വിമാനത്തിലിരുന്ന് വെള്ളമടി വൈബ് തന്നെ, പക്ഷേ കിട്ടാൻ പോവുന്ന പണി ആർക്കും അറിയില്ല
മാനത്ത് പാറിപ്പറക്കണ വിമാനങ്ങൾ മനുഷ്യരുടെ കണ്ടുപിടുത്തങ്ങളിലെ വളരെ മനോഹരവും അത്ഭുതകരവുമായ അനുഭവങ്ങൾ വാഗ്ദാം ചെയ്യുന്ന ഒന്നാണ് എന്ന് നിസംശയം പറയാം. ഇക്കാലത്ത് ആളുകൾക്കിടയിൽ ദീർഘ ദൂര യാത്രകൾക്കും മറ്റും ഏറ്റവും പ്രചാരമുള്ള യാത്രാ മാർഗം എന്നതും വിമാനമാണ്. വിമാനം/ ഫ്ലൈറ്റ് നല്ല ഉയരത്തിൽ ആയിരിക്കുമ്പോൾ വിൻഡോ സീറ്റിൽ നിന്ന് വളരെ വിസ്മയകരമായ കാഴ്ചകൾ നമുക്ക് കാണാനാവും. ഈ സുന്ദരമായ കാഴ്ച്ചകൾക്കൊപ്പം പലപ്പോഴും, വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ആളുകൾ മദ്യം കഴിക്കാനും ഇഷ്ടപ്പെടുന്നു എന്നത് വ്സാതവമാണ്.
ലോകമെമ്പാടും സർവ്വീസ് നടത്തുന്ന പല എയർലൈനുകളും ഫ്ലൈറ്റുകളിൽ ലഹരിപാനീയങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്, ആളുകൾ അവ വളരെ ആസ്വദിക്കുന്നുമുണ്ട്. എന്നാൽ ഇത് ആളുകളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കും എന്ന സത്യം എല്ലാവർക്കും അറിയില്ല. ദീർഘദൂര യാത്രയ്ക്കിടെ മദ്യം കഴിക്കുന്നതും പിന്നീട് ഉറങ്ങുന്നതും ഹാർട്ട് അറ്റാക്ക്/ ഹൃദയാഘാതത്തിന് കാരണമാകും എന്ന് സമീപകാല ഗവേഷണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

തോറാക്സ് എന്ന മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ വിമാന യാത്രയ്ക്കിടെ മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് കണ്ടെത്തി എന്ന് വ്യക്തമാക്കുന്നു. വിമാനത്തിലെ എയർ പ്രെഷർ/ വായു മർദ്ദം കുറയുകയും അത്തരം അവസ്ഥയിൽ മദ്യം കഴിച്ച ശേഷം ഉറങ്ങുകയും ചെയ്യുന്നത് ആളുകളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്നു എന്ന് ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇത് അവരുടെ ഹൃദയമിടിപ്പ് വീണ്ടും വർധിപ്പിക്കുന്നു. ഹൈപ്പോബാറിക് അവസ്ഥയിൽ മദ്യം കഴിച്ചതിനു ശേഷം ഉറങ്ങുന്നത് ഹൃദയത്തിലും മറ്റ് സിസ്റ്റത്തിൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നു, ഇതുമൂലം ഹൃദയവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉൾപ്പടെയുള്ള രോഗികൾക്ക് വളരെയധികം പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ തുടങ്ങും എന്ന് പഠനം സൂചിപ്പിക്കുന്നു.

രോഗികളെ മാത്രമല്ല, ആരോഗ്യമുള്ള ആളുകളെയും ഇത് പലപ്പോളും ബാധിക്കുന്നു. വിമാന യാത്രയ്ക്കിടെ അമിതമായി മദ്യം കഴിക്കുന്നത് പെട്ടെന്ന് ആരോഗ്യം വഷളാക്കുകയും ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും എന്നാണ് ഈ ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നത്. പ്രത്യേകിച്ചും, പ്രായമായവരും ഇതിനകം പല രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുമായ ആളുകൾക്ക് ഇത്തരം ഒരു അവസ്ഥ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതുകൊണ്ട് തന്നെ ഇത്തരക്കാർ വിമാന യാത്രയിൽ അബദ്ധത്തിൽ പോലും മദ്യപിക്കരുത് എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. കൂടാതെ ആളുകൾ ഒരു ലിമിറ്റിനുള്ളിൽ മദ്യം കഴിക്കണം എന്ന് ഗവേഷകർ പ്രത്യേകം നിർദ്ദേശിക്കുന്നു. ഈ പഠനത്തിൽ, 18 മുതൽ 40 വയസ്സുവരെയുള്ള 48 ആരോഗ്യവാന്മാരായ ആളുകളെ ഗവേഷകർ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരുന്നു. ആദ്യ സംഘത്തിലെ ആളുകൾ സാധാരണയായി ഭൂമിയിൽ ഇരുന്നത് തന്നെ മദ്യം കഴിച്ചു; രണ്ടാമത്തെ സംഘം വിമാനയാത്രയ്ക്കിടെയാണ് മദ്യം കഴിച്ചത്. ഉറങ്ങുന്നതിന് മുമ്പ് വിമാനത്തിൽ വെച്ച് മദ്യം കഴിച്ചവരുടെ രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ 85 ശതമാനത്തിൽ താഴെയായി കുറയുകയും അവരുടെ ഹൃദയമിടിപ്പ് മിനിറ്റിൽ ശരാശരി 88 സ്പന്ദനമായി (ബീറ്റ്) വർധിക്കുകയും ചെയ്തതായി പഠനങ്ങൾ കണ്ടെത്തി.
നോർമലായി ഭൂമിയിലിരുന്ന് മദ്യം കഴിക്കുന്നവരുടെ രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ 95 ശതമാനമായി ഉയർന്നു. അവരുടെ ഹൃദയമിടിപ്പ് മിനിറ്റിൽ 77 ആയി വർധിക്കുകയും ചെയ്തു. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ & പ്രിവൻഷൻ പറയുന്നത് അനുസരിച്ച്, ആരോഗ്യമുള്ള ആളുകൾക്ക് സാധാരണയായി 95 ശതമാനത്തിനും 100 ശതമാനത്തിനും ഇടയിൽ ഓക്സിജൻ സാച്ചുറേഷനുണ്ടായിരിക്കും എന്നാണ്. 90 ശതമാനത്തിൽ താഴെയുള്ള ഓക്സിജൻ സാച്ചുറേഷൻ ആശങ്കാജനകമാണെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.


Click it and Unblock the Notifications








