് സീരീസിലൂടെ ആകാശത്ത് മത്സരങ്ങള്‍ കാണാനായേക്കും.

ഇതോടെപ്പം തന്നെ ലോകത്തിലെ തന്നെ യാത്രാ സംവിധാനങ്ങളെ പോകുന്നവരാണ് ഫ്ലയിംഗ് കാറുകള്‍ അല്ലെങ്കില്‍ പറക്കും ടാക്സികള്‍. 2026-ഓടെ യുഎഇയില്‍ പറക്കും ടാക്‌സി സേവന സജ്ജമാകുമെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. അത് ദുബൈയില്‍ അല്ലേ എന്ന് ചിന്തിക്കാന്‍ വരട്ടെ. ഇന്ത്യക്കാര്‍ക്കും ഫ്ലയിംഗ് ടാക്സികള്‍ ലഭിക്കുന്ന കാലം വിദൂരമല്ലെന്നു വേണം പറയാന്‍. ഐഐടി മദ്രാസ് സ്റ്റാര്‍ട്ടപ്പ് ഒരു ഇലക്ട്രിക് ഫ്ലയിംഗ് ടാക്‌സിയുടെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത് കഴിഞ്ഞ ദിവസം തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു.
2017-ല്‍ സ്ഥാപിതമായ സ്റ്റാര്‍ട്ടപ്പ് ഈ ആഴ്ച ബെംഗളൂരുവില്‍ നടന്ന എയ്റോ ഇന്ത്യ ഷോയില്‍ പറക്കും ടാക്‌സി പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിക്കുകയുണ്ടായി. പറക്കും ടാക്‌സിക്ക് ഹെലികോപ്റ്ററിനേക്കാള്‍ വേഗത്തില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സാധിക്കുമെന്നാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി അവകാശപ്പെടുന്നത്.
എയര്‍സ്പീഡര്‍ Mk4 പോലെ തന്നെ ഈ പ്രോട്ടോടൈപ്പും ഒരു ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (eVOTL) മോഡലാണ്.
ഒറ്റ ചാര്‍ജില്‍ ഏകദേശം 200 കിലോമീറ്ററാണ് ഇത് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. കാറുകളേക്കാള്‍ 10 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാന്‍ ഇലക്ട്രിക് പറക്കും ടാക്‌സിക്ക് കഴിയുമെന്നാണ് സ്റ്റാര്‍ട്ടപ്പ് അവകാശപ്പെടുന്ന മറ്റൊരു കാര്യം. ഇതിന്റെ മൊത്തം ഭാരം ഏകദേശം 200 കിലോഗ്രാം വരും. അതിന്റെ പ്രൊപ്പല്ലറുകളായി 4 ഡക്റ്റഡ് ഫാനുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഒരു സവാരിയില്‍ രണ്ട് യാത്രക്കാര്‍ക്ക് ഇരിക്കാനും 150 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനും കഴിയും. 457 മീറ്റര്‍ (1,500 അടി) ആണ് പറക്കും ടാക്‌സിയുടെ പരമാവധി യാത്രാ ഉയരം.


Click it and Unblock the Notifications








