ആഢംബരത്തിന്റെ നെറുകയില്‍ അല്ലു അര്‍ജുന്റെ വാനിറ്റി വാന്‍
മിക്ക സിനിമാതാരങ്ങളും ആഢംബര വാഹനപ്രേമികളാണ്. തങ്ങളുടെ യാത്രകള്‍ സുഖമമാക്കാനും, പ്രതാപം കാണിക്കാനുമെല്ലാമായി ഈ വാഹനങ്ങളെ താരങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇപ്പോള്‍ ഈ ആഢംബര താര വാഹനലോകത്ത് ഏറ്റവും പുതിയ വാര്‍ത്ത തെലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ വാനിറ്റി വാന്‍ അഥവാ ക്യാരവാനെക്കുറിച്ചാണ്. ഏഴ് കോടി രൂപയാണ് താരം ഈ വാഹനത്തിനായി ചിലവിട്ടിരിക്കുന്നത്.

തന്റെ തിരക്കേറിയ സിനിമാ ജീവിതത്തിന്റെ കൂടുതല്‍ സമയവും യാത്രകളിലാണ് താരം ചിലവഴിക്കുന്നത്. അതിനാല്‍ ഈ യാത്രകള്‍ കൂടുതല്‍ സുഖകരമാക്കാനാണ് പുതിയ ക്യാരവാന്‍ താരം സ്വന്തമാക്കിയത്. അല്ലു അര്‍ജുന് വേണ്ടി റെഡ്ഡി കസ്റ്റംസാണ് വാഹനം രൂപകല്‍പ്പന ചെയ്തത്.

ഭാരത് ബെന്‍സ് ചാസിയിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. വാഹനം കൂടുതല്‍ ഈടുറ്റതും യാത്രകള്‍ സുഖകരവുമാക്കാന്‍ ഈ ചാസി സഹായിക്കും. താരത്തിന്റെ ആവശ്യത്തിനനുസരിച്ച് ഡിസൈന്‍ ചെയ്ത ബോഡിയാണ്. കറുത്ത നിറമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. പൂര്‍ണ്ണമായും കസ്റ്റമൈസ് ചെയ്ത വീലുകളാണ് വാഹനത്തിന്.

വാഹനത്തിന്റെ എടുത്ത് പറയേണ്ട പ്രതേകത അത്യാഢംബരമായ ക്യാബിനാണ്. ഒരു പ്രീമിയം അപ്പാര്‍ട്ട്‌മെന്റിനെ വെല്ലുന്ന സൗകര്യങ്ങളാണ് ക്യാബിനുള്ളില്‍ നല്‍കിയിരിക്കുന്നത്. ഒരേ സമയം താരത്തിന്റഎ വിശ്രമ മുറിയായും, മേക്കപ്പ് റൂമായും, മീറ്റിംഗ് റൂമായും എല്ലാം മാറ്റാവുന്ന തരത്തിലാണ് ഈ ക്യാബിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ വശങ്ങള്‍ പുറത്തേക്ക് തള്ളി മുറിയുടെ വീതി കൂട്ടാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മ്മാണം.

വാഹനത്തിന്റെ മാസ്റ്റര്‍ ക്യാബിനില്‍ 360 ഡിഗ്രി തിരിയാന്‍ കഴിയുന്ന ഇലക്ട്രോണിക്ക് ചെയറാണ് നല്‍കിയിരിക്കുന്നത്. മേക്കപ്പിനായി വലിയ കണ്ണാടിയും വാഹനത്തിലുണ്ട്. യാത്രകളില്‍ വിനോദത്തിനായി വലിയ ടിവിയും, കാണാന്‍ എത്തുന്നവര്‍ക്ക് ഇരിക്കാന്‍ സോഫയും ക്യാബിനുള്ളില്‍ ക്രമീകരിച്ചിരിക്കുന്നു. ടിവിക്ക് താഴെയായി ഉറങ്ങുന്നതിന് ബെഡ് നല്‍കിയിരിക്കുന്നു.

തടിയില്‍ തീര്‍ത്ത ഫ്‌ളോറിംഗാണ്, സീലിംഗ് അലങ്കാര ലൈറ്റുകള്‍ കൊണ്ട് നിരച്ചിരിക്കുന്നു. താരത്തിന്റെ മൂഡിന് അനുസരിച്ച് ഈ ലൈറ്റുകളുടെ നിരം മാറ്റാനും കഴിയും. ഇത് മാത്രമല്ല ഒരു ഫുള്‍സൈസ് ബാത്ത്‌റൂമും വാഹനത്തിനുള്ളിലുണ്ട്. വലിയ വാഷ് ബേസിനും ഷവറും വാഹനം പ്രധാനം ചെയ്യുന്നു.

വാഹനത്തിന്റെ സ്റ്റെപ്പുകളിലും ആവശ്യത്തിന് ലൈറ്റുകള്‍ നല്‍കിയിരിക്കുന്നത് വാഹനത്തിന്റെ പ്രൗഢി കൂട്ടുന്നു. യാത്രകളില്‍ ആശയവിനിമയത്തിനായി ഫോണ്‍ സംവിധാനവും നല്‍കിയിരിക്കുന്നു.

ആകാശം കാണുന്നതിനായി സീലിംഗില്‍ പ്രത്യേക മൂണ്‍വിന്റോയുമുണ്ട്. ഏഴ് കോടി രൂപയാണ് വാഹനത്തിന്റെ വില. ഏകദേശം 3.5 കോടി രൂപ വാഹനത്തിന്റെ ഉള്‍വശം മോഡികൂട്ടാനാണ് താരം മുടക്കിയത്. ബാക്കി ചാസിക്കും ബോഡിക്കുമായി ചിലവാക്കി.


Click it and Unblock the Notifications