വരന്റെ ട്രാഫിക് ചലാൻ റെക്കോർഡ് പരിശോധിച്ച് പിതാവ്! നിയമലംഘകരായ അവിവാഹിതര്‍ക്ക് പെണ്ണ് കിട്ടാതാകുമോ?

നമ്മുടെ നാട്ടില്‍ മക്കളുടെ വിവാഹാലോചനകള്‍ ഉറപ്പിക്കുന്നതിന് മുമ്പ് കുടുംബം വരന്റെയും വധുവിന്റെയും വിദ്യാഭ്യാസം, സാമ്പത്തിക നില എന്നിവയടക്കം വിശദമായ 'അന്വേഷണം' നടത്തുന്ന പതിവുണ്ട്. പെണ്ണ് കണ്ട ശേഷം ഈ അന്വേഷണത്തില്‍ മുടങ്ങിപ്പോയ നിരവധി ബന്ധങ്ങളുണ്ട്. അതില്‍ പലതും നാട്ടുകാരില്‍ ചിലര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങളെ തുടര്‍ന്നാണ്. എന്നാല്‍ ഇപ്പോള്‍ ആന്ധ്രാപ്രദേശിലെ കാക്കിനാടയില്‍ ഒരു പിതാവ് പ്രതിശ്രുത വരന്റെ സ്വഭാവശുദ്ധി മനസ്സിലാക്കാന്‍ ട്രാഫിക് പോലീസിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ ഡ്രൈവിംഗ് റെക്കോര്‍ഡുകള്‍ പരിശോധിച്ചുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കാക്കിനാട ജില്ലയിലെ ഭാനുഗുഡി ജങ്ഷനിലുള്ള ട്രാഫിക് പോലീസ് യൂണിറ്റിലാണ് 55-കാരനായ പിതാവ് പ്രത്യേക ആവശ്യവുമായി എത്തിയത്. തന്റെ മകളെ വിവാഹം കഴിക്കാന്‍ പോകുന്ന യുവാവിന്റെ പേരില്‍ ട്രാഫിക് ചലാനുകളോ റോഡ് നിയമലംഘനങ്ങളോ നിലവിലുണ്ടോ എന്ന് പരിശോധിക്കാനാണ് ഇദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടത്. ഇതിനായി യുവാവിന്റെ ഉടമസ്ഥതയിലുള്ള കാറിന്റെയും ഇരുചക്ര വാഹനത്തിന്റെയും രജിസ്‌ട്രേഷന്‍ നമ്പറുകള്‍ അദ്ദേഹം പോലീസിന് കൈമാറി.

challan

വരന്‍ ഒരു ഉത്തരവാദിത്തമുള്ള പൗരനാണോ എന്ന് ഉറപ്പുവരുത്തുകയായിരുന്നു ഈ പരിശോധനയുടെ പ്രധാന ലക്ഷ്യം. മദ്യപിച്ചു വാഹനം ഓടിക്കല്‍, അമിതവേഗത, ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെയുള്ള യാത്രകള്‍ തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങള്‍ വരന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോ എന്ന് അറിയാനാണ് പിതാവ് പ്രത്യേകം താല്‍പര്യപ്പെട്ടത്. നിരന്തരം ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന വ്യക്തികള്‍ക്ക് ജീവിതത്തിന്റെ മറ്റ് മേഖലകളിലും അച്ചടക്കവും ഉത്തരവാദിത്തബോധവും കുറവായിരിക്കുമെന്നാണ് ഈ പിതാവ് വിശ്വസിക്കുന്നതെന്ന് തോന്നുന്നു.

റോഡിലെ പെരുമാറ്റത്തിലൂടെയും ഡ്രൈവിംഗ് ശീലങ്ങളിലൂടെയും ഒരു വ്യക്തിയുടെ ക്ഷമ, സ്വയംനിയന്ത്രണം, നിയമങ്ങളോടുള്ള ബഹുമാനം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ പ്രധാനപ്പെട്ട വ്യക്തിത്വ സവിശേഷതകള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന പ്രായോഗിക ചിന്തയാണ് ഇദ്ദേഹം പങ്കുവെച്ചത്. പരമ്പരാഗതമായ ബാക്ക്ഗ്രൗണ്ട് പരിശോധനകള്‍ക്ക് ശേഷം ദൈനംദിന ജീവിതത്തിലെ അച്ചടക്കം അളക്കാനുള്ള ഒരു മാര്‍ഗമായാണ് അദ്ദേഹം ഡ്രൈവിംഗ് ഹിസ്റ്ററി കണ്ടത്.

challan

അപൂര്‍വമായ അഭ്യര്‍ത്ഥന കേട്ട് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ ആദ്യം അത്ഭുതപ്പെട്ടെങ്കിലും, പിന്നീട് അവര്‍ തന്നെ ആ പിതാവിന്റെ ചിന്താഗതിയെ അഭിനന്ദിക്കുകയാണുണ്ടായത്. തുടര്‍ന്ന് ട്രാഫിക് ഇന്‍സ്‌പെക്ടര്‍ ദാനേതി രാമറാവുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും യുവാവിന്റെ വാഹനങ്ങളുടെ മുന്‍കാല റെക്കോര്‍ഡുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.ഡിജിറ്റല്‍ പരിശോധനയില്‍ യുവാവിന്റെ പേരില്‍ യാതൊരുവിധ ട്രാഫിക് ചലാനുകളും നിലവില്‍ കുടിശ്ശികയില്ലെന്ന് കണ്ടെത്തി.

മുമ്പ് അശ്രദ്ധമായി വാഹനം ഓടിച്ചതിനോ മദ്യപിച്ച് വണ്ടിയോടിച്ചതിനോ ഉള്ള കേസുകളോ ഗുരുതരമായ നിയമലംഘനമോ ഇല്ലാത്തതിനാല്‍ വരന് പോലീസ് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. സംഭവത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ കൗതുകകരമായി തോന്നുമെങ്കിലും, ഈ പിതാവിന്റെ തീരുമാനത്തിന് പിന്നില്‍ തികച്ചും വൈകാരികമായ ഒരു പശ്ചാത്തലമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയെ നഷ്ടപ്പെട്ട ഈ വ്യക്തി തന്റെ മകളെ ഒറ്റയ്ക്കാണ് കഷ്ടപ്പാടുകള്‍ക്കിടയില്‍ വളര്‍ത്തിയത്.

challan

പിതാവിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി ബിടെക് ബിരുദം പൂര്‍ത്തിയാക്കിയ മകള്‍ ഇപ്പോള്‍ എഞ്ചിനീയറായി ജോലി ചെയ്യുകയുമാണ്. വര്‍ഷങ്ങളോളം ഒറ്റയ്ക്ക് പരിപാലിച്ച മകള്‍ക്ക് ഭാവിയില്‍ താന്‍ നല്‍കിയ അതേ സ്‌നേഹവും പിന്തുണയും സുരക്ഷിതത്വവും നല്‍കാന്‍ കഴിയുന്ന ഒരു വ്യക്തിയെ തന്നെ ഭര്‍ത്താവായി ലഭിക്കണമെന്ന് പിതാവ് ആഗ്രഹിച്ചിരുന്നു. ട്രാഫിക് റെക്കോര്‍ഡുകള്‍ ഒരു മനുഷ്യന്റെ അച്ചടക്കത്തിന്റെ പരോക്ഷമായ അളവുകോലായി അദ്ദേഹം കണക്കാക്കിയതിനാലാണ് വിവാഹാലോചനയുടെ അന്വേഷണ ഘട്ടത്തില്‍ ഡ്രൈവിംഗ് ഹിസ്റ്ററി പരിശോധന പ്രധാന ഘടകമാക്കിയത്.

പോലീസില്‍ നിന്ന് ലഭിച്ച പോസിറ്റീവ് മറുപടിയില്‍ നിന്ന് വരന്‍ ഉത്തരവാദിത്തമുള്ള പൗരനാണെന്ന് അറിഞ്ഞ ആപിതാവ് പൂര്‍ണ സംതൃപ്തിയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. ഭൂരിഭാഗം മാതാപിതാക്കളും വരന്റെ ജോലി, ശമ്പളം, കുടുംബ പശ്ചാത്തലം എന്നിവയ്ക്ക് മാത്രം മുന്‍ഗണന നല്‍കുമ്പോള്‍, നിയമങ്ങളോടുള്ള ആദരവും പെരുമാറ്റവും വിലയിരുത്താന്‍ തയാറായ ഈ പിതാവിന്റെ സമീപനം ഭാവിയില്‍ കൂടുതല്‍ സ്വീകരിച്ചേക്കാം.

റോഡ് സുരക്ഷിയെയും ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ യഥാര്‍ത്ഥ സംഭവം. റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നത് കേവലം ട്രാഫിക് പോലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ പിഴകളില്‍ നിന്ന് രക്ഷപ്പെടാന്‍ മാത്രമല്ല, അത് ഒരാളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്ന സന്ദേശമാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്.

സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങള്‍ പ്രകടിപ്പിക്കാത്ത വ്യക്തികള്‍ക്ക് വിവാഹാലോചന സമയത്ത് ബുദ്ധിമുട്ടുകള്‍ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഉത്തരവാദിത്തമുള്ള പൗരന്‍മാരായി റോഡ് ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുമല്ലോ. ഗതാഗത നിയമങ്ങള്‍ സ്ഥിരമായി ലംഘിക്കുന്ന അവിവാഹിതരായ ഏതെങ്കിലും യുവാക്കളോ യുവതികളോ നിങ്ങളുടെ പരിചയത്തില്‍ ഉണ്ടെങ്കില്‍ ഈ റിപ്പോര്‍ട്ട് അവര്‍ക്ക് അയച്ച് കൊടുക്കുക.

Article Published On: Sunday, May 31, 2026, 10:00 [IST]
English summary
Andhra pradesh father verifies prospective son in law driving traffic challan record
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X