7.85 ലക്ഷം കോടി ആസ്തിയുള്ള വീട്ടിലെ മരുമകൾ; യാത്രകൾ 3.5 കോടിയുടെ ആഡംബര എംപിവിയിൽ
സെലിബ്രിറ്റികളും ബിസിനസ് ടൈക്കൂണുകളും വാങ്ങുന്ന ലക്ഷ്വറി വാഹനങ്ങളുടെ ലിസ്റ്റിൽ എളുപ്പത്തിൽ കയറി കൂടിയ വിദ്വാനാണ് ലക്സസ് lm 350h എന്ന ഹൈബ്രിഡ് കരുത്തുള്ള എംപിവി. പല സിനിമ താരങ്ങളും ഈ വാഹനം സ്വന്തമാക്കിയിട്ടുണ്ട്. ഏത് ആഡംപര വാഹനമാണെങ്കിലും അംബാനിയുടെ ഗാരേജിൽ കാണാതിരിക്കില്ല. അംബാനി കുടുംബത്തിലേക്ക് വന്ന മരുമകളായ രാധിക മർച്ചൻ്റ് യാത്ര ചെയ്യുന്നത് ലക്സസിലാണ്. ഇന്ത്യയിലെ ഏറ്റവും വില കൂടിയ എംപിവിയാണ് ലെക്സസ് LM 350h. 4, 7 സീറ്റർ പതിപ്പുകളിൽ വരുന്ന വാഹനത്തിന് 2 കോടി രൂപ മുതൽ 2.50 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
ജാപ്പനീസ് വാഹന നിർമാതാക്കളായ ലെക്‌സസ് ഈ എംപിവിയെ പൂർണമായും വിദേശത്ത് നിർമിച്ച് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇത്രയും ഉയർന്ന വില മുടക്കേണ്ടതായുള്ളത്. ഇന്ത്യയിൽ പരിമിതമായ യൂണിറ്റിൽ മാത്രമാണ് മോഡൽ വിപണനം ചെയ്യുന്നതും. ശരിക്കും പറഞ്ഞാൽ ടൊയോട്ട വെൽഫയർ എംപിവിയുടെ കൂടുതൽ ആഡംബരമായ പതിപ്പാണ് ലെക്‌സസ് LM 350h. ഡിസൈനിലേക്ക് നോക്കിയാൽ ഒരു വലിയ സ്പിൻഡിൽ ഗ്രില്ലും സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകളും അവതരിപ്പിക്കുന്ന മുൻവശം കിടിലമാണ്.

ഫോഗ് ലാമ്പുകൾക്കായി വെർട്ടിക്കൽ ഹൗസിംഗുകളുള്ള വലിയ വിൻഡ്‌സ്‌ക്രീനും എംപിവിയുടെ ഹൈലൈറ്റാണ്. വശങ്ങളിലേക്ക് നോക്കിയാൽ ലെക്‌സസിന്റെ എംപിവിയിലെ വലിയ ഗ്ലാസ് ഹൗസാണ് ആദ്യം കണ്ണിൽ പെടുക. കൂടാതെ ഇലക്ട്രിക് സ്ലൈഡിംഗ് റിയർ ഡോറുകളും ആഡംബര എംപിവിയുടെ മാറ്റുകൂട്ടുന്നുണ്ട്. പിൻഭാഗത്ത് ലെക്‌സസ് അക്ഷരങ്ങളോടുകൂടിയ പൂർണ വീതിയിൽ ഓടുന്ന എൽഇഡി ടെയിൽ ലൈറ്റുകളാണ് എറിച്ചുനിൽക്കുന്നത്. മോഡലിന് മൊത്തത്തിൽ 5,130 മില്ലീമീറ്റർ നീളവും 1,890 മില്ലീമീറ്റർ വീതിയും 1,945 മില്ലീമീറ്റർ ഉയരവുമാണുള്ളതും.
എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും കിടിലമാണ്. ഫീച്ചറുകളുടെ കാര്യത്തിൽ LM എംപിവിക്ക് ഫോൾഡ്-ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകൾ, USB പോർട്ടുകൾ, വയർലെസ് ഫോൺ ചാർജറുകൾ, റീഡിംഗ് ലൈറ്റുകൾ, വാനിറ്റി മിററുകൾ, അംബർല ഹോൾഡർ, ചെറിയ ഫ്രിഡ്ജ്, ഡ്യുവൽ സൺറൂഫ്, HVAC ടച്ച്‌സ്‌ക്രീൻ കൺട്രോളർ, ഇൻ്റീരിയർ ലൈറ്റിംഗ് പോലുള്ള സംവിധാനങ്ങളെല്ലാം ലഭിക്കും.
ലെക്‌സസ് LM 350h അൾട്രാ ലക്ഷ്വറി എംപിവിയുടെ 4-സീറ്റർ പതിപ്പിന് 23-സ്പീക്കർ ഓഡിയോ സിസ്റ്റവുമായി ജോടിയാക്കിയ 48 ഇഞ്ച് ഡിസ്‌പ്ലേയും ഡ്രൈവർ, റിയർ കമ്പാർട്ടുമെൻ്റും തമ്മിലുള്ള പാർട്ടീഷനും വരെ ലഭിക്കുന്നുണ്ട്. ഡിജിറ്റൽ റിയർവ്യൂ മിറർ, 360-ഡിഗ്രി ക്യാമറ, ഒന്നിലധികം എയർബാഗുകൾ, എബിഎസ്, ADAS ടെക് പോലുള്ള ഗംഭീര സേഫ്റ്റി ഫീച്ചറുകളാലും മോഡൽ സമ്പന്നമാണ്.
ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, സ്റ്റിയറിംഗ് അസിസ്റ്റോടുകൂടിയ ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, ലെയ്ൻ ട്രെയ്സിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, സേഫ് എക്സിറ്റ് അസിസ്റ്റ് എന്നിവ പോലുള്ള സുരക്ഷാ സന്നാഹങ്ങളാണ് ലെക്‌സസ് തങ്ങളുടെ ADAS സംവിധാനത്തിൽ ഒരുക്കിയിരിക്കുന്നത്. 2.5 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ് LM 350h എംപിവിയുടെ ഹൃദയം.
ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ എഞ്ചിന് 250 bhp കരുത്തിൽ പരമാവധി 239 Nm torque വരെ ഉത്പാദിപ്പിക്കാനാവും. eCVT ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്ന ലെക്‌സസ് ആഡംബര എംപിവിക്ക് 19 കിലോമീറ്ററിലധികം ഇന്ധനക്ഷമതയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. ടൊയോട്ട വെൽഫയറിൻ്റെ അതേ GA-K മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് ഈ മോഡലും പണികഴിപ്പിച്ചിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








