3 കോടിയുടെ ബെന്‍സ് സ്വന്തമായുള്ള വളര്‍ത്തുനായ! ഇന്ത്യയിലെ സമ്പന്ന കുടുംബത്തെ ദുഖത്തിലാഴ്ത്തി ഹാപ്പി യാത്രയായി
ലോകത്തിലെ ഏറ്റവും അനുസരണയുള്ള മൃഗങ്ങളില്‍ ഒന്നാണ് നായ. അതുകൊണ്ട് തന്നെ പല വീടുകളിലും ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വളര്‍ത്ത് മൃഗങ്ങളില്‍ ഒന്ന് കൂടിയാണ് നായ. ഓരോ വ്യക്തികളുടെയും സാമ്പത്തിക സ്ഥിതിയനുസരിച്ച് വളര്‍ത്തു നായകള്‍ക്ക് ഒരുക്കിക്കൊടുക്കുന്ന സൗകര്യങ്ങളും വ്യത്യാസപ്പെടും. പൊതുവേ യജമാനന്‍മാര്‍ വളര്‍ത്തു നായ്ക്കളെ സ്വന്തം വാഹനങ്ങളിലാണ് പുറത്ത് കൊണ്ടുപോകാറ്. എന്നാല്‍ സ്വന്തമായി കോടികള്‍ വിലമതിക്കുന്ന ആഡംബര എസ്‌യുവിയുള്ള ഒരു നായയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഈ 'റിച്ച്' നായ് കുട്ടിയെ ഞങ്ങള്‍ നേരത്തെ തന്നെ പരിചയപ്പെടുത്തിയതാണ്. പേര് ഹാപ്പി അംബാനി. പേരിലെ സര്‍നെയിം കണ്ടപ്പോള്‍ തന്നെ ആളെ പിടിക്കിട്ടിക്കാണും.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വീട്ടിലെ പ്രയപ്പെട്ട വളര്‍ത്തുനായയാണ് ഹാപ്പി. മൃഗസ്‌നേഹിയായ അനന്ത് അംബാനിയായിരുന്നു ഗോള്‍ഡന്‍ റിട്രീവര്‍ ബ്രീഡില്‍ പെടുന്ന നായയായിരുന്നു ഹാപ്പിയുടെ 'ഡോഗ് പേരന്റ്'. സങ്കടവാര്‍ത്ത എന്തെന്നാല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 30-ന് ഹാപ്പി അന്ത്യശ്വാസം വലിച്ചു. അംബാനി കുടുംബവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പങ്കുവെക്കുന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

അംബാനി കുടുംബത്തിലെ എല്ലാ വിവാഹങ്ങളിലും മറ്റ് ചടങ്ങുകളിലെയും സ്റ്റാര്‍ ആയിരുന്നു ഹാപ്പി. 2023 ജനുവരിയില്‍ നടന്ന അനന്തിന്റെയും രാധിക മെര്‍ച്ചെന്റിന്റെയും വിവാഹ നിശ്ചയത്തിനുള്ള മോതിരം കൈമാറിയത് പോലും ഹാപ്പി ആയിരുന്നു. ഒരു വളര്‍ത്തുനായ എന്നതിലുപരി അംബാനി കുടുംബത്തിലെ ഒരു അംഗമായിരുന്നു ഹാപ്പി. അനന്ത്-രാധിക വിവാഹത്തില്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഹാപ്പി ഏവരുടെയും ശ്രദ്ധ കവര്‍ന്നിരുന്നു.
ഹാപ്പിയുടെ വിയോഗശേഷം കുടുംബം ഒരു വൈകാരിക കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. 'പ്രിയപ്പെട്ട ഹാപ്പി, നീ എപ്പോഴും ഞങ്ങളുടെ ഭാഗമായിരിക്കും, ഞങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കും. സ്വര്‍ഗ്ഗത്തിന്റെ നേട്ടം, നമ്മുടെ നഷ്ടം' അംബാനി കുടുംബം എഴുതി. നടപ്പിലും എടുപ്പിലും ജീവിതശൈലിയിലും ധനികരുടെ പ്രൗഡി ഹാപ്പി നിലനിര്‍ത്തിപ്പോന്നിരുന്നു. അനന്ത് എവിടെ പോയാലും ഹാപ്പി അദ്ദേഹത്തിന്റെ കൂടെ സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്യുമായിരുന്നു.

മാത്രമല്ല മൂന്ന് കോടി രൂപ വിലയുള്ള ഒരു മെര്‍സിഡീസ് ബെന്‍സ് G4000d എസ്‌യുവിയിലാണ് ഹാപ്പി സഞ്ചരിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അംബാനി കുടുംബത്തിന്റെ സുരക്ഷാ വാഹനവ്യൂഹത്തില്‍ നിരവധി G63 AMG എസ്‌യുവികള്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഡീസല്‍ വേരിയന്റായ G400d ഇവിടെ വേറിട്ടുനില്‍ക്കുന്നു. അനന്ത് അംബാനി ഗോള്‍ഡന്‍ റിട്രീവറിന് വേണ്ടി പ്രത്യേകം വാങ്ങിയതാണ് ഈ എസ്‌യുവി.
ഈ ആഡംബര വാഹനത്തില്‍ ഹാപ്പി ആസ്വദിച്ച് യാത്ര ചെയ്യുന്നതിന്റെ വീഡിയോ മുമ്പ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മെര്‍സിഡീസ് G400d എസ്‌യുവിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് മുമ്പ് ഹാപ്പിയുടെ ആവശ്യങ്ങള്‍ക്കായി ടൊയോട്ട ഫോര്‍ച്യൂണറും ടൊയോട്ട വെല്‍ഫയറുമായിരുന്നു ഉണ്ടായിരുന്നത്. ഇവ രണ്ടും വിലകൂടിയ വാഹനങ്ങളാണ്. ടൊയോട്ട ഫോര്‍ച്യൂണറിന് ഏകദേശം 50 ലക്ഷം രൂപയും വെല്‍ഫയറിന് ഏകദേശം 1.5 കോടി രൂപയുമാണ് വിലവരുന്നത്.

മെര്‍സിഡീസ് G400d എസ്‌യുവിയെ കുറിച്ച് പറയുമ്പോള്‍ മുമ്പ് മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന G 350d -യുടെ പകരക്കാരനാണ് 400d എത്തിയത്. 2024 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ജര്‍മന്‍ ബ്രാന്‍ഡ് 400d പുറത്തിറക്കിയത്. രണ്ട് വേരിയന്റുകളില്‍ എസ്യുവി ലഭ്യമാണ്. എസ്യുവിക്ക് പരുക്കന്‍ രൂപവും ബോഡി എലമെന്റുകളും നല്‍കുന്ന ഒരു അഡ്വഞ്ചര്‍ എഡിഷനാണ് ഇതില്‍ ആദ്യത്തേത്. രണ്ടാമത്തേത് ബ്രാന്‍ഡിന്റെ പെര്‍ഫോമെന്‍സ് ഫോക്കസ്ഡ് AMG ലൈന്‍ വേരിയന്റാണ്.
ഹാപ്പിക്കായി രണ്ടാമത്തെ വേരിയന്റാണ് അംബാനിമാര്‍ തെരഞ്ഞെടുത്തതെന്നാണ് സൂചന. ഈ മോഡലിന് 3.0 ലിറ്റര്‍ OM656, ഇന്‍ -ലൈന്‍ സിക്‌സ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 330 PS പവറും 700 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഈ എഞ്ചിന്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ആഡംബര ഫീച്ചറുകള്‍ക്ക് ഒട്ടും കുറവില്ലാത്ത ഒരു വാഹനം കൂടിയാണ് മെര്‍സിഡീസ് G 400d. ഒരു സ്ലൈഡിംഗ് സണ്‍റൂഫ്, ഒരു ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം, 64 കളറുകളുള്ള ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി തുടങ്ങി നിരവധി പ്രീമിയം സവിശേഷതകള്‍ ലഭിക്കുന്നു. ഏതായാലും ഹാപ്പി മണ്‍മറഞ്ഞതോടെ ഈ ആഡംബര കാറും അനാഥമായി.


Click it and Unblock the Notifications








