700 രൂപക്ക് ഥാര്‍ വേണമെന്ന് കൊച്ചുകുട്ടി! ആനന്ദ് മഹീന്ദ്രയുടെ രസകരമായ മറുപടി ഇങ്ങനെ
സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ഒരു ബിസിനസ്മാനാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര (Anand Mahindra). പലപ്പോഴും വൈറല്‍ വീഡിയോസ് തന്റെ എക്‌സ് പേജില്‍ (മുമ്പ് ട്വിറ്റര്‍) പങ്കുവെക്കുന്ന മഹീന്ദ്ര ഇന്ത്യയില ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള പ്രതിഭകളുടെ അസാധ്യ കണ്ടുപിടുത്തങ്ങളെയും പ്രോത്സാഹിപ്പിക്കാറുണ്ട്.
മാത്രമല്ല ഇന്ത്യ രാജ്യാന്തര തലത്തില്‍ ഏതെങ്കിലും കായിക ഇനങ്ങളില്‍ മികച്ച നേട്ടം കൈവരിച്ചാല്‍ നെറ്റിസണ്‍സ് ആദ്യം തിരയുന്നത് ആനന്ദ് മഹീന്ദ്രയുടെ ഏതെങ്കിലും പോസ്റ്റ് ഉണ്ടോ എന്നാണ്. ഇന്ത്യയിലെ പ്രഗത്ഭരായ കായിക താരങ്ങള്‍ക്ക് സമ്മാനങ്ങള്‍ കൈമാറുന്നതില്‍ വളരെ ഉദാരമായ സമീപനമാണ് മഹീന്ദ്ര സ്വീകരിക്കാറുള്ളത്. മാത്രമല്ല ആനന്ദ് മഹീന്ദ്രയോട് ചിലയാളുകള്‍ നടത്തുന്ന അസ്വാഭാവികമായ അഭ്യര്‍ത്ഥനകളും ഇന്റര്‍നെറ്റില്‍ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.

അത്തരത്തില്‍ ഒരു കുട്ടിയുടെ അസാധാരണമായ അഭ്യര്‍ത്ഥനയുടെ വീഡിയോ സാഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. നോയിഡ സ്വദേശിയായ ഒരു കുട്ടി സ്വന്തം പിതാവിനോട് സംസാരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവികളായ XUV700-യും ഥാറും ഒരേ മോഡലുകളാണെന്നാണ് കുട്ടി കരുതുന്നത്, മാത്രമല്ല ഥാര്‍ 700 രൂപയ്ക്ക് വില്‍ക്കാന്‍ ആനന്ദ് മഹീന്ദ്രയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
തനിക്ക് ഫോര്‍വേഡായി കിട്ടിയ ഈ വീഡിയോക്ക് ആനന്ദ് മഹീന്ദ്ര നല്‍കിയ മറുപടിയും രസകരമാണ്. 'ഐ ലവ് യു ചീക്കൂ എന്ന് പറഞ്ഞ് സുഹൃത്ത് സൂനി താരാപോരേവാല എനിക്ക് ഇത് അയച്ചു. ഇന്‍സ്റ്റാഗ്രാമില്‍ അവന്റെ ചില പോസ്റ്റുകള്‍ കണ്ട് ഞാനും ഇപ്പോള്‍ അവനെ സ്‌നേഹിക്കുന്നു. എന്റെ ഒരേയൊരു പ്രശ്‌നം എന്തെന്നാല്‍ 700 രൂപയ്ക്ക് ഥാര്‍ വിറ്റാല്‍ ഞങ്ങള്‍ വളരെ വേഗം പാപ്പരാകുമെന്നതാണ്' ആനന്ദ് മഹീന്ദ്ര എക്‌സില്‍ കുറിച്ചു.
ആനന്ദ് മഹീന്ദ്ര മാത്രമല്ല നെറ്റിസണ്‍സിനും കുട്ടിയുടെ സംസാരം നന്നേ രസിച്ചു. ചിലര്‍ ചീക്കുവിന്റെ ആഗ്രഹം നിറവേറ്റിക്കൊടുക്കാന്‍ മഹീന്ദ്രയോട് ആവശ്യപ്പെട്ടു. എന്നാല്‍ മറ്റുചിലര്‍ ഇതേ രീതിയിലുള്ള ഒരു ബിസിനസ് ആശയം മുന്നോട്ട് വെക്കുകയാണ് ചെയ്തത്. 700 രൂപക്ക് ഥാറിന്റെയും XUV 700 എസ്‌യുവിയുടെയും ടോയ്കാറുകള്‍ നിര്‍മിക്കാനും തിരഞ്ഞെടുത്ത മോഡലുകള്‍ സമ്മാനമായി നല്‍കാനുമാണ് ഐഡിയ. കുട്ടികള്‍ക്കിടയില്‍ ഇത് തരംഗമാകുമെന്നും ഫാന്‍സ് ക്ലബ് വരെ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് ഒരു യൂസര്‍ പറയുന്നത്.
വെറും 700 രൂപ നല്‍കി XUV 700 ബുക്ക് ചെയ്യുന്നവര്‍ക്കായി മഹീന്ദ്രയ്ക്ക് ഒരു ഭാഗ്യ നറുക്കെടുപ്പ് മത്സരം ആരംഭിക്കണമെന്നാണ് മറ്റൊരാളുടെ നിര്‍ദേശം. നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് 700 രൂപ മാത്രമേ മുടക്കൂള്ളൂ, മാത്രമല്ല കാറിന്റെ വില നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് ഈടാക്കാമെന്നുമാണ് അദ്ദേഹം പറയുന്നത്. ആനന്ദ് മഹീന്ദ്രയുടെ സജീവമായ സോഷ്യല്‍ മീഡിയ ഇടപെടല്‍ നിമിത്തമാണ് ആളുകള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്.

അദ്ദേഹം ഒരു വാഗ്ദാനം ചെയ്താല്‍ അത് നടപ്പാക്കുന്ന ശീലവുമുണ്ട്. നിരവധി കായിക താരങ്ങള്‍ക്കാണ് അദ്ദേഹം രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുത്തതിന്റെ പാരിതോഷികമായി കാറുകള്‍ സമ്മാനിച്ചത്. 2021-ലെ ഓസ്ട്രേലിയയെ അവരുടെ മണ്ണില്‍ തോല്‍പ്പിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. ടീമില്‍ ആറ് അരങ്ങേറ്റക്കാരും ഉള്‍പ്പെട്ടിരുന്നു. ഡൗണ്‍ അണ്ടറില്‍ അസാധാരണമായ പ്രകടനം പുറത്തെടുത്ത ടീമിനെ പ്രശംസിച്ച മഹീന്ദ്ര ഓരോ അരങ്ങേറ്റക്കാരനും ഒരു പുതിയ മഹീന്ദ്ര ഥാര്‍ സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അടുത്തിടെ ഇന്ത്യയുടെ ചെസ് സെന്‍സേഷനായി മാറിയ ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്‌നാനന്ദയുടെ മാതാപിതാക്കള്‍ക്ക് അദ്ദേഹം ഒരു പുതിയ മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി സമ്മാനിച്ചിരുന്നു. ഒളിമ്പിക്‌സില്‍ മെഡല്‍ സ്വന്തമാക്കിയ നീരജ് ചോപ്ര ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് കസ്റ്റമൈസ്ഡ് XUV700 നല്‍കിയിരുന്നു. മാത്രമല്ല മഹീന്ദ്ര നമ്മുടെ ഗുരുവായൂര്‍ ക്ഷേത്രത്തിന് കാണിക്കയായും ഒരു എസ്‌യുവി സമര്‍പ്പിച്ചിരുന്നു.

മഹീന്ദ്രയില്‍ നിന്ന് ഈ വര്‍ഷം വാഹന ലോകം കാത്തിരിക്കുന്ന ഏറ്റവും വലിയ ലോഞ്ച് ഥാര്‍ 5 ഡോര്‍ ആണ്. ലൈഫ് സ്‌റ്റൈല്‍ എസ്‌യുവി ഇപ്പോള്‍ അവസാനഘട്ട പരീക്ഷണയോട്ടത്തിലാണ്. വരാനിരിക്കുന്ന ഥാര്‍ 5-ഡോര്‍ മോഡലിന്റെ പേരിനെ ചുറ്റിപ്പറ്റിയാണിപ്പോള്‍ ചര്‍ച്ചകള്‍. ഥാര്‍ അര്‍മാഡ, കള്‍ട്ട്, റെക്‌സ്, സവന്ന, റോക്‌സ്, ഗ്ലാഡിയസ്, സെഞ്ചൂറിയന്‍ എന്നിവയാണ് കമ്പനി ട്രേഡ്മാര്‍ക്ക് ചെയ്ത പേരുകള്‍. ഓരോ പേരുകളുടെയും സാധ്യതയെ കുറിച്ചിപ്പോള്‍ മഹീന്ദ്ര പഠിച്ച്‌കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications








