അംബാനിയുടെ മരുമകന്‍, 23,170 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശി; എന്നിട്ടും സഞ്ചാരം ടൊയോട്ട കാറിൽ
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇന്ത്യയില്‍ ഇന്ന് വാങ്ങാന്‍ സാധിക്കുന്ന ഏറ്റവും വില കൂടിയ കാറുകള്‍ എല്ലാം തന്നെ അംബാനി കുടുംബത്തിനുണ്ട്. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ അടക്കമുള്ള കാറുകളാണ് അംഗരക്ഷകര്‍ ഉപയോഗിക്കുന്നത് എന്ന് പറയുമ്പോള്‍ അറിയാലോ അവരുടെ റേഞ്ച്. സാധാരണയായി റോള്‍സ് റോയ്സ്, ബെന്റ്ലി, മെര്‍സിഡീസ് മെയ്ബാക്ക് അടക്കമുള്ള ആഡംബര വാഹനങ്ങളിലാണ് ഈ കുടുംബത്തില്‍ നിന്നുള്ളവര്‍ സഞ്ചരിക്കാറുള്ളത്. അനന്ത് അംബാനിയുടെ വിവാഹത്തിരക്കിനിടെയില്‍ ഈ കുടുംബാംഗങ്ങളില്‍ ഒരാള്‍ ടൊയോട്ടയുടെ ഒരു സെഡാന്‍ കാറില്‍ വന്നിറങ്ങുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്.
അംബാനി കുടുംബത്തിലും ഇത്രയും എളിമ നിറഞ്ഞ ഒരു അംഗമോ എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. അത് മറ്റാരുമല്ല മുകേഷ് അംബാനിയുടെ മരുമകന്‍ ആനന്ദ് പിരാമലാണ്. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ ഭര്‍ത്താവാണ് ആനന്ദ് പിരാമല്‍. അടുത്തിടെയാണ് ആനന്ദ് പിരമല്‍ തന്റെ സില്‍വര്‍ കളര്‍ ടൊയോട്ട കാമ്രി ഹൈബ്രിഡ് സെഡാനില്‍ അംബാനി കുടുംബത്തിന്റെ വസതിയായ ആന്റിലയില്‍ എത്തുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്.

ആനന്ദ് പിരമല്‍ തന്റെ ടൊയോട്ട കാമ്രിയില്‍ ആന്റിലയില്‍ എത്തുന്ന വീഡിയോ വരീന്ദര്‍ ചൗള എന്നയാളാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ആന്റില ഇപ്പോള്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ചന്റിന്റെയും വിവാഹത്തിന്റെ തിരക്കുകളിലാണ്. ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ ഇവിടെ ആഘോഷങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജൂണ്‍ അവസാന വാരം ആന്റിലയില്‍ നടന്ന ഒരു അത്താഴ വിരുന്നില്‍ പങ്കെടുക്കാനായി ആനന്ദ് പിരാമല്‍ എത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നാണ് സൂചന.
ആനന്ദ് കാറില്‍ സഞ്ചരിക്കുന്ന രീതിയും അംബാനി കുടുംബത്തില്‍ നിന്ന് വ്യത്യസ്തമായാണ് തോന്നുന്നത്. പലപ്പോഴും സമ്പന്ന കുടുംബാംഗങ്ങള്‍ ഡ്രൈവറുടെ കൂടെ ഫ്രണ്ട് സീറ്റില്‍ യാത്ര ചെയ്ത് കാണാറില്ല. എന്നാല്‍ ആനന്ദ് പിരമല്‍ കാമ്രി സെഡാന്റെ സീറ്റില്‍ നിന്ന് ഇറങ്ങി വരുന്നതാണ് വീഡിയോയില്‍ ഉള്ളത്. സാധാരണയായി, അംബാനി കുടുംബാംഗങ്ങളില്‍ ഭൂരിഭാഗവും അവരുടെ കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നാണ് യാത്ര ചെയ്യാറുള്ളത്.

നേരെ മറിച്ച് ആനന്ദ് പിരമല്‍ പല അവസരങ്ങളിലും ഫ്രണ്ടിലെ പാസഞ്ചര്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട്. വളരെ കാഷ്വലായി സ്ലിപ്പറും ലളിതമായ വസ്ത്രങ്ങളും ധരിച്ചാണ് ആനന്ദ് പിരാമല്‍ തന്റെ ഭാര്യാസഹോദരന്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള അത്താഴ വിരുന്നിനെത്തിയതെന്ന കാര്യവും നെറ്റിസണ്‍സ് ശ്രദ്ധിച്ചു. ടെയോട്ട കാമ്രിയോട് ആനന്ദ് പിരാമലിന് പ്രത്യേക ഇഷ്ടമുണ്ടെന്നാണ് തോന്നുന്നത്. കാരണം ഇതാദ്യമായല്ല അദ്ദേഹം ടൊയോട്ട സെഡാനില്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
കുറച്ച് നാള്‍ മുമ്പ് ആനന്ദ് പിരമലും ഇഷ അംബാനിയും കറുത്ത നിറത്തിലുള്ള മുന്‍തലമുറ ടൊയോട്ട കാമ്രിയില്‍ ഒരു ഭക്ഷണശാലയില്‍ എത്തുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി ആഡംബര കാറുകളില്‍ ഇവരെ അംഗരക്ഷകര്‍ അനുഗമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ ആഡംബര എസ്‌യുവിയില്‍ സഞ്ചരിക്കുന്നതിന് പകരം ആനന്ദ് പിരമലും ഇഷ അംബാനിയും കാമ്രിയില്‍ കയറി റെസ്‌റ്റോറന്റില്‍ നിന്ന് മടങ്ങുന്നത് കണ്ട് നെറ്റിസണ്‍സ് മൂക്കത്ത് വിരല്‍ വെച്ചു.

അജയ് പിരമലിന്റെയും ഡോ. സ്വാതി എ. പിരാമലിന്റെയും മകനായ ആനന്ദ് പിരമല്‍ കുടുംബ ബിസിനസ് തന്നെയാണ് നോക്കി നടത്തുന്നത്. പിരാമല്‍ ഗ്രൂപ്പ് ബോര്‍ഡില്‍ ഒരു നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ആനന്ദ്. പിരാമല്‍ ഗ്രൂപ്പ് 30 -ലധികം രാജ്യങ്ങളിലായി ഫിനാന്‍സ്, ഹെല്‍ത്ത്, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഫേര്‍ബ്‌സിന്റെ കണക്കുകള്‍ പ്രകാരം 2.8 ബില്യണ്‍ ഡോളറാണ് അജയ് പിരാമലിന്റെ ആസ്തി. അത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 23,170 കോടി രൂപ വരും.
ആനന്ദിന്റെ ഇഷ്ട വാഹനമായ കാമ്രിയെ കുറിച്ച് പറയുമ്പോള്‍ ഇത് ചില്ലറക്കാരനല്ലെന്ന് പറയേണ്ടി വരും. ആള് സിമ്പിളാണെങ്കിലും ജാപ്പനീസ് വാഹന നിര്‍മ്മാതാവ് വാഗ്ദാനം ചെയ്യുന്ന ആഡംബര കാറുകളിലൊന്നാണ് കാമ്രി. ബിഎംഡബ്ല്യു 2 സീരീസ്, മെര്‍സിഡീസ് ബെന്‍സ് CLA എന്നിവയടക്കമുള്ള എന്‍ട്രി ലെവല്‍ ലക്ഷ്വറി സെഡാനുകളുമായാണ് ഇത് മത്സരിക്കുന്നത്.
2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഈ ആഡംബര സെഡാന്റെ കരുത്ത്. ഈ മോട്ടോര്‍ 175 bhp കരുത്തും 221 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിവിടി ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. ഈ കാറിന് ലിറ്ററിന് 19 കിലോമീറ്റര്‍ വരെയാണ് മൈലേജ് പറയുന്നത്. 46.17 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ കാമ്രിയുടെ വില ആരംഭിക്കുന്നത്.


Click it and Unblock the Notifications








