ഡല്‍ഹിക്കാര്‍ക്ക് ഇരുട്ടടി; ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം; കാരണം അറിയാം
ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) ഉത്തരവിട്ടു.

സിഎക്യുഎം വ്യാഴാഴ്ച അടിയന്തര യോഗം ചേര്‍ന്ന് ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജിആര്‍എപി) സ്‌റ്റേജ് 4 നടപ്പിലാക്കുകയായിരുന്നു. ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക ഇന്നലെ ശരാശരി 458 ആയിരുന്നു. ഇത് 'സിവിയര്‍ പ്ലസ്' വിഭാഗത്തില്‍ പെടുന്നു.

ഈ വിഭാഗത്തിന് കീഴില്‍ എല്ലാ ബിഎസ് 4 ഡീസല്‍ വാഹനങ്ങളും (വാണിജ്യവും സ്വകാര്യവും) സിഎക്യുഎമ്മില്‍ നിന്ന് അറിയിപ്പുണ്ടാകുന്നത് വരെ ഡല്‍ഹി-എന്‍സിആര്‍ റോഡുകളില്‍ പ്രവേശിക്കുന്നത് നിരോധിച്ചു. എന്നാല്‍ ബിഎസ് 6 നിലവാരമുള്ള പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലെ റോഡുകള്‍ ഉപയോഗിക്കാം.

പഴയ നിരോധനം ഇങ്ങനെ
ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) ഉത്തരവ് പ്രകാരം 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ കാറുകള്‍ ഡല്‍ഹി-എന്‍സിആര്‍ റോഡുകളില്‍ സ്ഥിരമായി നിരോധിച്ചിരിക്കുന്നു. 15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള പെട്രോള്‍ കാറുകള്‍ക്കും ഇതേ നിരോധനം ബാധകമാണ്.

ഇത് അനുസരിച്ച് 10 അല്ലെങ്കില്‍ 15 വര്‍ഷം തികയുമ്പോള്‍ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ നിരോധിക്കാനുള്ള പഴക്കം ആകുന്നതിന് മുമ്പ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഈ വാഹനങ്ങള്‍ വില്‍ക്കേണ്ടി വരും.

പുതിയ നിരോധനം വ്യത്യാസം ഇങ്ങനെ
ജിആര്‍എപി സ്റ്റേജ് 4 പ്രകാരമുള്ള പുതിയ നിരോധനം അനുസരിച്ച് ബിഎസ്4 ഡീസല്‍ വാഹനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ഡല്‍ഹി-എന്‍സിആര്‍ റോഡുകളില്‍ നിന്ന് നിരോധിച്ചത്.

തലസ്ഥാന നഗരിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ടുകഴിഞ്ഞാല്‍ മേഖലയിലെ റോഡുകളില്‍ ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ ഓടിക്കാനുള്ള നിയന്ത്രണങ്ങള്‍ സിഎക്യുഎം നീക്കം ചെയ്യും. ബിഎസ് 4 ഡീസല്‍ വാഹനങ്ങളുടെ നിരോധനം സിഎക്യുഎം എടുത്തുകളഞ്ഞാല്‍ ഈ വാഹനങ്ങള്‍ക്ക് 10 വര്‍ഷം തികയുന്നതുവരെ ഡല്‍ഹി നിരത്തുകളിലൂടെ ഓടാം.

ജിആര്‍എപി സ്‌റ്റേജുകള്‍
ജിആര്‍എപി അനുസരിച്ച് ഡല്‍ഹിയിലെ വായു ഗുണനിലവാരം നാല് വ്യത്യസ്ത ഘട്ടങ്ങളായി തരംതിരിച്ചിട്ടുണ്ട്. 'പുവര്‍' (മോശം) ആണ് ആദ്യം സ്‌റ്റേജ്. വായു ഗുണനിലവാര സൂചിക 201-300 ഈ ഘട്ടത്തില്‍ വരുന്നു. 'വെരി പുവര്‍' (വളരെ മോശം) ആണ് രണ്ടാം സ്‌റ്റേജ്. വായു ഗുണനിലവാര സൂചിക 301-നും 400നും ഇടയിലാണ് ഇത്.

'സിവിയര്‍' (ഗുരുതരം) ആണ് മൂന്നാം സ്‌റ്റേജ്. വായു ഗുണനിലവാര സൂചിക 401-നും 450-നും ഇടയില്‍ ആണ് ഇത് വരുന്നത്. വായു ഗുണനിലവാര സൂചിക 450-ന് മുകളില്‍ പോയാല്‍ സ്റ്റേജ് IV - 'സിവിയര്‍ പ്ലസ്'. വായു ഗുണനിലവാര സൂചിക സ്റ്റേജ് 1-ലേക്കോ അതിനു താഴെയോ കുറയുന്നത് വരെ ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ സാധിച്ചേക്കില്ല.

മോട്ടോർ വാഹനങ്ങൾ ഉൾപ്പെടെയുള്ള ആന്തരിക ജ്വലന എഞ്ചിൻ ഉപകരണങ്ങളിൽ നിന്നുള്ള വായു മലിനീകരണം നിയന്ത്രിക്കുന്നതിന് സർക്കാർ സ്ഥാപിച്ചിട്ടുള്ള മാനദണ്ഡങ്ങളാണ് ബിഎസ് - ഭാരത് സ്റ്റേജ് - എമിഷൻ മാനദണ്ഡങ്ങൾ.

അഞ്ച് വർഷത്തെ കാലതാമസത്തോടെ ഇന്ത്യ നേരത്തെ യൂറോപ്യൻ (യൂറോ) എമിഷൻ മാനദണ്ഡങ്ങൾ പിന്തുടർന്നിരുന്നുവെങ്കിലും ബിഎസ് 5-ലേക്ക് മാറുന്നത് ഒഴിവാക്കുകയും 2020-ൽ ബിഎസ് 4-ൽ നിന്ന് നേരിട്ട് ബിഎസ് 6-ലേക്ക് മാറുകയും ചെയ്തു. 2020 ഏപ്രിൽ 1 മുതൽ ബിഎസ് 6 മോഡലുകളിലേക്ക് മാറാൻ സുപ്രീം കോടതി കാർ നിർമ്മാതാക്കളോട് ഉത്തരവിട്ടിരുന്നു.


Click it and Unblock the Notifications








