ബിസിനസ് ഐഡിയ വേണ്ടവര്‍ക്ക് മാതൃകയാക്കാം ഈ 21-കാരിയെ! അഭിനന്ദനവുമായി സാക്ഷാല്‍ ആനന്ദ് മഹീന്ദ്ര
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന ആയിരക്കണക്കിനാളുകളുടെ നാടാണ് ഇന്ത്യ. നമ്മുടെ ചുറ്റുമുള്ള ഒത്തിരിയാളുകള്‍ സ്വന്തം വാഹനങ്ങളില ചെറുസംരംഭങ്ങള്‍ തുടങ്ങി വിജയിപ്പിക്കുന്നത് നാം കാണാറുണ്ട്. ചിലര്‍ ചെറിയ ടൂവീലറുകള്‍ ചെറു കച്ചവടങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ ചിലര്‍ വില കൂടിയ കാറുകളില്‍ പുതിയ ബിസിനസ് തുടങ്ങുന്നു.
അത്തരത്തില്‍ ഒരു ഇന്ത്യന്‍ പെണ്‍കുട്ടി തുടങ്ങിയ സംരംഭം ബൈക്കില്‍ നിന്ന് കാറിലേക്ക് അപ്‌ഗ്രേഡ് ചെയ്തപ്പോള്‍ അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യവസായിയായ ആനന്ദ് മഹീന്ദ്ര. സ്വന്തമായി സംരംഭങ്ങള്‍ ആരംഭിച്ച് അത് വിജയിച്ചാല്‍ ബിസിനസ് വിപുലീകരിക്കുകയും തങ്ങളുടെ സ്വപ്നങ്ങള്‍ വെട്ടിപ്പിടിക്കുകയും ചെയ്യുന്നവര്‍ നിരവധിയാണ്. ആ പട്ടികയിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് 'ബി ടെക് പാനി പൂരി' സംരംഭത്തിലൂടെ പ്രശസ്തയായ പെണ്‍കുട്ടി.

എഞ്ചിനീയറിംഗ് ബിരുദദാരിയായ പെണ്‍കുട്ടി പഠന ശേഷം തന്റെ പാഷന്‍ പിന്തുടര്‍ന്ന് ബുള്ളറ്റിന്റെ പിന്നില്‍ കാര്‍ട്ട് ഘടിപ്പിച്ച് പാനീപൂരി വില്‍ക്കുന്ന വാര്‍ത്ത ശ്രദ്ധിക്കപ്പെട്ടിരുന്നു. പാനി പൂരി വിറ്റ പെണ്‍കുട്ടി ഇപ്പോള്‍ ഒരു മഹീന്ദ്ര ഥാര്‍ എസ്‌യുവി സ്വന്തമാക്കുകയെന്ന തന്റെ സ്വപ്‌നം പൂവണിയിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ കുറിച്ചുള്ള ഒരു വീഡിയോ മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ എക്‌സില്‍ പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര.
' ബിടെക് പാനി പുരി' എന്ന ബ്രാന്‍ഡുമായി വൈറലായ പെണ്‍കുട്ടിയുടെ സമീപകാല നേട്ടം വിവരിക്കുന്ന വീഡിയോ ആണ് അദ്ദേഹം പങ്കിട്ടത്. തപ്‌സി ഉപാധ്യായ എന്ന ഈ യുവസംരഭകക്ക് വെറും 21 വയസ് മാത്രമാണ് പ്രായം. തപ്‌സി ആദ്യം ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ പിറകില്‍ സ്ഥാപിച്ച കാര്‍ട്ടില്‍ വെച്ചായിരുന്ന ആദ്യം പാനി പൂരി കച്ചവടം ആരംഭിച്ചത്.

ഇത് വലിയ വാര്‍ത്തയായി മാറിയതോടെ 'ബി ടെക് പാനി പൂരി' ഒരു ബ്രാന്‍ഡായി വളര്‍ന്നു. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40-ലധികം പോയിന്റുകളില്‍ തപ്‌സിയുടെ പാനി പൂരി സ്റ്റാളുകളുണ്ട്. അടുത്തിടെയാണ് 21-കാരി ചുവപ്പ് നിറത്തിലുള്ള ഒരു പുത്തന്‍ മഹീന്ദ്ര ഥാര്‍ വാങ്ങിയത്. സ്വന്തം യാത്രകള്‍ക്ക് മാത്രമല്ല ഈ എസ്‌യുവി ബിസിനസ് കൂടി മുന്നില്‍ കണ്ടാണ് വാങ്ങിയത്.
എസ്‌യുവിയുടെ പിന്‍ഭാഗത്ത് ഘടിപ്പിച്ച് എല്ലാ ദിവസവും അവളുടെ കാര്‍ട്ട് വിവിധ സ്ഥലത്തേക്ക് എത്തിക്കാന്‍ ഉപയോഗിക്കുന്നു. ആനന്ദ് മഹീന്ദ്ര മഹീന്ദ്ര മാത്രമല്ല മറ്റ് നിരവധി ഇന്റര്‍നെറ്റ് ഉപയോക്താക്കളും പെണ്‍കുട്ടിയുടെ ഉദ്യമത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. നമ്മുടെ രാജ്യത്തെ യുവതലമുറക്ക് മാതൃകയാക്കാവുന്ന വ്യക്തിയാണ് തപ്‌സിയെന്നാണ് ചിലര്‍ പ്രശംസിക്കുന്നത്. തങ്ങളുടെ മോഡേണ്‍ ഓഫ്-റോഡിംഗ് എസ്‌യുവികള്‍ നിരവധി ആളുകള്‍ക്ക് പ്രചോദനമായി മാറിക്കൊണ്ട് അവരുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാനും അതിനൊത്ത് ജീവിക്കാനും സഹായിക്കുന്നുവെന്ന് ആനന്ദ് മഹീന്ദ്ര തന്റെ ട്വീറ്റില്‍ പറഞ്ഞു.
ഇന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സിനും നല്ല കാലമാണെന്ന് നമുക്കറിയാം. സ്വന്തം ബുദ്ധിയും പ്രയത്നവും ഉപയോഗിച്ച് ജീവിതത്തില്‍ വിജയിച്ച് സ്വപ്‌നങ്ങള്‍ സഫലീകരിക്കുന്നവര്‍ ഇഷ്ട വാഹനം സ്വന്തമാക്കുന്നതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയാണ് മഹീന്ദ്ര ഥാര്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സിനും വ്യവസായികള്‍ക്കും സെലിബ്രിറ്റികള്‍ക്കും ഒരുപോലെ ഇഷ്ടമാണ് ഈ എസ്‌യുവി.
റിയര്‍-വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പുകളില്‍ ഥാര്‍ ലഭ്യമാണ്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുള്ള 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനുമായാണ് ഥാര്‍ റിയര്‍-വീല്‍ ഡ്രൈവ് പതിപ്പ് വില്‍പ്പനയ്ക്കെത്തിയത്. ഥാറിന്റെ 4WD പതിപ്പ് 2.2 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം.

ഈ രണ്ട് പവര്‍ട്രെയിനുകളും 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാണ്. ഥാറുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട വാര്‍ത്ത നോക്കുമ്പോള്‍ എസ്‌യുവിടെ വിലയിലും ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. ഈ മാസം എസ്‌യുവിക്ക് 35000 രൂപ വരെ കൂട്ടിയിരിക്കുകയാണ് മഹീന്ദ്ര.
ഥാറിന്റെ AX (O) ഹാര്‍ഡ് ടോപ്പ് ഡീസല്‍ MT 4 വീല്‍ ഡ്രൈവ് ഓപ്ഷനിലാണ് ഏറ്റവും ഉയര്‍ന്ന വില വര്‍ധനവ്. അതേസമയം ഥാറിന്റെ എന്‍ട്രി ലെവല്‍ മോഡലായ LX ഹാര്‍ഡ് ടോപ്പ് പെട്രോള്‍ AT-യുടെ റിയര്‍ വീല്‍ ഡ്രൈവ് ഓപ്ഷന്റെ വില 22,899 രൂപ കൂടിയിട്ടുണ്ട്. ഇതോടെ ഥാര്‍ എസ്‌യുവിയുടെ പ്രാരംഭ എക്സ്ഷോറൂം വില 11.25 ലക്ഷം രൂപയായി. ടോപ് സ്പെക് വേരിയന്റിനായി ഇനി 17.20 ലക്ഷം രൂപയായും വര്‍ധിച്ചിട്ടുണ്ട്.


Click it and Unblock the Notifications








