ക്രിക്കറ്റര്‍ സര്‍ഫ്രാസ് ഖാന്റെ പിതാവിന് സര്‍പ്രൈസ് സമ്മാനം! നല്‍കിയത് ആരെന്ന് ഊഹിക്കാമോ?
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിനോദ് കാംബ്ലി എന്നീ പ്രതിഭകളുടെ ജീവിതത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഹാരിസ് ഷീല്‍ഡ് എന്ന ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ 439 റണ്‍സടിച്ച് കൂട്ടിയ ഒരു 12 വയസ്സുകാരന്‍ അക്കാലത്ത് വാര്‍ത്തകളിലെ താരമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപിടി സൂപ്പര്‍ താരങ്ങളെ സമ്മാനിച്ച മുംബൈയില്‍ നിന്നുള്ള ഭാവി വാഗ്ദാനമായി സര്‍ഫ്രാസ് ഖാന്‍ എന്ന് പേരുള്ള ബാലന്‍ വാഴ്ത്തപ്പെട്ടു.
എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനായിട്ടും സര്‍ഫ്രാസ് ഖാന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കയറിപ്പറ്റാന്‍ 16 വര്‍ഷമാണ് കാത്തിരിക്കേണ്ടി വന്നത്. ചുരുക്കിപ്പറഞ്ഞാല്‍ 70 റണ്‍സ് ശരാശരിയുള്ള ഒരു ബാറ്റര്‍ക്ക് ദേശീയ കുപ്പായം ലഭിക്കാന്‍ 45 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കേണ്ടി വന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം കാഴ്ചവെച്ചിട്ടും തുടര്‍ച്ചയായി തഴയപ്പെട്ട താരത്തിനായി വേണ്ടി മുന്നില്‍ നിന്ന് പോരാടിയത് സ്വന്തം പിതാവും കോച്ചുമായ നൗഷാദ് ഖാനാണ്.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 26-ാം വയസ്സില്‍ സര്‍ഫ്രാസ് ദേശീയ കുപ്പായത്തില്‍ അരങ്ങേറിയപ്പോള്‍ വികാരനിര്‍ഭലമായ രംഗങ്ങള്‍ക്കാണ് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം സാക്ഷിയായത്.ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം അരങ്ങേറ്റം ഗംഭീരമാക്കിയ സര്‍ഫ്രാസ് അര്‍ധസെഞ്ച്വറിയും നേടി. സര്‍ഫ്രാസിന്റെയും പിതാവിന്റെയും നിശ്ചയാദാഢ്യത്തെയും പോരാട്ടവീര്യത്തെയും വാനോളം പുകഴ്ത്തി നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയിലെത്തി. അക്കൂട്ടത്തില്‍ ഒരു പ്രമുഖനുമുണ്ടായിരുന്നു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് കക്ഷി. സര്‍ഫറാസ് ഖാന്റെ പിതാവിനെ അഭിസംബോധന ചെയ്ത ഒരു വികാരനിര്‍ഭരമായ കുറിപ്പില്‍ നൗഷാദ് ഖാന് ഒരു പുതിയ ഥര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ആനന്ദ് മഹീന്ദ്ര പ്രകടിപ്പിച്ചു. ഒരുപാട് പേര്‍ക്ക് പ്രചോദനമേകുന്ന രക്ഷിതാവെന്ന നിലയില്‍ കാര്‍ സമ്മാനിക്കുന്നത് തനിക്ക് അഭിമാനകരമാണെന്നാണ് ആനന്ദ് മഹീന്ദ്ര പറയുന്നത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ അനില്‍ കുംപ്ലെ ടെസ്റ്റ് ക്യാപ് സമ്മാനിക്കുമ്പോള്‍ സര്‍ഫ്രാസിന്റെ പിതാവ് വികാരാധീനനായ ദൃശ്യങ്ങള്‍ ബിസിസിഐ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോ അടക്കമായിരുന്നു ആനന്ദ് മഹീന്ദ്രയുടെ എക്‌സ് പോസ്റ്റ്. കമന്റ് ബോക്‌സില്‍ താരത്തിനും പിതാവിനും അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുകയാണ് ആയിരക്കണക്കിന് ആരാധകര്‍.
രാവിലെ നടന്ന വികാരനിര്‍ഭരമായ ചടങ്ങിന് ശേഷം ഇംഗ്ലണ്ടിനെതിരെ മകന്‍ ബാറ്റ് ചെയ്യുന്നത് വീക്ഷിച്ചുകൊണ്ട് നൗഷാദ് ഖാന്‍ സ്റ്റാന്‍ഡിലും കമന്ററി ബോക്‌സിലും ഉണ്ടായിരുന്നു. അനില്‍ കുംബ്ലെയില്‍ നിന്ന് സര്‍ഫ്രാസ് ടെസ്റ്റ് ക്യാപ് ഏറ്റുവാങ്ങുമ്പോള്‍ അവന്റെ ഭാര്യ, സഹോരന്‍ എന്നിവരേക്കാള്‍ ഉപരി പിതാവിന്റെ വിജയമായിരുന്നു. വര്‍ഷങ്ങളോളം നീണ്ട കാത്തിരിപ്പും അവഗണിക്കപ്പെട്ടതിന്റെ വേദനയുമെല്ലാം അരങ്ങേറ്റത്തിലെ ഫിഫ്റ്റി കൊണ്ട് 26-കാരന്‍ മധുരതരമാക്കി.
നൗഷാദ് ഖാന് ഥാര്‍ സമ്മാനിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്ന ആനന്ദ് മഹീന്ദ്രയുടെ പ്രവര്‍ത്തി ക്രിക്കറ്റ് താരവും അവന്റെ പിതാവും തമ്മിലുള്ള ബന്ധം ഉയര്‍ത്തിക്കാട്ടുക മാത്രമല്ല വിജയം കൈവരിക്കുന്നതിന് മാതാപിതാക്കളുടെ പിന്തുണയുടെയും പ്രചോദനത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു. എക്‌സ് പോസ്റ്റിന് കീഴില്‍ സര്‍ഫ്രാസിന്റെ അഭിനിവേശത്തെ വാഴ്ത്തുന്ന നെറ്റിസണ്‍സ് ആനന്ദ് മഹീന്ദ്രയുടെ നല്ല മനസ്സിന് വീണ്ടും കൈയ്യടിച്ചു.
നമ്മുടെ നാട്ടിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള യുവാക്കളുടെ കഴിവുറ്റ കണ്ടുപിടുത്തങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയിലേക്കെത്തിക്കുന്നതിലും കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും എപ്പോഴും മുന്‍പന്തിയിലാണ് ആനന്ദ് മഹീന്ദ്ര. രാജ്യത്തിനായി രാജ്യാന്തര കായിക മത്സരങ്ങളില്‍ വിജയിക്കുന്ന താരങ്ങള്‍ക്ക് മഹീന്ദ്ര മുമ്പും വാഹനങ്ങള്‍ സമ്മാനിച്ചിരുന്നു. ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്യാനന്ദയുടെ മാതാവിന് ഇവി സമ്മാനിച്ചതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

അതിന് മുമ്പ് ഒളിമ്പിക്‌സിലും ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലും തിളങ്ങിയ താരങ്ങള്‍ക്ക് മഹീന്ദ്രയുടെ വക എസ്‌യുവികള്‍ ലഭിച്ചിരുന്നു. മാത്രമല്ല ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ തോല്‍പിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ടീമിലെ പുതുമുഖ താരങ്ങള്‍ക്കും മഹീന്ദ്രയുടെ വക എസ്‌യുവി ഉണ്ടായിരുന്നു. ഇവിടെ സര്‍ഫ്രാസിന്റെ പിതാവ് ആനന്ദ് മഹീന്ദ്രയുടെ ഓഫര്‍ സ്വീകരിക്കുമോയെന്ന കാര്യം നമുക്ക് അറിയില്ല.
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയാണ് ഥാര്‍. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലും RWD, 4WD കോണ്‍ഫിഗറേഷനുകളിലും ഈ ഓഫ്‌റോഡര്‍ എസ്‌യുവി വാങ്ങാന്‍ സാധിക്കും. 11.25 ലക്ഷം രൂപ മുതലാണ് ഥാറിന്റെ എക്‌സ്‌ഷോറും വില ആരംഭിക്കുന്നത്. മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയാണ് എതിരാളികള്‍.


Click it and Unblock the Notifications








