ഇന്ത്യക്ക് ആകെ 3 എണ്ണം, അതില്‍ രണ്ടും വാങ്ങി! ഒറ്റപ്പേര് അംബാനി, ജിയോ ഗരാജിലെത്തിയ മെയ്ബാക്ക് SL 680 കണ്ടോ
ഏഷ്യയിലെ ഏറ്റവും കോടീശ്വരനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ (Mukesh Ambani) പ്രശസ്തമായ 'ജിയോ' ഗരാജിലേക്ക് രണ്ട് മെര്‍സിഡീസ് മെയ്ബാക്ക് SL 680 (Mercedes Maybach SL 680) റോഡ്സ്റ്ററുകള്‍ കൂടി എത്തിയതായി റിപ്പോര്‍ട്ട്. ജിയോ ഗരാജിലെ 150-ലധികം വരുന്ന കാറുകളുടെ കൂട്ടത്തിലേക്കാണ് ഏകദേശം 8 കോടി രൂപയിലധികം വിലമതിക്കുന്ന ഈ ലിമിറ്റഡ് എഡിഷന്‍ പതിപ്പുകള്‍ കൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. മുംബൈ തെരുവുകളിലൂടെ വെള്ള നിറത്തിലുള്ള മെയ്ബാക്ക് ചുറ്റിയടിക്കുന്ന വീഡിയോസ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
automobiliardent ആണ് വൈറല്‍ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സുരക്ഷാ വാഹന വ്യൂഹം ഇല്ലാത്തതിനാല്‍ ഈ കാറുകളില്‍ അംബാനി കുടുംബാംഗങ്ങള്‍ ആരും തന്നെ ഇല്ലെന്ന് അനുമാനിക്കാം. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തിയ മെയ്ബാക്ക് SL 680 മോണോഗ്രാം എഡിഷന്‍ (Monogram Edition) എന്ന പ്രത്യേക പതിപ്പാണ് അംബാനി കുടുംബം സ്വന്തമാക്കിയതെന്നാണ് വിവരം.

കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി ആകെ മൂന്ന് യൂണിറ്റുകള്‍ മാത്രമാണ് കമ്പനി നീക്കിവെച്ചിരുന്നത്. ഇതില്‍ രണ്ട് കാറുകളും അംബാനി കുടുംബം വാങ്ങിയത് വാഹനലോകത്ത് ചര്‍ച്ചയായി. സാധാരണയായി കനത്ത സുരക്ഷാ അകമ്പടിയോടെ സഞ്ചരിക്കുന്ന അംബാനി കുടുംബാംഗങ്ങളുടെ പക്കല്‍ ഇത്തരം സ്‌പോര്‍ട്‌സ് കാറുകള്‍ കാണുന്നത് കൗതുകകരമാണ്. മെയ്ബാക്ക് ചരിത്രത്തിലെ ഏറ്റവും സ്‌പോര്‍ട്ടിയര്‍ മോഡല്‍ എന്ന ഖ്യാതിയോടെയാണ് SL 680 വിപണിയിലെത്തിയത്.
ഇതിന്റെ മുന്‍വശത്ത് ഇല്യുമിനേറ്റഡ് ഔട്ട്‌ലൈനോട് കൂടിയ ക്രോം റേഡിയേറ്റര്‍ ഗ്രില്ലും മെയ്ബാക്ക് ലെറ്ററിംഗും നല്‍കിയിരിക്കുന്നു. ബോണറ്റിന് ഒബ്സിഡിയന്‍ ബ്ലാക്ക് ഫിനിഷും ഗ്രില്ലിന് ഇരുവശത്തുമായി എല്‍ഇഡി ഡിആര്‍എല്ലുകള്‍ അടങ്ങിയ ഹെഡ്ലാമ്പുകളും വാഹനത്തിന്റെ ലുക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇത് കാഴ്ചയില്‍ അതീവ പ്രീമിയം അനുഭവം പ്രദാനം ചെയ്യുന്ന ഡിസൈനാണ്. വശങ്ങളില്‍ 21 ഇഞ്ച് വലിപ്പമുള്ള 36 സ്‌പോക്ക് ഫോര്‍ജ്ഡ് അലോയ് വീലുകളാണ് ഈ വാഹനത്തിനുള്ളത്.

ഇതിന്റെ സോഫ്റ്റ് ടോപ്പില്‍ മെയ്ബാക്ക് ലോഗോ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ ധാരാളം കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും കമ്പനി നല്‍കുന്നുണ്ട്. ഫെന്‍ഡറുകളിലും ഡോര്‍ ഹാന്‍ഡിലുകളിലും നല്‍കിയിരിക്കുന്ന ക്രോം ആക്‌സന്റുകള്‍ വാഹനത്തിന് സ്‌പോര്‍ട്ടി ലുക്കിനൊപ്പം ലക്ഷ്വറി ഫീലും നല്‍കുന്നു. മെയ്ബാക്ക് മോഡലുകളില്‍ സാധാരണയായി കാണുന്ന എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് പിന്നിലും ഉപയോഗിച്ചിരിക്കുന്നത്.
2 ഡോര്‍, 2 സീറ്റര്‍ കണ്‍വെര്‍ട്ടിബിള്‍ റോഡ്സ്റ്ററിന്റെ അകത്തളത്തില്‍ പ്രീമിയം വൈറ്റ് നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററിയാണ് വരുന്നത്. ക്യാബിനുള്ളില്‍ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 11.9 ഇഞ്ച് അഡ്ജസ്റ്റബിള്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. ഹാര്‍മണ്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റവും ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഇതിലെ മറ്റ് പ്രത്യേകതകളാണ്.

സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, 585 bhp പവറും 800 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള കരുത്തുറ്റ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 പെട്രോള്‍ എഞ്ചിനാണ് മെയ്ബാക്ക് SL 680 റോഡ്‌സ്റ്ററിന് കരുത്തേകുന്നത്. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് വീലുകളിലേക്കും പവര്‍ എത്തുന്നു. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ സ്‌പോര്‍ട്‌സ് കാറിനോട് കിടപിടിക്കുന്ന മെക്കാനിക്കല്‍ സംവിധാനമാണ് ഇത് ഓഫര്‍ ചെയ്യുന്നത്.
വേഗതയുടെ കാര്യത്തിലും മെയ്ബാക്ക് SL 680 പിന്നിലല്ല. വെറും 4.1 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ മെയ്ബാക്ക് മോഡലിന് സാധിക്കും. പരമാവധി വേഗത മണിക്കൂറില്‍ 260 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. വമ്പന്‍ പെര്‍ഫോമന്‍സ് നല്‍കുമ്പോഴും യാത്രക്കാര്‍ക്ക് പരമാവധി ആഡംബരം ഉറപ്പാക്കാന്‍ മെര്‍സിഡീസ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഏകദേശം 4.20 കോടി രൂപ മുതലാണ് മെര്‍സിഡീസ് മെയ്ബാക്ക് SL 680-ന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. കസ്റ്റമൈസേഷനുകള്‍ കൂടി ചേരുമ്പോള്‍ വില ഇതിലും കൂടാന്‍ സാധ്യതയുണ്ട്. അംബാനി കുടുംബത്തിന്റെ ശേഖരത്തിലെ മറ്റ് ആഡംബര കാറുകള്‍ക്കൊപ്പം ഈ പുതിയ അതിഥികളും ഇനി മുംബൈ നിരത്തുകളിലെ ശ്രദ്ധാകേന്ദ്രമാകും.


Click it and Unblock the Notifications








