ഉള്ളില്‍ സങ്കടം ഉണ്ട് ട്ടോ, അല്ലുവിന്റെ യാത്ര സര്‍ക്കാര്‍ വണ്ടിയില്‍! വിതുമ്പലോടെ പോര്‍ച്ചിലെ റോള്‍സ് റോയ്‌സ്
മലയാളികളുടെ മനംകവര്‍ന്ന അന്യഭാഷാ നടന്‍മാരുടെ പട്ടികയെടുത്താന്‍ അതില്‍ മുന്‍നിരയിലായിരിക്കും തലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ സ്ഥാനം. തെലുഗു സംസ്ഥാനങ്ങളില്‍ പോലും സമ്മിശ്ര പ്രതികരണം നേടിയ അല്ലു ചിത്രങ്ങള്‍ കേരളത്തില്‍ മൊഴിമാറ്റി എത്തിയപ്പോള്‍ വമ്പന്‍ ഹിറ്റായിരുന്നു. കേരളത്തിന്റെ ദത്തുപുത്രന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്ലുവിനെ 'മല്ലു' അര്‍ജുന്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. മലയാളികളുടെ സ്‌നേഹത്തോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് പറയുന്ന അല്ലു തന്റെ ഏറ്റവും പുതിയ 'പുഷ്പ: ദി റൂള്‍' എന്ന ചിത്രത്തിന്റെ ഒരു പാട്ടില്‍ എല്ലാ ഭാഷകളിലും മലയാളം വരികള്‍ ഉള്‍പ്പെടുത്തിയിരുന്നു.
ആഗോള ബോക്‌സ്ഓഫീസില്‍ 1000 കോടിക്ക് മുകളില്‍ കളക്ഷനുമായി പുഷ്പ 2 വമ്പന്‍ വിജയമായി മാറിയിരുന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവേ ഇപ്പോള്‍ താരത്തിന് തിരിച്ചടിയായ ഒരു സംഭവം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അരങ്ങേറിയിരുന്നു. പുഷ്പ 2 പ്രീമിയര്‍ നടക്കുന്നതിനിടെ തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചതായിരുന്നു സംഭവം. ഈ കേസില്‍ നടന്‍ അല്ലുവിനെയും പ്രതി ചേര്‍ത്തിരുന്നു. ഇപ്പോള്‍ കേസില്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായിരിക്കുകയാണ്.

ഹൈദരാബാദില്‍ നിന്ന് അല്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യ തീയറ്ററില്‍ പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോ കാണാനായി അല്ലു അര്‍ജുന്‍ തന്റെ ടീമിനൊപ്പം എത്തിയിരുന്നു. പ്രിയതാരത്തെ ഒരുനോക്ക് കാണാനായി വന്‍ ജനക്കൂട്ടം തീയറ്ററില്‍ തടിച്ചുകൂടി. നടന്‍ എത്തിയതോടെ തിരക്ക് അനിയന്ത്രിതമാകുകയും ദൗര്‍ഭാഗ്യവശാല്‍ 35 കാരിയായ രേവതിക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് രേവതിയുടെ ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനുശേഷം അല്ലു അര്‍ജുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അല്ലുവിന്റെ വരവ് തിയേറ്റര്‍ മാനേജ്മെന്റ് അറിഞ്ഞില്ലെങ്കിലും അധിക സുരക്ഷാ ക്രമീകരണങ്ങളോ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക എന്‍ട്രി അല്ലെങ്കില്‍ എക്സിറ്റ് ക്രമീകരണങ്ങളോ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 105, 118 (1) പ്രകാരമാണ് നടന്‍ അര്‍ജുനെ പൊലീസ് കേസ് എടുത്തത്. നടന് ഇപ്പോള്‍ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. പുഷ്പ 2 എന്ന ചിത്രത്തിനായി 300 കോടിയിലധികം രൂപ അല്ലു പ്രതിഫലം വാങ്ങിയതായാണ് വിവരം. കോടിക്കണക്കിന് രൂപയുടെ സമ്പത്തും ആഡംബര കാറുകളും ഉണ്ടായിട്ടും പൊലീസ് ജീപ്പിലും ഒടുവില്‍ അല്ലുവിന് കയറേണ്ടി വന്നു.
ഒരു വാനിറ്റി വാന്‍ ഉള്‍പ്പെടെ നിരവധി ആഡംബര മോഡലുകള്‍ ഉള്‍പ്പെടുന്ന പുഷ്പരാജിന്റെ ഉടമസ്ഥതയിലുണ്ട്. നടന് വേണ്ടി പ്രത്യേകം കസ്റ്റമൈസ് ചെയ്ത ഫാല്‍ക്കണ്‍ വാനിറ്റി വാനിന് ഏകദേശം 7 കോടി രൂപയാണ് വില. ഇത് കൂടാതെ ആഡംബരത്തിന്റെ പരകോടിയായ റോള്‍സ് റോയ്‌സ് കലിനനും അല്ലുവിന്റെ ഗരാജിന് അലങ്കാരമായിട്ടുണ്ട്. ഏകദേശം 7 കോടി രൂപയാണ് വില.

2015 നും 2021 നും ഇടയില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയ വോള്‍വോയുടെ 4 സീറ്റര്‍ ആഡംബര എസ്‌യുവി യായ XC90 T8 എക്സലന്‍സും പുഷ്പ നായകന്റെ ഗരാജിലെ സ്‌പെഷ്യല്‍ അംഗങ്ങളില്‍ ഒന്നാണ്. സെലിബ്രിറ്റികളുടെ ഇഷ്ടവാഹനമായ റേഞ്ച് റോവര്‍ വോഗും അല്ലു അര്‍ജുന്റെ പോര്‍ച്ചിലുണ്ട്. ഇന്ത്യയില്‍ വോഗിന്റെ വില 1.78 കോടി രൂപയോളമാണ്. ഏകദേശം 99.5 ലക്ഷം രൂപ വിലയുള്ള ജാഗ്വാര്‍ XJL എന്ന കാറും അല്ലുവിന് സ്വന്തമായുണ്ട്.


Click it and Unblock the Notifications








