ജീവനില്‍ പേടിയോ അതോ പൈസയുടെ ഹുങ്കോ? 10 കോടിയുടെ റോള്‍സ് റോയ്‌സ് ബുള്ളറ്റ് പ്രൂഫാക്കി അംബാനി
ലോകത്തിലെ ഏറ്റവും വിലയേറിയ കാര്‍ മോഡലുകളില്‍ ഒന്നാണ് റോള്‍സ് റോയ്സ് കലിനന്‍. ബ്രിട്ടീഷ് അള്‍ട്ര ലക്ഷ്വറി കാര്‍ ബ്രാന്‍ഡ് പുറത്തിറക്കിയ ആദ്യത്തെ സ്‌പോര്‍ട് യൂടിലിറ്റി വാഹനമാണ് കലിനന്‍. എന്‍ട്രി ലെവല്‍ വേരിയന്റിന് വരെ 10 കോടി രൂപയിലധികം വില വരുന്നതിനാല്‍ അതിസമ്പന്നരാണ് സാധാരണയായി ഈ ലക്ഷ്വറി കാര്‍ വാങ്ങാറുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റോള്‍സ് റോയ്സ് കലിനന്‍ ലക്ഷ്വറി എസ്‌യുവി സ്വന്തമായുള്ളത് അംബാനി കുടുംബത്തിനാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരത്തിന്റെ ഉടമയായ മുകേഷ് അംബാനിക്കും കുടുംബത്തിനും മൊത്തം 10-ലേറെ റോള്‍സ് റോയ്സ് കലിനന്‍ കാറുകള്‍ ഉണ്ടെന്നാണ് വിവരം.
ഇതില്‍ ചിലത് ഇന്ത്യയിലും ചിലത് വിദേശ രാജ്യങ്ങളിലുമാണ് ഉള്ളത്. അംബാനി കുടുംബാംഗങ്ങള്‍ പലപ്പോഴും കലിനന്‍ (Rolls Royce Cullinan) കാറുകളില്‍ പുറത്തിറങ്ങാറുള്ളത്. ഇത് കൂടാതെ മറ്റ് ലോകോത്തര ബ്രാന്‍ഡുകളില്‍ നിന്നുള്ള കാറുകളും അവരുടെ പക്കലുണ്ട്. നിലവില്‍ ഇന്ത്യയില്‍ സമ്പന്നരായ ആളുകള്‍ക്ക് വധഭീഷണികള്‍ സാധാരണമാണ്. അംബാനി കുടുംബത്തിനും (Ambani Family) പണം ആവശ്യപ്പെട്ട് കൊണ്ട് ഭീഷണി സന്ദേശങ്ങള്‍ വരാറുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് വീട്ടിലെ മോഷണശ്രമത്തിനിടെ അക്രമിയില്‍ നിന്ന് പരിക്കേറ്റതോടെ രാജ്യത്തെ സെലിബ്രിറ്റികളും അതിസമ്പന്നരും അതീവ ജാഗ്രതയിലാണ്. മുകേഷ് അംബാനിക്കും കുടുംബത്തിനും ഇതിനകം തന്നെ ധാരാളം ബുള്ളറ്റ് പ്രൂഫ് കാറുകളുണ്ട്. രണ്ട് മെര്‍സിഡീസ് ബെന്‍സ് S600 ഗാര്‍ഡ്, ബിഎംഡബ്ല്യു 7-സീരീസ് ഹൈ സെക്യൂരിറ്റി എന്നിവയുള്‍പ്പെടെയുള്ള കാര്‍ മോഡലുകളാണ് അംബാനി കുടുംബം ഉപയോഗിക്കുന്നത്.
ഇപ്പോള്‍ Z+ കാറ്റഗറി സുരക്ഷയുള്ള കുടുംബം ബുള്ളറ്റ് പ്രൂഫ് (Bullet) സവിശേഷതകളുള്ള ഒരു റോള്‍സ് റോയ്സ് കലിനന്‍ കാര്‍ മോഡല്‍ അംബാനി ഗരാജില്‍ ചേര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് പുതുതായി വാങ്ങിയ കലിനന്‍ ആണോ അതോ അദ്ദേഹം ഇതിനകം സ്വന്തമാക്കിയിരിക്കുന്ന കലിനന്‍ മോഡല്‍ ബുള്ളറ്റ് പ്രൂഫ് ആക്കി മാറ്റിയതാണോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല.

എന്നിരുന്നാലും, ചണ്ഡീഗഡിലെ ഒരു കാര്‍ വര്‍ക്ക്ഷോപ്പില്‍ കാര്‍ ബുള്ളറ്റ് പ്രൂഫ് ആക്കാനുള്ള ജോലികള്‍ പുരോഗമിക്കുകയാണെന്ന് അവകാശപ്പെടുന്ന ചില ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. മഹാരാഷ്ട്ര നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കലിനനിന്റെ ചിത്രങ്ങളാണ് ഓട്ടോമൊബിലി ആര്‍ഡന്റ് ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. മാത്രമല്ല ഇത് കലിനന്‍ സീരീസ് I ആണെന്നാണ് തോന്നുന്നത്. അതുകൊണ്ട് അംബാനി തന്റെ ഉടമസ്ഥതയിലുള്ള ഒരു കലിനന്‍ ബുള്ളറ്റ് പ്രൂഫ് (Bulletproof Rolls Royce Cullinan:) ആക്കി മാറ്റിയതായി നമുക്ക് അനുമാനിക്കാം.
മുകേഷ് അംബാനി തന്റെ യാത്രകളിൽ സുരക്ഷക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നയാളാണ്. സദാസമയം എന്‍എസ്ജി കമാന്‍ഡോകളാണ് കുടംബത്തിന് സുരക്ഷ ഒരുക്കുന്നത്. അംബാനി കുടുംബത്തിന്റെ അംഗരക്ഷകർ പോലും കോടികൾ വിലമതിക്കുന്ന അത്യാധുനിക കാറുകളിലാണ് സഞ്ചരിക്കാറുള്ളത് ഇത് പോരാഞ്ഞിട്ടാണ് ഇപ്പോള്‍ തന്റെയും കുടുംബാംഗങ്ങളുടെയും യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ അദ്ദേഹം ഇങ്ങനെ ഒരു നീക്കം നടത്തിയിട്ടുണ്ടാകുക.

റോള്‍സ് റോയ്‌സ് കലിനിന്റെ എഞ്ചിനെ കുറിച്ച് പറയുമ്പോള്‍ ഇതില്‍ 6.75 ലിറ്റര്‍ V12 ട്വിന്‍-ടര്‍ബോ മോട്ടോര്‍ ഉപയോഗിക്കുന്നു. ഈ എഞ്ചിന് പരമാവധി 563 bhp പവറും 850 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. മുകേഷ് അംബാനി ഉപയോഗിക്കുന്ന എല്ലാ റോള്‍സ് റോയ്സ് കലിനന്‍ കാറുകളും ഏറ്റവും മികച്ച ആഡംബര സവിശേഷതകള്‍ നിറഞ്ഞതാണ്. നിരവധി കസ്റ്റമൈസേഷനുകള്‍ക്ക് ശേഷമാണ് ശതകോടീശ്വരന്‍ കാര്‍ നിരത്തില്‍ ഇറക്കാറുള്ളത്.
അതുകൊണ്ട് തന്നെ ജിയോ ഗരാജിലുള്ള ആഡംബര കാറുകള്‍ക്ക് വിപണി വിലയേക്കാള്‍ അല്‍പ്പം മൂല്യം കൂടുതലായിരിക്കും. ഇന്ത്യയില്‍ ആദ്യമായി റോള്‍സ് റോയ്സ് കലിനന്‍ വാങ്ങിയത് അംബാനിമാര്‍ ആയിരുന്നു. 2019-ലായിരുന്നു അത്. ശേഷം വിവിധ അവസരങ്ങളിലായി അവര്‍ കലിനന്‍ എസ്‌യുവികള്‍ വാങ്ങിക്കൂട്ടി. വിദേശരാജ്യങ്ങളില്‍ അവധി ആഘോഷിക്കാന്‍ പോകുമ്പോള്‍ അവിടെ യാത്ര ചെയ്യാനും കലിനന്‍ അടക്കമുള്ള കാറുകള്‍ അംബാനി കുടുംബത്തിനുണ്ട്.


Click it and Unblock the Notifications








