1 പടത്തിന് 270 കോടി വാങ്ങുന്ന 'മല്ലൂ'സ് സൂപ്പര്‍ താരം; വിവാഹ വാർഷികത്തിന് ഭാര്യക്ക് സമ്മാനിച്ച കാര്‍ കണ്ടോ?
എസ്എസ് രാജമൗലിയുടെ ബ്രഹ്‌മാണ്ഡ സിനിമയായ ബാഹുബലിക്കും മുമ്പേ സാധാരണ കൊമേഴ്ഷ്യല്‍ സിനിമകള്‍ വെച്ച് മലയാളികളുടെ ദത്തുപുത്രനായി മാറിയ തെലുങ്ക് നടനാണ് അല്ലു അര്‍ജുന്‍ (Allu Arjun). സ്‌റ്റൈലിഷ് സ്റ്റാറിന്റെ അമ്മാവനും ടോളിവുഡിലെ മെഗാ സ്റ്റാറുമായ ചിരഞ്ജീവിയുടെ ചില മൊഴിമാറ്റ സിനിമകള്‍ നന്നായി ഓടിയെങ്കിലും കേരളത്തില്‍ അല്ലുവിനോളം തരംഗം സൃഷ്ടിച്ച തെലുങ്ക് നടന്‍ വേറെയില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തെലുങ്ക് താരം താനാണെന്ന് അദ്ദേഹം പലപ്പോഴും അഭിമാനത്തോടെ പറയാറുണ്ട്. 'മല്ലു അര്‍ജുന്‍' എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന കേരളത്തിലെ ആരാധകരോട് നന്ദി രേഖ്‌പ്പെടുത്താറുള്ള താരം കേരളം തന്റെ രണ്ടാം വീടാണെന്നാണ് വിശേഷിപ്പിക്കാറുള്ളത്.
ഇക്കഴിഞ്ഞ ദിവസമാണ് പ്രിയതാരം 15-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അല്ലു അര്‍ജുന്‍ തന്റെ വിവാഹ വാര്‍ഷികം ആഘോഷമാക്കിയത് ഭാര്യ സ്‌നേഹ റെഡിക്ക് വിലപിടിപ്പുള്ള ലക്ഷ്വറി കാര്‍ സമ്മാനമായി നല്‍കിക്കൊണ്ടാണ്. മെര്‍സിഡീസ് ബെന്‍സിന്റെ പ്രീമിയം പെര്‍ഫോമന്‍സ് മോഡലായ AMG CLE 53 (Mercedes-AMG CLE 53) ആണ് താരം വാങ്ങിയത്. ഹൈദരാബാദിലെ താരത്തിന്റെ വസതിയിലേക്ക് കറുപ്പ് നിറത്തിലുള്ള ഈ ലക്ഷ്വറി കൂപ്പെ എത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിവാഹ വാര്‍ഷികത്തിലെ വിലപിടിപ്പുള്ള സമ്മാനം പോലെ തന്നെ താരത്തിന്റെ കരിയറും ഇപ്പോള്‍ തിളക്കമാര്‍ന്ന ഘട്ടത്തിലാണ്. 'പുഷ്പ: ദി റൈസ്' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ തെലുങ്ക് താരമായി അല്ലു അര്‍ജുന്‍ ചരിത്രം കുറിച്ചിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിന് പുഷ്പ ഫ്രാഞ്ചൈസി പാന്‍ ഇന്ത്യ ലെവല്‍ റീച്ചാണ് നല്‍കിയത്.
പുഷ്പയുടെ രണ്ടാം ഭാഗത്തിന് ഫിക്‌സഡ് വേതനത്തിന് പകരം ലാഭവിഹിതത്തിന്റെ പങ്ക്‌ഷെയറിംഗ് രീതിയാണ് അല്ലു സ്വീകരിച്ചത്. പുഷ്പ 2 1000 കോടി രൂപക്ക് മുകളില്‍ കളക്ഷന്‍ നേടിയതോടെ അല്ലു ഏകദേശം 270 കോടി നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് ടോളിവുഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടനാക്കി അല്ലുവിനെ മാറ്റി. സൂപ്പര്‍ ഹിറ്റ് സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്‌ലി എന്നിവരുടെ സിനിമകളാണ് ഇനി അല്ലുവിന്‍േറതായി വരാന്‍ പോകുന്നത്.

അല്ലുവിന്റെ ഗരാജിലെ പുത്തന്‍ അതിഥിയായ മെര്‍സിഡീസ് AMG CLE 53 സാങ്കേതികമായി ഏറെ കരുത്തുള്ള വാഹനമാണ്. 3.0 ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് ഇതിന്റെ ഹൃദയം. 443 hp പവറും 560 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിന്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. വെറും 4.2 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും.
48V മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ലക്ഷ്വറി കൂപ്പെയിലുണ്ട്. 11.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഡിജിറ്റല്‍ ഡിസ്പ്ലേയും അകത്തെ യാത്രക്കാര്‍ക്ക് ആഡംബര പൂര്‍ണമായ അനുഭവം സമ്മാനിക്കും. സ്‌റ്റൈലും കരുത്തും ഒത്തുചേരുന്ന ഈ മോഡല്‍ സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും ഒരുപോലെ മുന്‍ഗണന നല്‍കുന്നു. വാഹനപ്രേമിയായ അല്ലുവിന്റെ സ്‌റ്റൈലിനും സ്വാഗിനും യോജിക്കുന്ന കാര്‍ കൂടിയാണ് ഇത്.

അല്ലു അര്‍ജുന്റെ വാഹനശേഖരത്തിലെ 'ഫാല്‍ക്കണ്‍' എന്ന് പേരുള്ള ആഡംബര വാനും (Vanity Van) ഏറെ പ്രശസ്തമാണ്. ഏകദേശം ഏഴ് കോടി രൂപ ചിലവഴിച്ചാണ് അത് അദ്ദേഹം വാന്‍ ഒരുക്കിയത്. ഇതിന് പുറമെ റേഞ്ച് റോവര്‍ വോഗ്, വോള്‍വോ XC90 തുടങ്ങിയ വാഹനങ്ങളും താരത്തിനുണ്ട്. സിനിമയും കുടുംബജീവിതവും ഒരുപോലെ മനോഹരമായി കൊണ്ടുപോകുന്ന അല്ലു ഭാര്യക്ക് നല്‍കിയ ഈ സര്‍പ്രൈസ് സമ്മാനം അദ്ദേഹത്തിന്റെ കരുതലിന്റെ അടയാളമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








