സ്‌പ്ലെന്‍ഡറില്‍ ആടിപ്പാടിപ്പോകുന്നയാളെ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ! സൂക്ഷിച്ച് നോക്കിയപ്പോള്‍ ട്വിസ്റ്റ്
പൊതുവേ ആഡംബര ജീവിതശൈലി പിന്തുടരുന്നവരാണ് സെലിബ്രിറ്റികള്‍. കോടികള്‍ വരുമാനമുള്ള ബിസിനസുകാരും അതില്‍ മോശമല്ല. എന്നാല്‍ ചിലവേള ആഡംബര കാറുകള്‍ ഉപേക്ഷിച്ച് സിമ്പിള്‍ കാറുകളിലും ഓട്ടോറിക്ഷയിലും മെട്രോ ട്രെയിനിലും യാത്ര ചെയ്യുന്ന സിനിമ താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍ (Amitabh Bachchan). നിരവധി ആഡംബര കാറുകള്‍ ഉള്ള ഗരാജാണ് ബച്ചനുള്ളത്. രാത്രിയില്‍ തിരക്കില്ലാത്ത റോഡില്‍ അമിതാഭ് ബച്ചന്‍ ബൈക്ക് ഓടിക്കുന്ന തരത്തിലുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിന്റെ യാഥര്‍ത്ഥ്യവും സോഷ്യല്‍ മീഡിയ തന്നെ കണ്ടെത്തിയിട്ടുണ്ട്. അത് എന്താണെന്ന് നോക്കാം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബൈക്കുകളില്‍ ഒന്നാണ് ഹീറേ സ്‌പ്ലെന്‍ഡര്‍. ഈ കമ്മ്യുട്ടര്‍ ബൈക്കിന്റെ ലക്ഷക്കണക്കിന് യൂണിറ്റുകളാണ് ഇതിനോടകം വിറ്റ് പോയത്. പ്രതിമാസം ആയിരക്കണക്കിന് യൂണിറ്റുകള്‍ വിറ്റഴിക്കപ്പെടുന്ന ഈ ഐതിഹാസിക മോഡലാണ് ഹീറോയുടെ വില്‍പ്പനയിലെ നട്ടെല്ലെന്ന് തന്നെ നമുക്ക് വിശേഷിപ്പിക്കാം. ഈ ബൈക്ക് ഇന്ത്യയുടെ മുക്കിലും മൂലയിലും വരെ കാണാം.

ഇപ്പോള്‍ റോള്‍സ് റോയ്‌സ് ഫാന്റം VII, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, ബെന്റ്‌ലി കോണ്ടിനെന്റല്‍ GT, ലെക്‌സസ് LX 570, മിനി കൂപ്പര്‍ S എന്നിവ ഉള്‍പ്പെടെ ആഡംബര കാറുകള്‍ സ്വന്തമായുള്ള അമിതാഭ് ബച്ചന്‍ കുറഞ്ഞ വിലയുള്ള സ്‌പ്ലെന്‍ഡര്‍ ഓടിക്കുന്ന രീതിയിലുള്ള വീഡിയോ വൈറലാകുകയാണ്. ഇതിഹാസ നടന്‍ സാധാരണക്കാരെ പോലെ ഹീറോ സ്പ്ലെന്‍ഡര്‍ ബൈക്ക് ഓടിച്ചാല്‍ ആരും അതിശയിക്കുമെന്ന കാര്യം പറയേണ്ടതില്ലെല്ലോ.
ബച്ചന്റെ തന്നെ ക്ലാസിക് സിനിമയായ ഷോലെയിലെ 'യേ ദോസ്തി ഹം നഹി ഞോഡേംഗേ' എന്ന ഹിറ്റ് ഗാനം ആലപിച്ച് പിറകില്‍ ഒരാളെ ഇരുത്തി ആടിപ്പാടിയാണ് അദ്ദേഹം വണ്ടി ഓടിക്കുന്നത്. എന്നാല്‍ ഈ വീഡിയോയില്‍ ഒരു 'ട്വിസ്റ്റ്' ഉണ്ടായിരുന്നു. വീഡിയോ സൂക്ഷിച്ച് നോക്കിയാല്‍ സ്‌പ്ലെന്‍ഡര്‍ ബൈക്ക് ഓടിക്കുന്നത് അമിതാഭ് ബച്ചന്‍ അല്ലെന്ന് മനസ്സിലാകും. ബച്ചന്റെ 'അപരനായ' ശശികാന്ത് പെഡ്‌വാള്‍ ആണ് കക്ഷി.

ബച്ചനുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ നേരത്തെ തന്നെ പ്രശസ്തനാണ് ശശികാന്ത്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 21 ലക്ഷത്തിലധികം പേരാണ് അദ്ദേഹത്തെ പിന്തുടരുന്നത്. ഇതാദ്യമായല്ല ബച്ചനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ ഇദ്ദേഹം പോസ്റ്റ് ചെയ്യുന്നത്. വൈറല്‍ വീഡിയോയില്‍ ശശികാന്തിന്റെ കൂടെ സ്പ്ലെന്‍ഡര്‍ ബൈക്കിന്റെ പില്യണ്‍ സീറ്റില്‍ ഇരിക്കുന്ന ഉല്ലാസ് കാംത്തെയും പ്രശസ്തനായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറാണ്.
ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 60 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട് ഉല്ലാസ് കാമാത്തെക്ക്. ഇരുവരും കൊളാബറേറ്റ് ചെയ്താണ് വിഡിയോ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. 11.5 ദശലക്ഷം കാഴ്ചക്കാരെയാണ് വീഡിയോക്ക് ലഭിച്ചത്. 3 ലക്ഷത്തിലേറെ പേര്‍ ഈ വീഡിയോക്ക് ലൈക്ക് അടിച്ചത്. ഈ വീഡിയോ പുറത്തിറങ്ങി ഒരു വര്‍ഷത്തോളമാകുന്നുവെങ്കിലും ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുകയാണ്. ബച്ചന്‍ രാത്രിയില്‍ വളരെ സിമ്പിള്‍ ആയ ഹീറോ സ്പ്ലെന്‍ഡര്‍ ബൈക്ക് ഓടിച്ചാലും എന്താണ് കുഴപ്പമെന്ന് ചോദിക്കുന്നവര്‍ ഉണ്ടാകും.

എന്നാല്‍ ഞങ്ങള്‍ ഇത് വാര്‍ത്തയാക്കിയത് മറ്റൊരു കാര്യം പറയാനാണ്. ഈ വൈറല്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ശശികാന്ത് പെഡ്‌വാളും ഉല്ലാസ് കാംതെയും ഹെല്‍മറ്റ് ധരിച്ചിട്ടില്ല. 'ഈ വീഡിയോ വിനോദ ആവശ്യങ്ങള്‍ക്കായി മാത്രം നിര്‍മ്മിച്ചതാണ്' എന്ന സന്ദേശം അവര്‍ നല്‍കുന്നുണ്ടെങ്കിലും ഇത് ഏറെ പേരെ സ്വാധീനിക്കും. ഹെല്‍മെറ്റ് ധരിച്ചാല്‍ ഇരുവരുടെയും മുഖം ദൃശ്യമാകില്ലെന്നായിരിക്കും കാരണം പറയാന്‍ സാധിക്കുക.
എന്നാല്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണം. നിയമപരമായ ആവശ്യം മാത്രമല്ല ഇത് റൈഡര്‍മാരുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തിയാണ് പറയുന്നത്. അതുകൊണ്ട് ഹെല്‍മറ്റ് ധരിച്ച് ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നതാണ് നല്ലത്. അത് സെലിബ്രിറ്റികള്‍ ആയാലും സാധാരണക്കാരായാലും. റീല്‍സ് വീഡിയോകള്‍ ചിത്രീകരിക്കാനയി ഹെല്‍മെറ്റ് ധരിക്കാതെ വണ്ടിയോടിക്കുന്നവരെ ഇത് തെളിവായി സ്വീകരിച്ച് മോട്ടോര്‍വാഹന വകുപ്പ് പിഴ ചുമത്താറുണ്ട്. ഇവിടെ ശശികാന്തിനെതിരെ അത്തരം നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.


Click it and Unblock the Notifications








