ശുനകനും ആഡംബര ശകടം! അംബാനിയുടെ 'ഹാപ്പി' നടക്കുന്നത് 3 കോടിയുടെ ബെൻസിൽ
ഈ വർഷം ആദ്യം മുതൽ ഇൻ്റർനെറ്റിൽ ചർച്ചാ വിഷയമാണ് അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും ആഡംബര വിവാഹം എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. വിവാഹ ചടങ്ങിനും അതിനു മുമ്പുള്ള ആഘോഷങ്ങൾക്കും നിരവധി സെലിബ്രിറ്റികളും പ്രമുഖ ബിസിനസ്സ് വ്യക്തിത്ത്വങ്ങളും എത്തുന്നതിന്റെ വീഡിയോകളും റിപ്പോർട്ടുകളും നാം കണ്ടിട്ടുമുണ്ട്. സെലിബ്രിറ്റികളെ പോലെ തന്നെ അടുത്തിടെ വിവാഹ വേളയിൽ പലരും ശ്രദ്ധിച്ച ഒരു കാര്യം അംബാനി കുടുംബത്തിലെ കാറുകളാണ്. അനന്ത് അംബാനിയും കുടുംബവും വളരെയധികം അലങ്കരിച്ച റോൾസ് റോയ്‌സ് കലിനനും, മെർസിഡീസ് S 680 മെയ്ബാക്കും ഉൾപ്പടെ പല ലക്ഷ്വറി വാഹനങ്ങളും ഉപയോഗിക്കുന്നതായി കാണപ്പെട്ടു.
എന്നിരുന്നാലും, അംബാനിമാരുടെ കാര്യം വരുമ്പോൾ ആളുകൾക്ക് മാത്രമല്ല പ്രത്യേക കാറുകൾ, ഇവിടെ മറ്റു ചിലർക്കും സ്പെഷ്യൽ ട്രീറ്റ്മെന്റുണ്ട് എന്ന് നിങ്ങൾക്കറിയാമോ? കുടുംബത്തിലെ വളർത്തുനായായ "ഹാപ്പി" എന്ന ഗോൾഡൻ റിട്രീവർ പോലും ഒരു മെർസിഡീസ് ബെൻസ് G400d ലക്ഷ്വറി എസ്‌യുവിയാണ് ഉപയോഗിക്കുന്നത് എന്നത് നമ്മിൽ പലരേയും അത്ഭുതപ്പെടുത്തിയേക്കാം.

ജിയോ ഗരാജിലെ G400d എസ്‌യുവിയുടെ ചിത്രങ്ങൾ അടുത്തിടെ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഓട്ടോമൊബിലി ആർഡൻ്റ് ഇന്ത്യയാണ് ചിത്രങ്ങൾ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചത്. അംബാനി കുടുംബം തങ്ങളുടെ സുരക്ഷാ വാഹനങ്ങളുടെ കൂട്ടത്തിൽ നിരവധി G63 AMG എസ്‌യുവികൾ ഉപയോഗിക്കുന്നതായി നമുക്ക് അറിയാം.കൂടാതെ കുടുംബത്തിന് ഒരു G63 AMG -ഉം ഉണ്ട്. എന്നിരുന്നാലും, G400d അവയിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഇത് കൂട്ടത്തിൽ ചേരാത്ത ഒരു ഡീസൽ എസ്‌യുവിയാണ്.
എന്നിരുന്നാലും, ഇത് ഒരു ഉദ്ദേശ്യത്തിന് മാത്രമായി പ്രത്യേകമായി വാങ്ങിയ ഒരു എസ്‌യുവിയാണ് എന്നതാണ് ശ്രദ്ധേയം. അനന്ത് അംബാനിയുടെ "ഹാപ്പി" എന്ന നായയുടെ നിരവധി വീഡിയോകൾ നാം ഓൺലൈനിൽ കണ്ടിട്ടുണ്ട്, അതുപോലെ ഈ എസ്‌യുവി ഉപയോഗിക്കുന്നതും അനന്തിൻ്റെ ഗോൾഡൻ റിട്രീവർ ആണ്. G400d എത്തുന്നതിന് മുമ്പ് ഹാപ്പി ടൊയോട്ട ഫോർച്യൂണറിലും ടൊയോട്ട വെൽഫയറിലും യാത്ര ചെയ്തിരുന്നതായി സോഷ്യൽ മീഡിയ പോസ്റ്റിൽ പരാമർശിക്കുന്നു.

ഈ പറഞ്ഞ ഫോർച്യൂണറും വെൽഫയറും ഒന്നും ഒരു തരത്തിലും വിലകുറഞ്ഞതല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. നോർമലായി ഒരു ടൊയോട്ട ഫോർച്യൂണറിന് ഏകദേശം 50 ലക്ഷം രൂപയും വെൽഫയറിന് ഏകദേശം 1.5 കോടി രൂപയോളവും വിലവരും. ഇവിടെ ചിത്രങ്ങളിൽ കാണുന്ന G400d എസ്‌യുവിക്ക് ഏകദേശം 2.55 കോടി രൂപയാണ് എക്സ്-ഷോറൂം വില. നായക്കുട്ടിയ്ക്ക് ഇത്ര ആംഡംബരമോ എന്ന് ചിന്തിച്ചു പോവാം. ഈ പോസ്റ്റിന് താഴെയുള്ള കമൻ്റ് സെക്ഷനും വളരെ രസകരമാണ്.
വിപണിയിൽ മുമ്പ് ലഭ്യമായിരുന്ന G 350d -യുടെ പകരക്കാരനാണ് 400d. ഈ വർഷം ആദ്യമാണ് ഈ 400d മെർസിഡീസ് ബെൻസ് വിപണിയിൽ അവതരിപ്പിച്ചത്. 3.0 ലിറ്റർ OM656, ഇൻ -ലൈൻ സിക്സ് സിലിണ്ടർ ഡീസൽ എഞ്ചിനാണ് 400d -യ്ക്ക് കരുത്ത് പകരുന്നത്. ഈ എൻജിൻ 330 PS മാക്സ് പവറും 700 Nm പരമാവധി ടോർക്കും സൃഷ്ടിക്കും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് എസ്‌യുവിയുടെ ട്രാൻസ്മിഷൻ ചുമതലകൾ വഹിക്കുന്നത്.
രണ്ട് വേരിയൻ്റുകളിൽ എസ്‌യുവി ലഭ്യമാണ്. എസ്‌യുവിക്ക് പരുക്കൻ രൂപവും ബോഡി എലമെന്റുകളും നൽകുന്ന ഒരു അഡ്വഞ്ചർ എഡിഷനാണ് ഇതിൽ ആദ്യത്തേത്, അടുത്തത് ബ്രാൻഡിന്റെ പെർഫോമെൻസ് ഫോക്കസ്ഡ് AMG ലൈനുൻ വേരിയന്റാണ്. അംബാനിമാർ രണ്ടാമത്തെ AMG ലൈൻ വേരിയൻ്റാണ് വാങ്ങിയിരിക്കുന്നത് എന്ന് തോന്നുന്നു.
ഏതൊരു മെർസിഡീസ് ബെൻസ് വാഹനത്തെയും പോലെ, G 400d ഒട്ടനവധി പ്രീമിയം ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന് ഒരു സ്ലൈഡിംഗ് സൺറൂഫ്, ഒരു ബർമെസ്റ്റർ സൗണ്ട് സിസ്റ്റം, 64 കളറുകളുള്ള ആംബിയൻ്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലെതർ അപ്ഹോൾസ്റ്ററി മുതലായവ സവിശേഷതകൾ ലഭിക്കുന്നു.


Click it and Unblock the Notifications








